സര്‍ക്കാരും ഇ.ഡിയും തുറന്ന പോരിലേക്ക്: സ്വാധീനം വെച്ച് കേസ് അട്ടിമറിക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നു; ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി സുപ്രിം കോടതിയില്‍
ന്യുഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരും ഇ.ഡിയും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കേരള പൊലിസ് കേസെടുത്ത സംഭവംകൂടിയായതോടെ ഇ.ഡി സുപ്രിം കോടതിയിലെത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇ.ഡി സുപ്രിം കോടതിയില്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സര്‍ക്കാര്‍ തന്നെ തടസ്സം നില്‍ക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് വരുത്താനും നീക്കമുണ്ട്. പൊലിസ് ഉദ്യോഗസ്ഥയെക്കൊണ്ട് ഇതിനായി മൊഴി നല്‍കിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിശദമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കേരള പൊലിസ് കേസെടുത്ത വിവരവും ഇ.ഡി സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേ സമയം സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തില്‍ ഇ.ഡിയും കേരള പൊലിസും തുറന്ന പോരു തുടങ്ങിയിരുന്നു. നവംബര്‍ 18ന്, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖയെ തുടര്‍ന്നാണ് അന്വേഷണത്തില്‍ കേരളപൊലിസും ഇടപെട്ടത്.
മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ശബ്ദരേഖയിലുണ്ടായിരുന്നത്. മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ശബ്ദരേഖയിലുണ്ടായിരുന്നു. തുടര്‍ന്ന് സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പി ഉത്തരവിടുകയായിരുന്നു.
ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാറിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. അതേസമയം തൊട്ടടുത്ത ദിവസം തന്നെ ശബ്ദരേഖയുടെ നിജസ്ഥിതി മനസിലാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിയും രംഗത്തെത്തി. ഇ.ഡിയുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഈ അന്വേഷണത്തിലാണ് രണ്ട് വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ ഇ.ഡിക്കെതിരെ മൊഴി നല്‍കിയത്. സ്വപ്നയെ ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ സുരക്ഷയിലുണ്ടായിരുന്ന പൊലിസുകാരായിരുന്നു ഇരുവരും. വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്നയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും സ്വപ്നയെ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞത് കേട്ടുവെന്നുമായിരുന്നു ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."