രൂക്ഷമാകുന്ന തൊഴിലില്ലായ്മ
രാജ്യത്തെ തൊഴിലില്ലായ്മ പതിനാറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി (സി.എം.ഐ.ഇ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. നവംബറിൽ തൊഴിലില്ലായ്മ എട്ട് ശതമാനമായിരുന്നത് ഡിസംബറിൽ എത്തിയപ്പോൾ 8.3 ശതമാനമായി ഉയർന്നു. ഗ്രാമീണമേഖലയിലുള്ളതിനേക്കാൾ നഗരമേഖലയിൽ തൊഴിലില്ലായ്മ കൂടുതലാണ്. നഗരമേഖലയിൽ നവംബറിൽ 8.96 ശതമാനമുണ്ടായിരുന്നത് ഡിസംബറിൽ 10.09 ശതമാനമായി ഉയർന്നു.
ഐ.ടി കമ്പനികൾ കഴിഞ്ഞ വർഷാവസാനം വൻതോതിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. അതിപ്പോഴും തുടരുന്നു. ട്വിറ്റർ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയുണ്ടായി. പിരിച്ചുവിടൽ അവസാനിച്ചിട്ടുമില്ല. പുതിയ വർഷത്തിലും വിവിധ മേഖലകളിൽ തൊഴിലില്ലായ്മ രൂക്ഷമാകും.
കഴിഞ്ഞ വർഷാവസാനത്തിലാണ് സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നത്. ധനകാര്യ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവും പുറപ്പെടുവിക്കുകയുണ്ടായി. സർക്കാർ തീരുമാനത്തിനെതിരേ യുവജന സംഘടനകൾ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയതോടെ തീരുമാനം പിൻവലിക്കേണ്ടിവന്നു. തീരുമാനം നടപ്പായിരുന്നെങ്കിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മാപ്പടയിൽ യുവാക്കളുടെ എണ്ണം വർധിക്കുമായിരുന്നു. താൽക്കാലിക സാമ്പത്തിക ലാഭം മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാർ വിരമിക്കൽ പ്രായം വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. അത്തരം തീരുമാനങ്ങൾ ദീർഘകാല പ്രത്യാഘാതങ്ങളാണ് തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്നതെന്ന് ഭരണകൂടങ്ങൾ ഓർക്കുന്നില്ല.
രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക്ഡൗണിൽ വ്യവസായ, വാണിജ്യ കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് അനുകൂല സാമ്പത്തിക നയത്തിൽ സാധാരണക്കാർ ക്ലേശിക്കുന്നതിനിടയിലാണ് കൊവിഡ് ആഘാതവുംകൂടി തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. ഈ ഇരട്ടപ്രതിസന്ധിയിൽനിന്ന് രാജ്യം ഇപ്പോഴും കരകയറിയിട്ടില്ലെന്നാണ് സി.എം.ഐ.ഇ പുറത്തുവിട്ട റിപ്പോർട്ടിൽ നിന്ന് മനസിലാകുന്നത്. കൊറോണ വിപത്ത് രാജ്യത്തെ ചുറ്റിപ്പറ്റി ഇപ്പോഴുമുണ്ട്. ജനുവരി മധ്യത്തോടെ വൈറസ് വ്യാപനമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. അത്തരം സാഹചര്യമുണ്ടായാൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന വിധം തൊഴിലില്ലായ്മ ഭീതിദ അവസ്ഥയിലെത്തിയേക്കാം.
ഇന്ത്യയെ ദരിദ്രരുടെ എണ്ണം കൂടിവരുന്ന രാജ്യമായിട്ടാണ് സാമൂഹിക സ്വതന്ത്ര സംഘടനയായ പ്യൂ റിസർച്ച് സെന്റർ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 60 ദശലക്ഷത്തിൽ നിന്ന് വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും പ്യൂ റിസർച്ച് സെന്ററിന്റെ കണക്കിൽ പറയുന്നുണ്ട്. വിപണി മന്ദീഭവിക്കുമ്പോൾ തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുമെന്നത് സാധാരണമാണ്. ഇതനുസരിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കാണ് പരുക്കേൽക്കുന്നത്. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകാതിരുന്നതാണ് അവസ്ഥ ഇത്രത്തോളം വഷളാകാൻ കാരണം.
ഐ.ടി കമ്പനികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുമ്പോൾ തൊഴിൽരഹിതർക്ക് തൊഴിൽ കൊടുക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഒഴിവുള്ള തസ്തികകളിൽ പോലും നിയമനങ്ങൾ നടത്തുന്നില്ല. സംസ്ഥാനത്തെ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളുണ്ടെങ്കിലും അവയൊന്നും നികത്തപ്പെടുന്നില്ല. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും ഒഴിവുള്ള തസ്തികകളിൽ നിയമനങ്ങൾ ഉണ്ടാകുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകളാണുള്ളത്. ഇവിടെ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനവുമാണ് നടത്തിവരുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അപ്രഖ്യാപിത നിയമനനിരോധനങ്ങൾ ഏർപ്പെടുത്തുകയും ഐ.ടി കമ്പനികളിലും മറ്റു സ്വകാര്യ കമ്പനികളിലും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയും കൊവിഡിനാൽ ദിവസ വേതനക്കാർ, തെരുവോര കച്ചവടക്കാർ, ഗാർഹിക തൊഴിലാളികൾ എന്നീ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ അവസ്ഥയിൽ തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകുമെന്നാണ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ വിശകലനത്തിലുള്ളത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുപ്രകാരം അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 400 ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കൊവിഡ് ഏൽപിച്ച സാമ്പത്തികാഘാതവും സാമൂഹികാഘാതവും ഇപ്പോഴും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. സർക്കാരുകൾക്കാകട്ടെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യണമെന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ദാരിദ്ര്യവും പട്ടിണിയും വർധിക്കുകയാണ്. തൊഴിലും കൂലിയുമില്ലാതെ, കാർഷികോൽപ്പന്ന മുരടിപ്പിലൂടെ, വിലക്കയറ്റത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതമാണ് വഴിമുട്ടിപ്പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."