സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യസുരക്ഷ പരിശോധന നടത്തും; കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ പരിശോധനകള്‍ നടത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മായം കലര്‍ന്ന ഭക്ഷണം വിതരണം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളില്‍മേല്‍ കൃത്യമായി പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയില്‍മേലും പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."