'ഇളം തലമുറകളുടെ മനസിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്നു' കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിനെതിരെ ആഞ്ഞടിച്ച് പി.കെ അബ്ദു റബ്ബ്
കോഴിക്കോട്: കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബും. ഇളം തലമുറകളുടെ മനസിലേക്ക് പോലും ഇസ്ലാംഭീതി സൃഷ്ടിക്കുന്ന ചിത്രീകരണമാണ് കലോത്സവവേദിയില്‍ നടന്നത്. ഇത് നടക്കുമ്പോള്‍ തിരിഞ്ഞുനിന്ന് അതിനെതിരെ ചോദിക്കാന്‍ ആരുമുണ്ടായില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
കോഴിക്കോട് മുജാഹിദ് സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓര്‍മ്മപ്പെടുത്തി 'മഴു ഓങ്ങി നില്‍പ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്'. കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരുംനിര്ത്താതെ കയ്യടിച്ചു.
രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്കൂള്‍ യുവജനോത്സവമാണ് വേദി. മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുന്നില്‍വെച്ചാണ് മുസ്ലിം വേഷധാരിയായ ആളെ ഭീകരവാദിയായി ചിത്രീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് മുജാഹിദ് സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓര്‍മ്മപ്പെടുത്തി 'മഴു ഓങ്ങി നില്‍പ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരും നിര്‍ത്താതെ കയ്യടിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്കൂള്‍ യുവജനോത്സവമാണ് വേദി, മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസ മന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം. സ്വാഗത ഗാനത്തോടൊപ്പമുള്ള ചിത്രീകരണത്തില്‍ തലയില്‍കെട്ട് ധരിച്ച ഒരാള്‍ വരുന്നു. തീര്‍ത്തും മുസ്ലിം വേഷധാരിയായ അയാളെ ഭീകരവാദിയെന്നു തോന്നിപ്പിക്കും വിധമാണ് ചിത്രീകരണം. ഒടുവില്‍ പട്ടാളക്കാര്‍ വന്നു അയാളെ കീഴ്പ്പെടുത്തുന്നതാണ് രംഗം. ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോള്‍ സംഘാടകരോട് തിരിഞ്ഞു നിന്നു ചോദിക്കാന്‍ ആരുമുണ്ടായില്ല. ഓങ്ങി നില്ക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത്
നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം.'അതായത് കോയാ...നിങ്ങള്‍ അങ്ങോട്ട് പോണ്ടാ, ഓരെ
ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേ!
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗത ഗാനത്തിലെദൃശ്യാവിഷ്കാരത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കവി പി.കെ ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന് സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
മത സൗഹാര്‍ദവും മാനുഷികതയും ഊന്നിപ്പറയുന്ന ഗാനത്തില്‍ കോഴിക്കോടിന്റെ മഹിത പാരമ്പര്യവും ഇഴചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തില് ഇന്ത്യന്‍ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് രൂക്ഷമായ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."