വാളയാര്‍ അമ്മ മത്സരിക്കുമ്പോള്‍
...
സമരങ്ങള്‍ ഏതെങ്കിലും പ്രത്യേക കാലത്ത് രൂപപ്പെടുന്നതല്ല. എന്നാല്‍ ചില പ്രത്യേക കാലത്തെ സമരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളം തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് വരുന്ന സമയത്താണ് വാളയാറിലെ അമ്മ നീതിക്കുവേണ്ടി തല മുണ്ഡനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ ഇത്തരം സമരമാര്‍ഗങ്ങള്‍ അവര്‍ പ്രഖ്യാപിച്ചതാണ്. അതു പ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതിന്റെ അടുത്ത ദിവസം ഫെബ്രവരി 28ന് അവര്‍ തല മുണ്ഡനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാണ് അതുവഴി ചോദ്യം ചെയ്തത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ സമരപന്തലില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റു ചിലരും തല മുണ്ഡനം ചെയ്തു. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് നാലിന് കാസര്‍കോട് നിന്ന് ആരംഭിച്ച 'നീതി യാത്ര' കേരളത്തിലെ നഗര, ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി മാര്‍ച്ച് 15ന് തൃശൂരില്‍ അവസാനിപ്പിച്ചത്. നേരത്തെ നിശ്ചയിച്ച പ്രകാരം ഏപ്രില്‍ ഒന്‍പതിന് യാത്ര തിരുവനന്തപുരത്താണ് അവസാനിക്കേണ്ടത്. ആ തീരുമാനത്തെ മാറ്റിയത് വാളയാര്‍ അമ്മ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ്.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നാള്‍വഴികള്‍ കേരളത്തിന് പരിചിതമാണ്. കേസ് അട്ടിമറിച്ചതിനെതിരേ നടത്തിയ പോരാട്ടത്തിന്റെ ഫലമായിട്ട് കൂടി കാണാം കേസിന്റെ പുനര്‍വിചാരണ ഉത്തരവിനെ. പാലക്കാട്ടെ പോക്‌സോ കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എം. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഇപ്പോഴത്തെ നീതി യാത്ര കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ്. പൊലിസ് ഉദ്യോഗസ്ഥരായ സോജന്‍, ചാക്കോ എന്നിവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ഈ സമരത്തിന് മറ്റ് ചില രാഷ്ട്രീയ തലങ്ങള്‍ കൂടിയുണ്ട്.
2017 ജനുവരി 13 നാണ് പതിമൂന്ന് വയസായ മൂത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനുശേഷം ഒന്‍പതു വയസുള്ള രണ്ടാമത്തെ പെണ്‍കുട്ടി 52 ദിവസത്തെ വ്യത്യാസത്തില്‍ സമാന രീതിയില്‍ മരണപ്പെടുന്നു. ആദ്യത്തെ പെണ്‍കുട്ടി മരിക്കുന്നതിന്റെ ദൃക്‌സാക്ഷിയാണ് രണ്ടാമത്തെ പെണ്‍കുട്ടി എന്നാണ് പറയുന്നത്. ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതിന്റെ കാരണം, പൊലിസിന്റെ അന്വേഷണം ശരിയായ വഴിയില്‍ അല്ലെന്ന് അന്നേ പരാതിയുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് 2019 ഒക്ടോബര്‍ 29 ലെ കേസിലെ വിധി. എല്ലാ പ്രതികളെയും അന്ന് കോടതി വെറുതെ വിട്ടു. ഇതിനെതിരേ വ്യാപകമായ പരാതി നിലനില്‍ക്കെ കേസ് അന്വേഷിച്ച പൊലിസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിച്ചതുമായി ബന്ധപ്പെട്ട നിരവധി തെളിവുകളാണ് വാളയാര്‍ സമരസമിതി ഇക്കാലമത്രയും കേരളീയ സമൂഹത്തിന് മുമ്പില്‍ വെച്ചത്. അതൊന്നു നവോത്ഥാന കേരളത്തിലെ രാഷ്ട്രീയ വിഷയമായി വന്നില്ല. രാഷ്ട്രീയനിരീക്ഷകരും സാംസ്‌ക്കാരിക ബുദ്ധിജീവികളും വാളയാര്‍ അമ്മയുടെ നീതിക്ക് വേണ്ടിയുള്ള നിലവിളി കേട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ ചോദിക്കുന്നു അവര്‍ എന്തിന് മത്സരിക്കുന്നു എന്ന്. അത്തരം ചോദ്യം ഉന്നയിക്കുന്നവര്‍ ഇത്ര കാലമായി ഈ അമ്മയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്ത് പങ്കാണ് വഹിച്ചത്. അവര്‍ മത്സരിക്കുന്നത് ജയിക്കാനല്ല. മറിച്ച് ജനാധിപത്യത്തില്‍ സമരാത്മകമായ ഇത്തരം ഇടപെടല്‍ നീതി നിഷേധത്തിന്റെ കാഠിന്യത്തെ തുറന്നു പിടിക്കും. അതിന്റെ ഭാഗമാണ് തലമുണ്ഡനം ചെയ്ത് അമ്മ മരിച്ച മക്കളെ ചേര്‍ത്ത് പിടിച്ച് കേരളത്തിലെ നഗര, ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് നീതിക്ക് വേണ്ടി യാചിച്ചത്. ആ കാഴ്ച എത്ര പേരെ അസ്വസ്ഥതപ്പെടുത്തി. അവര്‍ മത്സരിക്കുന്നതിനെ അസഹിഷ്ണതയോടെ കാണുന്നവര്‍ ചിന്തിക്കേണ്ട വിഷയമാണത്.
