HOME
DETAILS

തൊഴില്‍ തേടിപ്പോകുന്ന നേതാക്കള്‍

  
backup
March 21 2021 | 04:03 AM

85146514-2

 


കോണ്‍ഗ്രസിലെ ഒരു ബഡാ ദേശ് കീ നേതാ ആയിരുന്നു പി.സി ചാക്കോ. ഡല്‍ഹിയിലെത്തുമ്പോള്‍ അദ്ദേഹം വലിയ നേതാവു തന്നെയായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ ബഹുമിടുക്കന്‍. എന്നാല്‍ നാട്ടില്‍ എത്രപേര്‍ കൂടെയുണ്ടെന്നൊന്നും ചോദിച്ചേക്കരുത്. തൃശൂര്‍ ജില്ലയില്‍ അദ്ദേഹത്തിനു മാത്രം കിട്ടുന്ന കുറച്ചു വോട്ടുകളുണ്ട്. അതൊന്നും അദ്ദേഹം വഴി മറ്റു കോണ്‍ഗ്രസുകാര്‍ക്കു കിട്ടുന്നതല്ലെന്ന് ആ പാര്‍ട്ടിയിലെ തന്നെ പലരും പറയുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനു മാത്രമായി ഒരു അനുയായിവൃന്ദമുള്ളതായി ആര്‍ക്കുമറിയില്ല. ഒരുപക്ഷേ ഉണ്ടാകുമായിരിക്കും. നമ്മളാരും കാണാത്തത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ.


അല്ലെങ്കിലും ദേശീയനേതാക്കള്‍ക്ക് സ്വന്തമായി ജനസ്വാധീനമുണ്ടായിരിക്കണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. കോണ്‍ഗ്രസിലെ മറ്റൊരു പടുകൂറ്റന്‍ ദേശീയനേതാവായിരുന്നു ടോം വടക്കന്‍. ചാനലുകളില്‍ വന്നിരുന്ന് അതിമനോഹരമായ മംഗ്ലീഷില്‍ രാഷ്ട്രീയം പറഞ്ഞിരുന്ന അദ്ദേഹത്തെ അവിടെ കണ്ടല്ലാതെ നാട്ടില്‍ അധികമാളുകള്‍ക്ക് നേരിട്ടുകണ്ട് വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെവന്നപ്പോള്‍ അദ്ദേഹം നാട്ടില്‍ വരാതെ തന്നെ ഡല്‍ഹിയില്‍ നിന്ന് നേരിട്ട് ബി.ജെ.പിയുടെ ദേശീയനേതൃത്വത്തിലേക്കു പോയി. നാട്ടിലാരെങ്കിലും അദ്ദേഹത്തിന്റെ കൂടെ പോയതായി കേട്ടറിവില്ല. അതുപോലെ സി.പി.എമ്മില്‍ ആ പാര്‍ട്ടിയേക്കാളും വലുപ്പമുള്ള ദേശീയനേതാക്കളാണ് എസ്. രാമചന്ദ്രന്‍പിള്ളയും പ്രകാശ് കാരാട്ടും. എന്തെങ്കിലും കാരണത്തിന് പാര്‍ട്ടി അവരെ പുറത്താക്കിയാല്‍ പ്രതിഷേധിച്ച് പ്രകടനം നടത്താന്‍ പത്തുപേരെ പോലും കിട്ടിയെന്നു വരില്ല.


കുറേക്കാലം മുന്‍പ് നാട്ടിലെ രാഷ്ട്രീയകാലം കഴിഞ്ഞ് ഡല്‍ഹിയിലേക്കു പോയ പി.സി ചാക്കോയ്ക്ക് പിന്നീട് അവിടെയായിരുന്നു പണി. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം അദ്ദേഹത്തിന് കാര്യമായ പണിയൊന്നുമില്ല. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സീറ്റ് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. എങ്കില്‍പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ക്ഷമിച്ചു കാത്തിരിക്കുന്നത് ഒരു മര്യാദയാണല്ലോ. എന്നിട്ടും കാര്യമുണ്ടായില്ല. പാര്‍ട്ടിയുടെ എന്തോ ഒരു ചുമതല ഏല്‍പ്പിച്ചിരുന്നെങ്കിലും അതിലും കാര്യമായൊന്നും ചെയ്യാനില്ല. അദ്ധ്വാനിച്ചു ശീലിച്ചവര്‍ എത്രകാലമെന്നുവച്ചാണ് വെറുതെയിരിക്കുക, ഒരിടത്തു പണിയില്ലെങ്കില്‍ മറ്റൊരിടം നോക്കും. അങ്ങനെ പഴയ നേതാവ് ശരത് പവാറിനെ കണ്ടപ്പോള്‍ അദ്ദേഹം കൂടെ കൂടാന്‍ പറഞ്ഞു. പണി അറിയുന്നവര്‍ എവിടെയെങ്കിലുമൊക്കെ പോയി രക്ഷപ്പെടുമെന്ന് കാരണവന്‍മാര്‍ പറയാറില്ലേ, അതാണ് കാര്യം.


