ഉക്രൈൻ നഗരങ്ങൾ പൂർണ നിയന്ത്രണത്തിലാക്കുമെന്ന് റഷ്യ
മോസ്‌കോ
ഉക്രൈനിലെ പ്രധാന നഗരങ്ങളുടെ പൂർണ നിയന്ത്രണം കൈക്കലാക്കുമെന്ന് റഷ്യ. ഉക്രൈനിൽ ലക്ഷ്യങ്ങൾ നേടാനുള്ള സൈനികശേഷി റഷ്യക്കുണ്ടെന്നും ചൈനയുടെ സഹായം ആവശ്യമില്ലെന്നും യു.എസിനുള്ള മറുപടിയായി റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
ഉക്രൈനിലെ പ്രധാന നഗരങ്ങളിൽ പലതും റഷ്യൻ സേന വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഉക്രൈനിൽ യു.എൻ സമാധാന സേനയെ അയക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ നീക്കത്തെ റഷ്യ എതിർക്കും. ഉക്രൈനിൽ യു.എൻ സമാധാന സേനയെ അയക്കാൻ റഷ്യ മതിയായ കാരണങ്ങൾ കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അധിനിവേശം പ്രതീക്ഷിച്ചത്ര വേഗത്തിൽ നടക്കുന്നില്ലെന്ന് റഷ്യൻ നാഷനൽ ഗാർഡ് മേധാവി വിക്ടർ സൊലോടോവ് പറഞ്ഞു. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നതായി പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു വ്യക്തമാക്കി. അതിനിടെ ഉക്രൈനിൽ 636 സാധാരണക്കാർ ഇതുവരെ കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. കീവിനു സമീപമുള്ള ആന്റോനോവ് വിമാനനിർമാണശാലയ്ക്കു നേരേയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഉക്രൈനിലെ ഏറ്റവും വലിയ വിമാനനിർമാണ കമ്പനിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."