ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടും കരുതിയിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് താപനില സാധാരണയിലും ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.
കൊല്ലം 36.5 , ആലപ്പുഴ 33.5, കോട്ടയം 34.4, തൃശൂർ 35.5, കോഴിക്കോട് 33.3, കണ്ണൂർ 34.3 ഡിഗ്രിസെൽഷ്യസ് എന്നിങ്ങനെയാണ് സാധാരണ ഗതിയിൽ ലഭിക്കേണ്ടത്. എന്നാൽ ഇന്ന് ഈ നിലയിൽ മാറ്റം വരുമെന്നാണ് പ്രവചനം. സൂര്യാഘാത സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ എപ്പോഴും കുടിവെള്ളം കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികളെ വിനോദ സഞ്ചാരത്തിനു കൊണ്ടുപോകുമ്പോൾ 11 മണിക്കും മൂന്ന് മണിക്കുമിടയിൽ അവർക്ക് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രായമായവർ, രോഗികൾ, ഗർഭിണികൾ തുടങ്ങിയവരുടെ കാര്യത്തിലും ശ്രദ്ധ വേണം. തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിക്കുന്നതിനുള്ള ലേബർ കമ്മിഷണറുടെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവരുടെ കാര്യം ബന്ധപ്പെട്ട സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മാധ്യമപ്രവത്തകരും പൊലിസുകാരും വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."