ബജറ്റ് എന്ന അഭിലാഷപ്പട്ടിക
ഡോ. ജോസ് സെബാസ്റ്റ്യൻ
'ഗോക്കൾ പെരുത്തും മോര് തെണ്ടിക്കൂട്ടിയും' എന്ന വിഷുഫലം പറച്ചിലിനെ ഒാർമിപ്പിക്കുന്നു ഇൗ വർഷത്തെ സംസ്ഥാന ബജറ്റ്. പ്രഖ്യാപനങ്ങളുടെ മലവെള്ളപ്പാച്ചിൽ ഒരുവശത്ത്. മറുവശത്ത്, 'തരിമണിയൊന്നു കൊറിക്കാനില്ല' എന്ന അവസ്ഥയിലുള്ള ഖജനാവ്. ബജറ്റ് പ്രഖ്യാപനങ്ങളെ വെറും അഭിലാഷപ്പട്ടികയാക്കി മാറ്റിയത് ഇൗ സാഹചര്യമാണ്. കേരള സമ്പദ് വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിൻ്റെ പിടിയിലാണ്. രണ്ടുവർഷത്തെ കൊവിഡ് അടച്ചിടലിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. കടകൾ അടക്കമുള്ള നിരവധി ചെറുകിട സംരംഭങ്ങൾ പൂട്ടിപ്പോയി. ഏകദേശം നൂറോളം പേർ ആത്മഹത്യ ചെയ്തു. ഇൗ പശ്ചാത്തലത്തിൽ ഒരു സംസ്ഥാന ബജറ്റിൽനിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ദ്രുതഗതിയിൽ പിടിച്ചുനിർത്തുന്ന പ്രായോഗിക നിർദേശങ്ങളാണ്. ദീർഘകാല വികസനത്തിനുതകുന്ന പദ്ധതികൾ വേണ്ട എന്നല്ല.
ഇൗ വീക്ഷണ കോണിൽനിന്ന് ബജറ്റിനെ നോക്കിക്കാണുമ്പോൾ നിരാശയാണ് ഫലം. സമൂഹത്തിൽ പെട്ടെന്ന് പണം എത്തിക്കാൻ പര്യാപ്തമായ നിർദേശങ്ങൾ ഇല്ലെന്നുതന്നെ പറയേണ്ടിവരും. ക്ഷേമപെൻഷനുകൾ 1600 രൂപയിൽനിന്ന് 1700 രൂപയിലേക്ക് പോലും വർധിപ്പിക്കാനായില്ല. വർധിപ്പിക്കുന്ന തുക ഉടൻതന്നെ വിപണിയിൽ എത്തി വിപണി ചലിപ്പിച്ച് തൊഴിലും വരുമാനവും സർക്കാരിൻ്റെ നികുതി വരുമാനവും വർധിപ്പിക്കുമെന്ന് ധനമന്ത്രിക്ക് അറിയാത്തതല്ല. പക്ഷേ അതിന് ആവശ്യമായ വിഭവങ്ങളില്ല. ഉള്ള വിഭവങ്ങൾ ശമ്പളക്കാർക്കും പെൻഷകാർക്കും കടമെടുത്ത തുകയുടെ പലിശയ്ക്കായി മാറ്റിവച്ചിരിക്കുകയല്ലേ? 100 രൂപ വരുമാനമുണ്ടായാൽ 80 രൂപ ഇൗ വഴിക്ക് പോകും. ബാക്കി 20 രൂപകൊണ്ട് പ്രഖ്യാപനങ്ങൾ നടത്താം എന്നല്ലാതെ ഒരുപാടൊന്നും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനാവില്ല.
ഒന്നോർത്താൻ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ് ഇൗ സ്ഥിതി വിശേഷത്തിലെത്തിച്ചതെന്ന് കാണാൻ വിഷമമില്ല. കൊവിഡ് മഹാമാരിയുടെ വരവ് നേരത്തെ പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ എങ്ങനെയും തുടർഭരണം വേണ്ടേ? സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷകാർക്കും വാരിക്കോരി കൊടുത്തു. 4850 കോടി രൂപയുടെ അധികച്ചെലവ് ഇൗ വർഷം അതുമൂലമുണ്ടായി. ആവർത്തനച്ചെലവ് 12,000 കോടി വേറെ കിടക്കുന്നു. അതൊക്കെയാണ് ഖജനാവിലെത്തുന്ന വരുമാനത്തിൻ്റെ ആദ്യ അവകാശികൾ.