കേരളത്തിന്റെ സവിശേഷ സാമൂഹിക ബോധത്തില്‍ നീതിയെ നിര്‍ണയിക്കുന്നതില്‍ ഇരയുടെ ജാതിക്ക് എന്തെങ്കിലും പങ്കുണ്ട് എന്നു പറഞ്ഞാല്‍ പുരോഗമന ചിന്താഗതിക്കാര്‍ സമ്മതിക്കില്ല. കാരണം, നീതിക്ക് മുമ്പില്‍ ജാതിയല്ല തെളിവാണ് പ്രധാന പരിഗണന എന്നവര്‍ പറയും. അതാണ് ശരി. അപ്പോഴാണ് ഈ തെളിവിന്റെ കൃത്യതയില്‍ ചിലരുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് ബോധപൂര്‍വമായ തെറ്റ് സംഭവിക്കുന്നു എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്. വാളയാറിലെ കുട്ടികള്‍ സവര്‍ണ കുടുംബത്തില്‍പ്പെട്ടവരാണെങ്കില്‍ അന്വേഷണത്തിന്റെ രീതി ഇങ്ങനെയായിരിക്കില്ല. രാഷ്ട്രീയ സംവിധാനങ്ങളും ഉദ്യോഗസ്ഥ വര്‍ഗവും നീതിക്കുവേണ്ടി പരമാവധി സൂക്ഷമത പുലര്‍ത്തും. വാളയാര്‍ കേസില്‍ അതുണ്ടായില്ല എന്നു മാത്രമല്ല, ഇപ്പോഴും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമം നടന്നു വരുന്നു.
വളയാര്‍ നീതി യാത്ര ആവശ്യപ്പെട്ടത് കുട്ടികള്‍ക്ക് നീതിനിഷേധിക്കുന്നതില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ പൊലിസ് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതാണ്. എന്തുകൊണ്ട് സര്‍ക്കാര്‍ അതിന് തയാറാവുന്നില്ല. ഇവിടെയാണ് ഈ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ തിരിച്ചറിയേണ്ടത്. സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് നീതിനിഷേധം ഉണ്ടാകുമ്പോള്‍ അധികാരവും അതിനെ താങ്ങിനിര്‍ത്തുന്ന വ്യവസ്ഥയും ഭരണകൂട സംവിധാനങ്ങളും ഇത്തരം മനുഷ്യര്‍ക്കെതിരേ നില്‍ക്കുന്നത് കേരളത്തിന് ഭൂഷണമല്ല. കാരണം, കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ജാതിക്കെതിരേയും നീതിനിഷേധത്തിനെതിരേയും നടത്തിയ നിരന്തരമായ പോരാട്ടത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന ജനാധിപത്യാവകാശങ്ങള്‍. അത് ആരുടെയെങ്കിലും താല്‍പര്യത്തിനനുസരിച്ച് മാറ്റിയെടുക്കുന്നതിനെ ചോദ്യം ചെയ്യേണ്ടത് ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല.
കേരളത്തിന് പുറത്തെ ഇത്തരം നീതി നിഷേധത്തില്‍ നിറഞ്ഞാടുന്ന നമ്മള്‍ക്ക് സ്വന്തം മുറ്റത്തെ നീതിനിഷേധത്തെ കാണാന്‍ കഴിയുന്നില്ല. ഇര നീതിക്കുവേണ്ടി സമൂഹത്തില്‍ ഇറങ്ങി യാചിക്കുമ്പോള്‍ ഇരയുടെ സ്ഥാനത്ത് നാമാണെന്ന് ചിന്തിച്ചുനോക്കൂ. അപ്പോള്‍ നമ്മുടെ ഉള്ളു പൊള്ളും. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കുറ്റക്കാര്‍ക്ക് കൃത്യമായ ശിക്ഷ നല്‍കുകയാണ് വേണ്ടത്.
വളയാര്‍ അമ്മ ധര്‍മ്മടത്ത് മത്സരിക്കുന്നതോടുകൂടി വലിയ സന്ദേശമാണ് രാഷ്ട്രീയ ഭരണസംവിധാനങ്ങള്‍ക്ക് നല്‍കുന്നത്. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിന് നീതിക്ക് ഒപ്പം നില്‍ക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ അതേ ജനാധിപത്യത്തിലൂടെ ഇരകള്‍ രാഷ്ട്രീയ അധികാരമാര്‍ഗ്ഗത്തെ തങ്ങളുടെ പ്രതിരോധ മാര്‍ഗമായി ഉപയോഗിക്കും. ധര്‍മ്മടത്തെ മത്സരം നല്‍കുന്ന സന്ദേശം അതാണ്. അവിടെ ആരു പിന്തുണയ്ക്കുന്നുവെന്നതും പിന്തുണയ്ക്കാതിരിക്കുന്നതും അത്ര ഗൗരവപ്പെട്ട വിഷയമല്ല. ഒരു ഭരണകൂടത്തിന്റെ നീതിബോധത്തോടുള്ള സമരമാണ് ആ അമ്മയുടേത്. ജനാധിപത്യക്രമത്തില്‍ മറുപടി പറയാന്‍ ഭരണകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."