കോണ്‍ഗ്രസില്‍ ഇങ്ങനെ കാര്യമായ പണിയൊന്നുമില്ലാതെ ഇരിക്കുന്ന ചെറുതും വലുതുമായ നേതാക്കള്‍ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെയാവാം ഇനിയും ആളുകള്‍ പുറത്തുവരാനുണ്ടെന്ന് ചാക്കോ പറയുന്നത്.
ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു കേരള കോണ്‍ഗ്രസില്‍ ഒരുകാലത്ത് താരമൂല്യമുള്ള നേതാവായിരുന്ന പി.സി തോമസും. പിളര്‍ന്നുപിളര്‍ന്ന് ഒന്നിലധികം കേരള കോണ്‍ഗ്രസുകളിലൂടെ കടന്ന് എന്‍.ഡി.എയിലും എല്‍.ഡി.എഫിലും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ എന്‍.ഡി.എയില്‍ തന്നെ എത്തിനില്‍ക്കുകയായിരുന്നു അദ്ദേഹം. തോമസിന്റെ ഇപ്പോഴത്തെ കേരള കോണ്‍ഗ്രസിന് ബ്രാക്കറ്റില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നാലു സീറ്റുകള്‍ നല്‍കിയിരുന്നെങ്കിലും ഇത്തവണ ഒന്നും കിട്ടിയില്ല. കിട്ടിയാല്‍ തന്നെ ഒരു മത്സരത്തിനിറങ്ങാനാവാത്ത വിധം സാമ്പത്തികമായി തകര്‍ന്നുകിടക്കുകയായിരുന്നു അദ്ദേഹവും പാര്‍ട്ടിയുമെന്നാണ് ആ നാട്ടുകാര്‍ പറയുന്നത്. തോമസ് അങ്ങനെ പണിയില്ലാതെ ഇരിക്കുമ്പോഴാണ് കേരള കോണ്‍ഗ്രസി(എം)ല്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞുണ്ടായ പി.ജെ ജോസഫിന്റെ പാര്‍ട്ടി ചിഹ്നമില്ലാതെ വലഞ്ഞത്. ഗത്യന്തരമില്ലാതെ ജോസഫും കൂട്ടരും ആ പാര്‍ട്ടില്‍ ലയിച്ചു. അതോടെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായി തോമസ്. അത്യാവശ്യം ആളുള്ളൊരു പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനെന്നത് തരക്കേടില്ലാത്തൊരു തസ്തികയാണ്. ഇനി മൂന്നുവര്‍ഷം പിളരാതെ ക്ഷമിച്ചിരുന്നാല്‍ ഒരു ലോക്‌സഭാ സീറ്റ് ജോസഫ് വഴി കിട്ടിയെന്നുമിരിക്കും.
പാര്‍ട്ടികളില്‍ സമ്പത്തും അധികാരപദവികള്‍ ലഭിക്കാനുള്ള സാധ്യതകളും കുറയുമ്പോഴാണ് നേതാക്കള്‍ തൊഴില്‍രഹിതരാകുന്നത്. രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കളും കാര്യമായ തോതില്‍ പശ്ചിമബംഗാളിലും ത്രിപുരയിലും ചെറിയതോതില്‍ കേരളത്തിലുമൊക്കെ സി.പി.എം നേതാക്കളും ബി.ജെ.പിയിലേക്കു പോകുന്നതിന്റെ കാരണം മറ്റൊന്നുമല്ല.
ഏതു രംഗത്തായാലും ഒരിടത്ത് തൊഴില്‍ കുറയുമ്പോള്‍ മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴില്‍ തേടിപ്പോകുന്നത് ഒരു കുറ്റമല്ല. രാഷ്ട്രീയത്തൊഴില്‍ കമ്പോളത്തില്‍ ഡിമാന്റുണ്ടാകുന്ന സമയമാണല്ലോ തെരഞ്ഞെടുപ്പ് കാലം. ഇപ്പോള്‍ ബി.ജെ.പിയില്‍ ധാരാളം സമ്പത്തും തൊഴില്‍സാധ്യതകളുമുള്ള കാലമാണ്. കൂടുതല്‍ നേതാക്കള്‍ അങ്ങോട്ടുപോകുന്നത് സ്വാഭാവികം. അതിലപ്പുറം പ്രത്യയശാസ്ത്ര, ആദര്‍ശ വിഷയങ്ങളൊന്നും അതിലില്ല.