2022 ജൂൺ മാസത്തോടെ ചരക്ക് സേവന നികുതിയുടെ നഷ്ടപരിഹാരം നിലയ്ക്കുമെന്ന ഭീഷണി ഡെമോക്ലസിൻ്റെ വാൾ പോലെ ധനകാര്യ മന്ത്രിയുടെ തലയ്ക്കുമീതെയുണ്ട്. 13,000 കോടി രൂപയുടെ നഷ്ടമാണുണ്ടാകാൻ പോകുന്നത്. ഏതെങ്കിലും കാരണവശാൽ കേന്ദ്രം നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ ശമ്പളവും പെൻഷനും പോലും നിലയ്ക്കും. ആ ഭീഷണി നിലനിൽക്കുന്നതുകൊണ്ടാണ് ക്ഷേമപെൻഷൻ വർധന വേണ്ടെന്നുവച്ചതെന്ന് കരുതണം.
ഇത്തരമൊരു സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ അല്ലേ ഒരു ധനമന്ത്രി നടത്തേണ്ടത്. 2021-2022ലെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചപ്പോൾ അദ്ദേഹം അങ്ങനെ സൂചന നൽകുകയും ചെയ്തതാണ്. പക്ഷേ അതിനുള്ള ബജറ്റ് നിർദേശങ്ങൾ മല എലിയെ പ്രസവിച്ചതുപോലെയായി. ഭൂനികുതി, രജിസ്ട്രേഷൻ, മോട്ടോർ വാഹന നികുതി എന്നിവയിലെ നാമമാത്ര വർധനവിലൂടെ ലക്ഷ്യമിടുന്നത് വെറും 602 കോടി രൂപ. പൊതുവിഭവങ്ങൾ സമാഹരിക്കാൻ ഇത്രമാത്രം ബുദ്ധിമുട്ടുവരത്തക്കവിധം ദരിദ്രമാണോ കേരളം? അല്ല എന്നതാണ് സത്യം.
വർഷങ്ങളായുള്ള കൂട്ടുകക്ഷിഭരണവും ജനപ്രിയതയ്ക്കുവേണ്ടിയുള്ള മത്സരവും പൊതുവിഭവ സമാഹരണത്തിന് സൃഷ്ടിച്ച ദോഷം ചെറുതല്ല. 1957-1958 മുതൽ 1966-1967 വരെയുള്ള പത്തുവർഷം ഇന്ത്യയിലെ സംസ്ഥാനങ്ങൾ സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിന് 4.45 ശതമാനം ഒാഹരിയുണ്ടായിരുന്നു.
2019-2020 ആയപ്പോൾ ഇത് 4.34 ശതമാനമായി കുറഞ്ഞു. കേരളം ദരിദ്രമായിപ്പോയതുകൊണ്ടാണോ ഇതു സംഭവിച്ചത്? അല്ല; ആളോഹരി ഉപഭോഗത്തിൽ 1972-1973ൽ എട്ടാം സ്ഥാനത്തായിരുന്ന കേരളം 1999-2000 മുതൽ ഒന്നാം സ്ഥാനത്താണ്. പക്ഷേ സമാഹരിക്കുന്ന പൊതുവിഭവങ്ങളിൽ 60 ശതമാനത്തിൽ കൂടുതൽ പെട്രോൾ, ഭാഗ്യക്കുറി, മദ്യം,മോട്ടോർവാഹനങ്ങൾ എന്നീ നാല് മേഖലകളിൽനിന്നാണ്.
വിഭവസമാഹരണത്തിന് മാർഗങ്ങളില്ല എന്ന തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുകയാണ്. ശമ്പളത്തിൻ്റെയും പെൻഷൻ്റെയും രൂപത്തിൽ പൊതുവിഭവങ്ങൾ വൻതോതിൽ ഒഴുകിയെത്തുന്ന മധ്യവർഗത്തിൽനിന്നും സമ്പന്ന വർഗത്തിൽനിന്നും പൊതുവിഭവങ്ങൾ സമാഹരിക്കാൻ ഇടതും വലതുമായ മുന്നണികൾ എക്കാലവും വിമുഖരായിരുന്നു. അതിന് മാർഗങ്ങളില്ലാതെയല്ല. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഫീസുകൾ, വൈദ്യുതി തീരുവ, കെട്ടിട നികുതി, തൊഴിൽക്കരം എന്നിങ്ങനെ നിരവധി മാർഗങ്ങൾ നമ്മുടെ സംസ്ഥാന സർക്കാരിനും തദ്ദേശ സർക്കാരുകൾക്കുമുണ്ട്. അവയൊന്നും പ്രയോജനപ്പെടുത്തി ജനങ്ങളുടെ അപ്രീതി എന്തിന് ക്ഷണിച്ചുവരുത്തണം. കടം വാങ്ങി കാര്യങ്ങൾ നടത്താമല്ലോ.
