തിഹാറിൽ ഒന്നിച്ച്; ഉമർ ഖാലിദിനെ ഗുസ്തി പഠിപ്പിച്ച് സുശീൽ കുമാർ
ന്യൂഡൽഹി
ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽക്കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെ ഗുസ്തി പഠിപ്പിച്ച് സഹതടവുകാരനും ഒളിംപിക്സ് ഗുസ്തി ജേതാവുമായ സുശീൽ കുമാർ. ഉമർ ഖാലിദിനു പുറമേ മറ്റുചില തടവുകാരും ചില ജയിൽ ഉദ്യോഗസ്ഥരും സുശീൽ കുമാറിന് ശിഷ്യപ്പെട്ടു. സാഗർ ധാൻകർ കൊലക്കേസിലാണ് സുശീൽ കുമാർ ജയിലിലായത്. ജയിൽ സെല്ലിനുള്ളിൽ സുശീൽ കുമാർ വ്യായാമം തുടങ്ങിയതോടെ സഹതടവുകാർ കൂടെക്കൂടി.
കൊവിഡ് വ്യാപന കാലത്ത് പുറത്ത് വ്യായാമം ചെയ്യാൻ അനുമതി ലഭിച്ചതോടെ അത് ഗുസ്തി പരിശീലന ക്ലാസായി. നിലവിൽ ഉമർ ഖാലിദ് ഉൾപ്പെടെ എട്ടു തടവുകാരാണ് സുശീൽ കുമാറിന്റെ ശിഷ്യർ. കൂടാതെ ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. പരിശീലനം സൗജന്യമാണ്. പരിശീലനത്തിന് ചില ഉപകരണങ്ങൾ ആവശ്യമാണെങ്കിലും ജയിൽ ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ നൽകിയിട്ടില്ല. അതിനാൽ ലഭ്യമായ സൗകര്യം ഉപയോഗിച്ചാണ് പരിശീലനം. ഭാരമെടുക്കൽ പരിശീലനം ബക്കറ്റിൽ വെള്ളം നിറച്ചും കല്ലുകൾ ഉപയോഗിച്ചുമാണ്.
കഴിഞ്ഞ ജൂണിലാണ് സുശീൽ കുമാർ തിഹാർ ജയിലിലെത്തിയത്. 23കാരനായ ഗുസ്തി താരത്തെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2012ലെ ലണ്ടൻ ഒളിംപിക്സിൽ സ്വർണവും 2008ലെ ബീജിങ് ഒളിംപിക്സിൽ വെങ്കലവും നേടിയ താരമാണ് സുശീൽ കുമാർ. 2010ലെ മോസ്കോ ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടി. കോമൺവെൽത്ത് ഗെയിംസുകളിലും മറ്റനേകം ചാംപ്യൻഷിപ്പുകളിലും സ്വർണം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."