ദിലീപിനും അഭിഭാഷകനുമെതിരേ മൊഴി നൽകണം ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹരജി
സ്വന്തം ലേഖകൻ
കൊച്ചി
ദിലീപിന്റെ ഫോണിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷന്റെ നിർദേശ പ്രകാരം ഇവ നശിപ്പിച്ചെന്നും മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് സൈബർ ഫോറൻസിക് വിദഗ്ധൻ ഹൈക്കോടതിയിൽ. കോഴിക്കോട് സ്വദേശിയായ സൈബർ ഫോറൻസിക് വിദഗ്ധൻ സായ് ശങ്കറാണ് ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകനായ ബി. രാമൻപിള്ളയ്ക്കുമെതിരേ മൊഴി നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസഥൻ ബൈജു പൗലോസും മേലുദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി സുദർശനനും പീഡിപ്പിക്കുകയാണെന്നാരോപിച്ച് ഹരജി നൽകിയിരിക്കുന്നത്.ഹരജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമൻ മുൻകൂർ നോട്ടിസ് നൽകാതെ ഇത്തരത്തിൽ വ്യക്തികളെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തരുതെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.
എം.ബി.എ ബിരുദധാരിയായ ഹരജിക്കാരൻ സൈബർ ഫോറൻസിക് വിഭാഗത്തിൽ വിദഗ്ധനാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ ബൈജു പൗലോസിന് മുമ്പ് പല കേസുകളിലും സൈബർ ഫോറൻസിക് സംബന്ധമായ ഉപദേശങ്ങൾ നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവിന്റെ വിവാഹ മോചനത്തിനു കാരണമായ സൈബർ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച് ബൈജു പൗലോസിന് തന്നോടു പകയായെന്നും ഇതേത്തുടർന്ന് കള്ളക്കേസിൽ കുടുക്കിയെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. ഈ കേസുകളിൽ അഡ്വ. രാമൻപിള്ളയുടെ ഓഫിസിൽ നിന്നാണ് ഹരജിക്കാരനു വേണ്ടി ഹാജരായത്. ഒരാളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ചു കള്ളക്കേസ് ഉണ്ടാക്കി 2015 തന്നെ പൊലിസ് അറസ്റ്റ് ചെയ്‌തെന്നും താൻ ജയിലിലായിരിക്കെ സംഭവത്തിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്‌തെന്നും ഹരജിക്കാരൻ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ താൻ മാനസികരോഗത്തിന് ചികിത്സ തേടിയെന്നും പിന്നീട് മറ്റൊരു വിവാഹം കഴിച്ചെന്നും ഹരജിക്കാരൻ വ്യക്തമാക്കുന്നു.ദിലീപിന്റെ മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ നശിപ്പിക്കാൻ ദിലീപും അഡ്വ. രാമൻപിള്ളയുടെ ഓഫിസും തന്റെ സഹായം തേടിയെന്ന തരത്തിൽ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ് ഹരജിക്കാരന്റെ പരാതി. അഡ്വ.രാമൻപിള്ളയുടെ ഓഫിസിൽ വച്ച് ചിലപ്പോഴൊക്കെ ദിലീപിനെ കണ്ടിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്ന് ഒരിക്കൽ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഫോട്ടോകൾ പെൻഡ്രൈവിലാക്കി നൽകിയിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് കുറ്റസമ്മത മൊഴി നൽകാൻ നിർബന്ധിക്കുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു. ഹരജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."