ബജറ്റ് വരുമാനംകൊണ്ട് അടിസ്ഥാന സൗകര്യവികസനം സാധ്യമാകില്ലെന്ന് വന്നതോടെ ബജറ്റിനു പുറത്തുള്ള കടമെടുപ്പ് ആരംഭിച്ചതാണല്ലോ കിഫ്ബി. പക്ഷേ കിഫ്ബിയുടെ കടം വീട്ടുന്നത് ബജറ്റ് വരുമാനത്തിൽനിന്നാണ്.
ഇതിനർഥം ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം പാഴാണ് എന്നല്ല. കേരളത്തെ ഒരു വിജ്ഞാനസമൂഹമാക്കി മാറ്റാനുള്ള ബൃഹത്തായ പദ്ധതികൾ ബജറ്റിലുണ്ട്. നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കത്തവിധം സർവകലാശാലകളെയും കലാലയങ്ങളെയും മാറ്റുന്ന പല നിർദേശങ്ങളും ബജറ്റിലുണ്ട്. അതുപോലെ അടിസ്ഥാന സൗകര്യമേഖലയിൽ വൻ മുതൽമുടക്കാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സ്വകാര്യമൂലധനത്തോടുള്ള സമീപനത്തിലെ മാറ്റങ്ങളുടെ നാന്ദി ബജറ്റിൽ ദർശിക്കാം. സ്വകാര്യ വ്യവസായ പാർക്കുകളും ടൂറിസം രംഗത്തെ പദ്ധതികളും ഉദാഹരണം.
നിർഭാഗ്യവശാൽ പല പദ്ധതികളും ആവർത്തനങ്ങളാണ്. ഉദാഹരണമായി കാർഷിക മേഖലയിലെ മൂല്യവർധനവ് ലക്ഷ്യമാക്കിയുള്ള വ്യവസായ പാർക്കുകളൊക്കെ മുൻ ബജറ്റുകളിലുള്ളവയാണ്. അവയൊന്നും നടപ്പിലായിട്ടില്ലെങ്കിൽ ആവർത്തിക്കുന്നതിൽ തെറ്റ് എന്തെങ്കിലുമുണ്ടോ?
ആത്യന്തിക വിശകലനത്തിൽ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിർദേശങ്ങളിൽ നല്ലൊരു ശതമാനം കടലാസിൽ അവസാനിക്കും. കുറെ എണ്ണത്തിൻ്റെ കാര്യത്തിൽ ഒരു സ്പഷൽ ഒാഫിസറെ നിയമിക്കുകയോ കെട്ടിടം പണി തുടങ്ങുകയോ ഒക്കെയേ നടക്കൂ. കിഫ്ബി ധനസഹായമുള്ള പദ്ധതികളിൽ പുരോഗതി കുറേക്കൂടി വേഗത്തിലായിരിക്കും. കഴിഞ്ഞ ആറു വർഷത്തിനിടെ 70,000 കോടി രൂപയുടെ കിഫ്ബി പദ്ധതികളിൽ 17,000 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്ന് ബജറ്റ് എടുത്തുപറയുന്നു.
കവിതയും കഥയുമായി പരത്തിപ്പറയുന്ന ഡോ. തോമസ് െഎസക്കിൻ്റെ ബജറ്റ് ശൈലിയിൽനിന്ന് മാറി കാര്യമാത്ര പ്രസക്തമായി തൻ്റെ അഭിലാഷങ്ങൾ അക്കമിട്ട് നിരത്തി എന്നതൊഴിച്ചാൽ ബാലഗോപാലിൻ്റെ ബജറ്റിൽ അത്ഭുതങ്ങളൊന്നുമില്ല. അങ്ങനെ പ്രതീക്ഷിച്ച ഇൗ ലേഖകനെപ്പോലെയുള്ളവർ നിരാശരായി എന്നുമാത്രം!
(ധനകാര്യ വിദഗ്ധനും ഗുലാത്തി
ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ
ഫാക്കൽറ്റിയുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."