കെ റെയില്‍: പൊലിസ് ആറാടുകയാണ് ; സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചു. പ്രമേയം അവതരിപ്പിച്ച് പി.സി വിഷ്ണുനാഥ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമായാണ് സര്‍ക്കാരും പൊലിസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കാന്‍ എന്തു ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പൊലിസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരെ കുട്ടികളുടെ മുന്നില്‍വച്ച് പൊലീസ് വലിച്ചിഴക്കുകയാണ്. പദ്ധതിയുടെ പേരില്‍ പൊലിസ് അഴിഞ്ഞാടുകയാണ്. പൊലിസ് ഉള്‍പ്പെടുന്ന സംഘം വീട്ടിലേക്കു കയറിവന്ന് മാനദണ്ഡം പാലിക്കാതെ മഞ്ഞക്കല്ലിടുകയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ പേരില്‍ സാമൂഹിക അതിക്രമമാണ് നടക്കുന്നത്.
എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പൊലിസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പൊലിസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.
അടുക്കളയില്‍വരെ പദ്ധതിക്കായി കല്ലിടുന്നു. പദ്ധതി സമ്പന്നര്‍ക്കായി മാത്രമുള്ളതാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാനും തെറ്റായ അഭിമാനം ഉയര്‍ത്തിക്കാണിക്കുന്നതിനുമുള്ള പൊങ്ങച്ചപദ്ധതിയാണ് സില്‍വര്‍ ലൈന്‍. മുംബൈ -അഹമ്മദാബാദ് പാതയെ എതിര്‍ത്ത് സമരം ചെയ്യുകയും ഇവിടെ സില്‍വര്‍ ലൈനെ അനുകൂലിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അത് ചെയ്യാത്ത വിനാശകരമായ ഈ പദ്ധതിയുടെ മഞ്ഞക്കുറ്റിക്ക് കാവല്‍നില്‍ക്കുകയാണ്. ലോകസമാധാനത്തിന് രണ്ടുകോടിയും മലയാളിയുടെ സമാധാനം കളയാന്‍ 2000 കോടിയും- ബജറ്റില്‍ സില്‍വര്‍ ലൈന്‍ പ്രാരംഭപദ്ധതിക്കു വേണ്ടി 2000 കോടി നീക്കിവെച്ചതിനെ പരോക്ഷമായി പരാമര്‍ശിച്ച് വിഷ്ണുനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."