ഒരേയൊരു റോണോ
ലണ്ടൻ
തന്റെ കാലം കഴിയാറായിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരായ മത്സരത്തിൽ ഹാട്രിക് നേട്ടത്തോടു കൂടി ലോക റെക്കോഡ് സൃഷ്ടിച്ചാണ് റോണോ വിമർശകരുടെ വായടപ്പിച്ചത്. പ്രൊഫഷനൽ ഫുട്ബോളിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോളെന്ന റെക്കോഡ്. ഓസ്ട്രിയയുടെ ജോസഫ് ബിക്കാനെ കുറിച്ച റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. നേരത്തേ 805 ഗോളുമായി ഈ പദവി അലങ്കരിച്ച ബിക്കാനെയെ നിലവിൽ 807 ഗോളുകൾ സ്വന്തം പേരിലാക്കിയാണ് റോണോ മറികടന്നത്. റൊണാൾഡോ ഈ സീസണിൽ നേടുന്ന ആദ്യ ഹാട്രിക്കാണിത്. യുണൈറ്റഡ് ജഴ്സിയിൽ 14 വർഷത്തിനിടെ നേടുന്ന ആദ്യ ഹാട്രിക്കും കൂടിയാണിത്. ഇതിനു മുൻപ് 2008 ജനുവരിയിൽ ന്യൂകാസിലിനെ യുനൈറ്റഡ് 6-0ന് തോൽപ്പിച്ച മത്സരത്തിലാണ് റൊണാൾഡോ ഹാട്രിക് നേടിയത്.
റോണോ ഹാട്രിക്കുമായി തിളങ്ങിയ പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടത്തിൽ യുനൈറ്റഡ് ടോട്ടനത്തെ 3-2ന് പരാജയപ്പെടുത്തി ചാംപ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ടോട്ടനത്തിന് വേണ്ടി കെയിൻ ഒരു ഗോൾ നേടിയപ്പോൾ ഹാരി മഗ്വെയർ സെൽഫ് ഗോളും സമ്മാനിച്ചു. ജയത്തോടെ യുനൈറ്റഡ് പോയിന്റ് പട്ടികയിൽ 50 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാമതുള്ള ചെൽസിയുമായി ആറ് പോയിന്റിന്റെ വ്യത്യാസം. അവസാന എട്ടു മത്സരങ്ങളിൽ ടോട്ടനത്തിന്റെ അഞ്ചാം തോൽവിയാണിത്.
കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് ഒരു ഗോളിന്റെ ക്ഷീണവുമായെത്തിയ റോണോയെയല്ല പിന്നീട് കണ്ടത്. ടോട്ടനത്തിന്റെ പ്രതിരോധ നിര ഒറ്റക്കെട്ടായി താരത്തെ മാർക്ക് ചെയ്തിട്ടും പഴുതുകൾ ഗോളാക്കി മാറ്റിയാണ് യുനൈറ്റഡിന്റെ വിജയനായകനായത്.
12ാം മിനുട്ടിൽ 27 വാര അകലെ നിന്ന് തൊടുത്ത ഗോളോടെയാണ് റൊണാൾഡോ ബിക്കാനെയുടെ റെക്കോഡിനൊപ്പമെത്തിയത്. 35ാം മിനുട്ടിൽ പന്ത് ലക്ഷ്യസ്ഥാനത്തെത്തിച്ച് കെയ്ൻ ടോട്ടനത്തെ സമനിലയിലാക്കി. മൂന്ന് മിനുട്ടുകൾക്കകം റൊണാൾഡോയുടെ കാലുകളിൽ നിന്ന് വീണ്ടും വല തുളഞ്ഞതോടെ യുനൈറ്റഡ് 2-1ന് മുന്നിൽ. 72ാം മിനുട്ടിൽ ഹാരി മഗ്വെയറിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ടോട്ടനത്തിന്റെ മറ്റൊരു ഗോൾ പിറന്നത്. സ്കോർ 2-2 ആയതോടെ ഇരുടീമും ലീഡ് ലക്ഷ്യം വച്ച് കളിച്ചെങ്കിലും റോണോയുടെ ഹാട്രിക് നേട്ടം ടോട്ടനത്തിന് വിജയം നിഷേധിച്ചു. 81ാം മിനുട്ടിൽ തകർപ്പനൊരു ഹെഡ്ഡറിലൂടെ 37കാരൻ യുനൈറ്റഡിന്റെ വിജയശിൽപിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."