സ്‌കൂളനുഭവം ; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
തയാറാക്കിയത്: അബ്ദുല്ല വാവൂര്‍
കാലവര്‍ഷത്തിന് ഊക്കുകൂടിയാല്‍ നിറഞ്ഞൊലിച്ചു വരുന്ന കടലുണ്ടിപ്പുഴ കാണാന്‍ വല്ലാത്ത കൗതുകമാണ്. സ്‌കൂള്‍ വിട്ടാല്‍ ഓടിയെത്തുക അവിടേക്കാവും. പുഴയുടെ കുത്തിയൊഴുക്കും നോക്കി ഇരുട്ടുവോളം കരയില്‍ തന്നെ. കൂട്ടുകാരുമൊത്തുള്ള കോട്ടിക്കളിയായിരുന്നു മറ്റൊരു പതിവ്. ഇടയ്ക്ക് കെട്ടുപന്തുണ്ടാക്കി രണ്ട് ടീമായി ഏറ്റുമുട്ടും.
ഓത്തുപള്ളിയിലായിരുന്നു പഠനാരംഭം. അഞ്ചു വരെ പാണക്കാട് സി കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍. നാല് വയസിന്റെ ഓര്‍മയില്‍ എവിടെയോ ഉമ്മയുണ്ട്. പിന്നെ മനസ്സില്‍ ഒരുക്കിക്കൂട്ടി വെച്ചതെല്ലാം ഉമ്മയെ കുറിച്ച് പലരും പറഞ്ഞുകേട്ട കഥകളാണ്.
കോയമ്പത്തൂരിലെ ആശുപത്രിയില്‍ രോഗിയായ ഉമ്മയെ കാണാന്‍ മലപ്പുറത്ത് നിന്ന് ബസ്സില്‍ പോയത് ഓര്‍ത്തെടുക്കും. ഇക്കമാരൊന്നിച്ചുള്ള യാത്രാനുഭവം കൂടിയായതിനാലാവാം മനസ്സില്‍ നിന്നും അത് മാഞ്ഞുപോയിട്ടില്ല. തിരിച്ചു പോരുമ്പോള്‍ ഉമ്മ കൂടെയുണ്ടാകുമെന്ന് ചെറിയ ഇക്കാക്ക പറഞ്ഞിരുന്നു. മടക്കത്തിലും ഞങ്ങള്‍ തനിച്ചായി. ഉമ്മയുടെ മരണമെന്നും നേര്‍ചിത്രങ്ങളായി ചിന്തകളില്‍ വരാറില്ല. ഉമ്മയെ കുറിച്ച് ഇക്കാക്കമാര്‍ പറഞ്ഞുകേട്ടതുണ്ട്. ഞങ്ങളെ നോക്കിയതും പരിപാലിച്ചതുമെല്ലാം അമ്മായിയാണ്. ബാപ്പയുടെ ഇളയ സഹോദരി. ഞങ്ങളുടെ ഉമ്മയായി അവര്‍ വളര്‍ത്തി.
പാണക്കാട്ടെ പഠനത്തിന് ശേഷം ആറാംക്ലാസില്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ ചേരുമ്പോള്‍ ഇളയ ഇക്കാക്ക എസ്.എസ്.എല്‍.സിയാണ്. ഒരുവര്‍ഷം കൂട്ടിന് ഇക്കാക്കയുണ്ട് അവിടെ. വലിയ ഇക്കാക്കയും പഠിച്ചത് അവിടെയാണ്. ചാവക്കാട് പി.വി മുഹമ്മദലി മാസ്റ്റര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍. പിന്നീട് നാരായണ അയ്യരായി. അമ്മായിയുടെ ഭര്‍തൃഗൃഹത്തില്‍ കെ.വി ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിലായിരുന്നു പഠനകാലത്തെ താമസം. സ്‌കൂളിലെ മതപഠനമാണ് ഞങ്ങളെ എം.എമ്മില്‍ ചേര്‍ക്കാന്‍ ബാപ്പയെ പ്രേരിപ്പിച്ചത്. സ്‌കൂളില്‍ നിസ്‌കാരമൊക്കെ സമയത്ത് നിര്‍വഹിക്കണം. മതകാര്യങ്ങളില്‍ വലിയ അവഗാഹമുണ്ടായിരുന്ന മുഹമ്മദ് മോയിന്‍ മാസ്റ്ററായിരുന്നു അറബി അധ്യാപകന്‍.
പ്രധാനാധ്യാപകനായിരുന്ന നാരായണ അയ്യര്‍ നല്ലൊരു ശാസ്ത്രാധ്യാപകന്‍ കൂടിയായിരുന്നു. മാഷിന്റെ ക്ലാസുകള്‍ ശാസ്ത്ര വിഷയങ്ങളില്‍ എന്റെ ഇഷ്ടം കൂട്ടി. ക്ലാസ്മുറിയില്‍ പലപ്പോഴും ഞാന്‍ സ്റ്റുഡന്റ് ടീച്ചറായി. സഹപാഠികള്‍ ശാസ്ത്രത്തിലെ പല സംശയങ്ങള്‍ക്കും നിവാരണം
തേടി എന്റെയടുത്തു വരും.
സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ പ്രതിരോധ നിരയില്‍ സ്റ്റോപ്പര്‍ ബാക്കിലായിരുന്നു എന്റെ സ്ഥാനം. കുറുപ്പ് മാഷായിരുന്നു കായികാധ്യാപകന്‍. പാലാട് മുഹമ്മദ് മാസ്റ്ററായിരുന്നു സാമൂഹ്യശാസ്ത്ര അധ്യാപകന്‍.
സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സ്‌കൂള്‍ അവധിയില്‍ മാനാഞ്ചിറ മൈതാനിയില്‍ ചെന്നിരിക്കുക പതിവായി. കുളക്കരയില്‍ ചുറ്റിത്തിരിഞ്ഞു മൈതാനിയിലെ കളി കണ്ടാണ് മടക്കം. ആറ്റക്കോയ പള്ളിക്കണ്ടി, പി.എം.എന്‍ ആലിക്കോയ, അബൂബക്കര്‍ ജിഫ്രി, ഡോ. മുസ്തഫ ഇവരൊക്കെയായിരുന്നു സഹപാഠികള്‍. മുഹമ്മദ് റാഫിയും എ.വിയും ഏറെ സ്വാധീനം ചെലുത്തിയ പാട്ടുകാരാണ്. സ്‌കൂള്‍ വേദികളില്‍ പാടുക അക്കാലത്ത് വലിയ ത്രില്ലായി കണ്ടു. കലോത്സവങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കുന്ന പുതിയ കാലത്ത് അതിന്റെ അലയൊലി കാണുമ്പോള്‍ ആ കാലം ഓര്‍മയിലെത്തും. പാട്ടുപാടി കുറെ സമ്മാനങ്ങള്‍ നേടിയതും പാടാന്‍ കാലേ കൂട്ടി ഒരുങ്ങിയതുമെല്ലാം രസമുള്ള ഓര്‍മകളാണ്.
ഇടയ്ക്കിടെ ബാപ്പ സ്‌കൂളില്‍ വരും. പഠനകാര്യങ്ങള്‍ ചോദിച്ചറിയും. ഉപദേശങ്ങള്‍ നല്‍കും. സ്റ്റാമ്പ് ശേഖരണമായിരുന്നു അന്നത്തെ വിനോദം. പല രാജ്യങ്ങളുടെയും സ്റ്റാമ്പുകള്‍ ശേഖരത്തില്‍ ഉണ്ടായിരുന്നു. ബാപ്പയ്ക്ക് വരുന്ന കത്തുകളില്‍ നിന്ന് അടര്‍ത്തിയെടുത്തു വെക്കുന്നവയാണ് കൂടുതലും.
മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയിലേക്ക് പോയ സ്റ്റഡി ടൂറിന്റെ ഓര്‍മകള്‍ മതി മനസ്സിലെ ബാല്യത്തെ ഉണര്‍ത്താന്‍. അത്ര ആകാംക്ഷയോടെയായിരുന്നു ആ യാത്ര. പള്‍പ്പ്-ഫൈബര്‍ ഡിവിഷനുകളുടെ പ്രവര്‍ത്തനം അത്ഭുതത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. പേപ്പര്‍ നിര്‍മാണമൊക്കെ വലിയ ആശ്ചര്യമുണ്ടാക്കി.
കോഴിക്കോട്ടെ വാസത്തിനിടയില്‍ മാസത്തില്‍ ഒരിക്കലാണ് പാണക്കാട്ടെ വീട്ടിലേക്കുള്ള വരവ്. ബസ്സിലായിരിക്കും പോക്കും വരവും. കൊണ്ടോട്ടിയില്‍ എത്തുമ്പോള്‍ ഒ.കെയുണ്ടാകും അവിടെ (ഒ.കെ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടു). ഇന്നും അന്നും ഒരേ ഒ.കെ അവിടെ തന്നെ ആ ബസ് സ്റ്റാന്‍ഡില്‍. ഒരു മാറ്റവുമില്ല. ജനജീവിതവുമായി ഇഴുകിച്ചേര്‍ന്ന് എത്ര കാലമായി. ഒ.കെയ്ക്ക് അറിയാത്ത ഒറ്റ ബസും കൊണ്ടോട്ടി വഴി കടന്ന് പോയിട്ടില്ല. എങ്ങോട്ടേക്കാണെലും അദ്ദേഹത്തിന്റെ കൈവിരലുകള്‍ ആ ബസ്സിന് നേരെ ചൂണ്ടിത്തരാനുണ്ടാവും.
(2018ല്‍ കെ.എസ്.ടി.യു മുഖപത്രം ഗുരുചൈതന്യം വാര്‍ഷിക പതിപ്പിന് വേണ്ടി തയാറാക്കിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."