തെരഞ്ഞെടുപ്പുകാല ഡീലുകള്‍


കോണ്‍ഗ്രസുകാര്‍ക്ക് ലീഡറായിരുന്നു കെ. കരുണാകരന്‍. എതിരാളികള്‍ അതിനെ കളിയാക്കി 'ഡീലര്‍' എന്നും വിളിച്ചിരുന്നു. അഴിമതിക്കാരനെന്ന ആരോപണം മാത്രമല്ല അവര്‍ അതുകൊണ്ട് ഉദ്ദേശിച്ചത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എവിടെനിന്നെങ്കിലുമൊക്കെ വോട്ട് മറിച്ചെടുക്കാനുള്ള രഹസ്യതന്ത്രങ്ങളില്‍ അദ്ദേഹം ബഹുമിടുക്കനാണെന്നും അന്ന് നാട്ടില്‍ സംസാരമുണ്ടായിരുന്നു.
നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് അങ്ങനെയാണ്. നേരാംവണ്ണം രാഷ്ട്രീയം പറഞ്ഞ് അതുവഴി കിട്ടുന്ന വോട്ടുകൊണ്ടു മാത്രം ജയിക്കാനാവില്ല. ഏന്തെങ്കിലുമൊക്കെ ഇടപാടുകളിലൂടെ പുറത്തുനിന്ന് കുറച്ചു വോട്ടുകള്‍ ഒപ്പിച്ചെടുക്കുകയും വേണം. അതിലൊന്നാണ് താരതമ്യേന ചെറിയ പാര്‍ട്ടികള്‍ക്ക് രഹസ്യമായി കാശുകൊടുത്ത് വോട്ട് വാങ്ങല്‍.
ഇങ്ങനെയുള്ള വോട്ട് കച്ചവടത്തില്‍ ഏറെ പ്രശസ്തി നേടിയ പാര്‍ട്ടിയാണ് കേരളത്തിലെ ബി.ജെ.പി. തലകുത്തിമറിഞ്ഞാലും അടുത്തകാലത്തൊന്നും പാര്‍ട്ടി ഇവിടെ അധികാരത്തില്‍ വരില്ലെന്ന് ബി.ജെ.പിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കുപോലുമറിയാം. എങ്കില്‍ പിന്നെ ഒട്ടും വിജയപ്രതീക്ഷയില്ലാത്ത ചില മണ്ഡലങ്ങളില്‍ കുറച്ചു വോട്ട് വിറ്റുകാശാക്കിക്കളയാമെന്ന് അവര്‍ ചിന്തിച്ചുപോകുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതമില്ല.


1991ലെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫും ബി.ജെ.പിയുമായി ഇതുപോലൊരു ഡീലുണ്ടായിരുന്നെന്ന് ഇടതുമുന്നണി അന്നുതന്നെ ആരോപിച്ചിരുന്നു. കോലീബി സഖ്യം എന്ന പേരാണ് അന്ന് ഇടതുമുന്നണി അതിനു നല്‍കിയത്. അതു ശരിവച്ചുകൊണ്ടുള്ള ചില വെളിപ്പെടുത്തലുകള്‍ പിന്നീട് ചില ബി.ജെ.പി നേതാക്കളില്‍ നിന്നുതന്നെ ഉണ്ടായി. കഴിഞ്ഞദിവസം ഒ. രാജഗോപാല്‍ അത് ആവര്‍ത്തിക്കുകയുമുണ്ടായി.


വീണ്ടുമൊരിക്കല്‍ ആ ആരോപണം ശക്തമായി ഉയര്‍ന്നത് 2005ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച ആ തെരഞ്ഞെടുക്കപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി.കെ പത്മനാഭന്‍ പാര്‍ട്ടിക്ക് അതിനുമുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ കിട്ടിയതിന്റെ പകുതിപോലും വോട്ട് കിട്ടാതെ ദയനീയമായി തോറ്റാണ് നാട്ടിലേക്കു മടങ്ങിയത്. അവിടെ ചില നേതാക്കളുടെ കാര്‍മികത്വത്തില്‍ വോട്ട് കച്ചവടം നടന്നെന്ന ആരോപണം ബി.ജെ.പിക്കുള്ളില്‍ വലിയ കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചു.
ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പിയും ഇടതുമുന്നണിയും തമ്മില്‍ ഇങ്ങനെ ഒരു ഡീല്‍ നടക്കുന്നതായി സീറ്റ് കിട്ടാത്ത നിരാശയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കര്‍ വെളിപ്പടുത്തിയത് ഇപ്പോള്‍ കത്തിക്കയറുകയാണ്. സി.പി.എമ്മും ബി.ജെ.പിയുമായി ധാരണയുണ്ടെന്ന് യു.ഡി.എഫുകാര്‍ ആരോപിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്.
ആരോപണം ശരിയോ തെറ്റോ ആവാം. വോട്ട് കച്ചവടത്തിന് പേരുകേട്ട ബി.ജെ.പിയുടെ പേരില്‍ ഇങ്ങനെ ഒരു ആരോപണമുയര്‍ന്നാല്‍ ആരെങ്കിലുമൊക്കെ വിശ്വസിച്ചെന്നും വരാം. അതെന്തായാലും കാശിന് ആവശ്യം വന്നാല്‍ കൈയിലുള്ള എന്തെങ്കിലുമൊക്കെ വില്‍ക്കുന്നതും കാശുള്ളവര്‍ അതു വാങ്ങുന്നതും വലിയ അത്ഭുതമൊന്നുമല്ല. അതൊക്കെ നാട്ടുനടപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago