ബി.ജെ.പി തുറന്നുപറയുന്ന സി.പി.എം അന്തര്‍ധാര
വോട്ടര്‍മാരില്‍ നിറഞ്ഞുനിന്നിരുന്ന ആശയക്കുഴപ്പം അവസാനം ബി.ജെ.പി ദേശീയ നേതാവ് ആര്‍. ബാലശങ്കര്‍ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. സി.പി.എമ്മുമായിട്ടാണ് ബി.ജെ.പിക്ക് അന്തര്‍ധാരയുള്ളതെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയത്. ബി.ജെ.പി ബന്ധത്തെ കുറിച്ച് കോണ്‍ഗ്രസും സി.പിഎമ്മും ആരോപണ പ്രത്യാരോപണം നടത്തുകയായിരുന്നു ഇതുവരെ. അധികാര രാഷ്ട്രീയത്തിന്റെ ചുറ്റുവട്ടത്തില്‍നിന്നകന്ന് സഞ്ചരിക്കുകയായിരുന്ന ഒരു ആര്‍.എസ്.എസ് നേതാവ് കേവലമൊരു നിയമസഭാ സീറ്റു നിഷേധത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഒരു കര്‍മത്തിന് മുതിരുമെന്ന് തോന്നുന്നില്ല. ആര്‍.എസ്.എസ് മുഖപത്രമായ 'ഓര്‍ഗനൈസറി'ന്റെ മുന്‍ പത്രാധിപരും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ ആര്‍. ബാലശങ്കര്‍ അവിശുദ്ധമായ ബന്ധത്തെ കുറിച്ച് ഗുരുതരമായ ആരോപണം ഉയര്‍ത്തുന്നുവെങ്കില്‍ ഈ വോട്ട് കച്ചവടം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ദേശീയ നേതൃത്വങ്ങളുടെ അറിവോടെയായിരിക്കണം. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിമാരായ ഇ.എം.എസ് തുടക്കം കുറിച്ച, പ്രകാശ് കാരാട്ടിലൂടെ തിടംവച്ച ബി.ജെ.പി ബാന്ധവം ലാവ്‌ലിന്‍ കേസിലൂടെ അടിയൊഴുക്കായി ഇപ്പോഴും തുടരുന്നുവെന്നര്‍ഥം.
ഫാസിസം ഇന്ത്യയില്‍ എത്തിയിട്ടില്ലെന്ന് സംഘ്പരിവാറിന് ആദ്യ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സി.പി.എം ദേശീയ നേതാവാണ് പ്രകാശ് കാരാട്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിത്തട്ടുമായി യാതൊരു ബന്ധവുമില്ലാത്ത, ജെ.എന്‍.യുവില്‍നിന്ന് ഡയരക്ട് റിക്രൂട്ട്‌മെന്റ് വഴി സി.പി.എം പോളിറ്റ് ബ്യൂറോവില്‍ എത്തിയ നേതാവാണ് അദ്ദേഹം. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെക്കാള്‍ സംസ്ഥാന സി.പി.എം നേതൃത്വത്തിന് പഥ്യം പ്രകാശ് കാരാട്ടായിരുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. സി.പി.എമ്മിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഇ.എം.എസിന്റെ 'ചെകുത്താന്‍' പ്രയോഗമാണെങ്കിലും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ച 2005-2015 കാലഘട്ടമാണെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. സംസ്ഥാന സി.പി.എം നേതൃത്വത്തിന്റെ തെറ്റായ പല നടപടികളെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പല ഘട്ടങ്ങളിലും തുറന്നെതിര്‍ത്തിട്ടുണ്ട്. സംഘ്പരിവാര്‍ ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിനിട്ട് പരാജയപ്പെടുത്താന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് പാലക്കാട് എലപ്പുള്ളി നായര്‍ തറവാട്ടംഗമായ പ്രകാശ് കാരാട്ട്. ബാലശങ്കര്‍ വെളിപ്പെടുത്തിയ സി.പി.എം - ബി.ജെ.പി അന്തര്‍ധാരയ്ക്ക് പാലമായി വര്‍ത്തിച്ചത് പ്രകാശ് കാരാട്ടാണോ എന്നാണിനി അറിയാനുള്ളത്. പ്രകാശ് കാരാട്ടിന്റെ സംസ്ഥാന സി.പി.എം നേതൃത്വവുമായുള്ള ഗാഢബന്ധവും അദ്ദേഹത്തിന്റെ ബി.ജെ.പി അനുകൂല നിലപാടും വച്ച് പരിശോധിക്കുമ്പോള്‍ ഈ സംശയം അസ്ഥാനത്താവില്ല.
എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയില്‍ അനന്തമായി നീട്ടിക്കൊണ്ടുപോവുന്നതോടെയാണ് സി.പി.എം - ബി.ജെ.പി അന്തര്‍ധാരയെക്കുറിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയാരോപണം എന്നതിലുപരി അതില്‍ യാഥാര്‍ഥ്യത്തിന്റെ അംശമുണ്ടെന്ന് ലാവ്‌ലിന്‍ കേസ് 20 തവണയിലധികം മാറ്റിവച്ചതിലൂടെ ബോധ്യപ്പെടുകയായിരുന്നു. ലാവ്‌ലിന്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരേ സി.ബി.ഐ ആണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. വിചാരണ വേഗത്തിലാക്കണമെന്ന് തുടക്കത്തില്‍ ആവശ്യപ്പെട്ട അതേ സി.ബി.ഐ പിന്നെ മലക്കം മറിയുന്നതാണ് കണ്ടത്. ഓരോ തവണയും കേസെടുക്കുമ്പോള്‍ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് സി.ബി.ഐ പതിവാക്കി. അവസാനമായി ഏപ്രിലിലേക്കാണ് കേസ് നീട്ടിവച്ചിരിക്കുന്നത്. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും. വിചാരണവേളയില്‍ സുപ്രിംകോടതിയില്‍നിന്ന് മുഖ്യമന്ത്രിക്കെതിരേ എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍, രാജിവയ്‌ക്കേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാനായിരുന്നില്ലേ ഇത്രയും കാലം കേസ് നീട്ടിവെപ്പിച്ചു കൊണ്ടിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. അതിന്റെ പ്രത്യുപകാരമാണോ ആര്‍. ബാലശങ്കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയ വോട്ട് കച്ചവടം? വി. ശിവന്‍കുട്ടിയെന്ന രണ്ടാംനിര നേതാവിനെ സി.പി.എം നേമത്ത് മത്സരിക്കാന്‍ ഇറക്കിയതിന്റെ പിന്നില്‍ പലതും വായിച്ചെടുക്കാനാകും. സ്വന്തം സ്ഥാനാര്‍ഥിയെ അരികിലിരുത്തി നേമത്ത് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ശക്തനാണെന്ന് സിറ്റിങ് എം.എല്‍.എ ഒ. രാജഗോപാല്‍ പറയണമെങ്കില്‍ ബി.ജെ.പി - സി.പി.എം ബാന്ധവത്തിനുനേരെയുള്ള ചാട്ടുളിയായി ആ വാക് പ്രയോഗത്തെ കാണാവുന്നതാണ്.
റാന്നിയിലെ സിറ്റിങ് സീറ്റ് സി.പി.എം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തത് വോട്ട് കച്ചവടത്തിനാണെന്ന് ബാലശങ്കര്‍ ആരോപിക്കുമ്പോള്‍ തന്നെ, ഇതിലൂടെ ഇടതുമുന്നണിയുടെ സാധ്യത ഇല്ലാതാക്കിയെന്ന് പത്തനംതിട്ട ജില്ലാ സി.പി.എം സെക്രട്ടേറിയറ്റും പറയുന്നു. രണ്ടിനും ഒരേ അര്‍ഥം. റാന്നി പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫ് പ്രതിനിധി പ്രസിഡന്റായത് ഇതിനോടൊപ്പം കൂട്ടിവായിക്കണം.
സി.പി.എം - ബി.ജെ.പി ബാന്ധവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നതിനുകാലം സാക്ഷിയാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് 1977ല്‍ ഇ.എം.എസ് പ്രഖ്യാപിച്ചതിന്റെ അനന്തരഫലമാണ്, തുടര്‍ന്നുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വാജ്‌പേയിയും എല്‍.കെ അദ്വാനിയും ആദ്യമായി കേന്ദ്രമന്ത്രി പദമേറിയത്. പിന്നീട് വി.പി സിങ്ങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയതും ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സി.പി.എമ്മായിരുന്നു. ഇന്ന് കേന്ദ്രഭരണമടക്കം പല സംസ്ഥാനങ്ങളുടെയും ഭരണം ബി.ജെ.പിയുടെ കൈകളിലാണ്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ബി.ജെ.പിക്കാരാണ്. രാജ്യസഭയിലും എന്‍.ഡി.എ ഭൂരിപക്ഷമാണ്. ഇതിനെല്ലാം നാന്ദിയായി തീര്‍ന്നത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന ഇ.എം.എസിന്റെ പ്രഖ്യാപനമായിരുന്നു.
ഇതേ അബദ്ധം തന്നെയായിരുന്നു ജര്‍മ്മനിയിലും അവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭരണം ഒഴിവാക്കുന്നതിനായി, വിശാലമുന്നണി രൂപീകരിക്കാന്‍ ഒരു താല്‍പര്യവും അവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണിച്ചില്ല. ഇ.എം.എസിന് ഇന്ത്യയില്‍ ചെകുത്താനെക്കാളും വലിയ ശത്രു കോണ്‍ഗ്രസായിരുന്നുവെങ്കില്‍, ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് ജര്‍മ്മനിയിലെ സോഷ്യല്‍ ഡമോക്രാറ്റുകളായിരുന്നു. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭരണത്തിന് വഴിയൊരുക്കിയ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഹിറ്റ്‌ലര്‍ ഭരണദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകളായിത്തീരുകയും ചെയ്തു.
ചരിത്രം നല്‍കിയ പാഠം പഠിക്കാതെയാണ് ആര്‍.എസ്.എസ് പ്രമുഖന്‍ തന്നെ വെളിപ്പെടുത്തിയ ബി.ജെ.പി - സി.പി.എം അന്തര്‍ധാര കേരള രാഷ്ട്രീയത്തില്‍ ഒഴുക്കുവാന്‍ സി.പി.എം കൂട്ടുനില്‍ക്കുന്നത്. അധാര്‍മികമായ ഈ ബന്ധത്തില്‍നിന്ന് സി.പി.എം എത്രയും പെട്ടെന്ന് പിന്മാറി സംസ്ഥാനത്തിന്റെ മതനിരപേക്ഷ രാഷ്ടീയ പാരമ്പര്യത്തിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."