മുഹമ്മദ് അല്‍ മഹ്മൂദിക്ക് എന്ത് സംഭവിച്ചു? സംക്ഷിപ്തവിവരം
മുഹമ്മദ് അല്‍ മഹമൂദി വയോധികനാണ്. ഒരു കൊച്ചുവീട്ടിലാണ് താമസം. ഭാര്യയും കുട്ടികളുമില്ല. ജോലിയില്‍നിന്ന് പിരിഞ്ഞതിനാല്‍ ഒന്നും ചെയ്യാനില്ല. നേരംപുലര്‍ന്നാല്‍ വീട്ടില്‍ നിന്നിറങ്ങും, തെരുവുകളിലൂടെ സാവകാശം നടക്കും. ഇഷ്ടപ്പെട്ട പത്രം വാങ്ങിക്കാന്‍ ഇത്തിരിനേരം നില്‍ക്കും. പിന്നെ ബഹളംനിറഞ്ഞ തെരുവിലെ ചില്ലുചുവരുള്ള കാപ്പിക്കട ലക്ഷ്യമാക്കി ഉല്ലാസപൂര്‍വ്വം നടത്തംതുടരും. അവിടെയെത്തിയാല്‍ അകത്തേക്ക് കടന്ന് പതിവ് മേശക്കടുത്തേക്ക് നീങ്ങും. അവിടെയിരുന്നാല്‍ അയാള്‍ക്ക് തെരുവ് നോക്കിയിരിക്കാനുള്ള സൗകര്യമുണ്ട്; ഒന്നുംപറയാതെ ഹുക്കയും മധുരമിടാത്ത കട്ടന്‍കാപ്പിയും വരുന്നതും കാത്തിരിക്കും. പിന്നെ കീശയില്‍നിന്ന് കണ്ണടയെടുക്കും. അതുംവച്ച് പത്രവായനയില്‍ മുഴുകും. ഹുക്കയും വലിച്ച് അമ്പരന്ന കണ്ണുകളോടെ ഇടയ്ക്കിടെ തെരുവിലേക്ക് നോക്കും.
വിശപ്പ് തോന്നുമ്പോള്‍ സാവധാനം എഴുന്നേറ്റ് മനമില്ലാ മനസോടെ തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കും. അവിടെനിന്ന് വല്ലതും കഴിക്കും. പിന്നെ തിരക്കിട്ട് കാപ്പിക്കടയിലേക്കുതന്നെ മടങ്ങും. ഹുക്കവലിച്ച് കാപ്പി മോന്തി തെരുവ് നോക്കി അന്തിയാകുന്നതുവരെ അവിടെ പത്രവും വായിച്ചിരിക്കും. അന്തിയായാല്‍ കടയില്‍നിന്നിറങ്ങി വീട്ടിലേക്ക് മടങ്ങും. വസ്ത്രംമാറ്റി വലിയ കട്ടിലില്‍ ചെന്നുകിടക്കും. താമസിയാതെ അഗാധമായ ഉറക്കത്തിലേക്ക് വീഴും.
ചിലപ്പോളയാള്‍ ഉമ്മയെ ഉറക്കത്തില്‍ കാണാറുണ്ട്. ഉമ്മ വിവാഹം കഴിക്കാത്തതിന് അയാളെ കണക്കറ്റ് ശകാരിക്കും. ''മുത്തശ്ശീ, നിക്കൊരു ബലൂണ് വാങ്ങിത്തായോ'' എന്ന് പറയാന്‍ ഒരു കുഞ്ഞിനെ കൊടുക്കാന്‍ കരഞ്ഞുപറയും.
അപ്പോളയാള്‍ ഉറക്കത്തില്‍നിന്ന് ഉണരും. ഒന്നുറക്കെ കരയാന്‍ സാധിക്കാത്തതില്‍ അയാള്‍ക്ക് വിഷാദവും വല്ലായ്മയും തോന്നും.
ഒരുദിവസം അയാള്‍ പത്രം വായിച്ചും ഹുക്കവലിച്ചും പതിവുപോലെ കാപ്പിക്കടയില്‍ ഇരിക്കുകയായിരുന്നു. പൊടുന്നനെ പത്രം വിരലുകളില്‍ നിന്നൂര്‍ന്ന് താഴെവീണു. അയാള്‍ വലിയ അലര്‍ച്ചയോടെ നിലംപതിച്ചു. ഉടനെ ഡോക്ടറെ വരുത്തി. ഡോക്ടര്‍ അയാള്‍ മരിച്ചുവെന്ന് അഭിപ്രായപ്പെട്ടു. അയാളുടെ ആഗ്രഹം നിറവേറ്റുന്നതിനായി പിക്കാസുകളും കൈക്കോട്ടുകളും കൊണ്ടുവന്ന് പതിവായി ഇരിക്കാറുള്ള മേശക്കടിയില്‍ ഒരു കുഴിയുണ്ടാക്കി. അയാളെ പതുക്കെ പൊക്കിയെടുത്ത് കുഴിയില്‍ സംസ്‌ക്കരിച്ചു. മുകളില്‍ കുറെ മണ്ണും കൂട്ടിയിട്ടു. അയാള്‍ പരാതിപ്പെടുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല. എന്നാല്‍ തെരുവുകളിലൂടെ നടക്കുന്നതില്‍നിന്നും വീട്ടിലേക്കും ഹോട്ടലിലേക്കും പോകുന്നതില്‍നിന്നും വിടുതല്‍ കിട്ടിയതില്‍ ആശ്വാസത്തോടെ പുഞ്ചിരിച്ചു. പിന്നെ കാപ്പിക്കടയിലെ പറ്റുകാരുടെ വര്‍ത്തമാനവും ഹുക്കയുടെ ഗുളുഗുളു ശബ്ദവും വെയിറ്റര്‍മാരുടെ ഒച്ചബഹളങ്ങളും വലിയ താത്പര്യത്തോടെ കേട്ടിരുന്നു. എന്നിരുന്നാലും രാത്രി അയാള്‍ക്ക് വല്ലാത്ത മുഷിപ്പും ഏകാന്തതയും ഭയവും തോന്നും. ഈ നേരത്ത് കാപ്പിക്കട ആളോഴിഞ്ഞ് അടച്ചിട്ടുണ്ടാകും.
അന്ന് ഒരുസംഘം പൊലിസുകാര്‍ കാപ്പിക്കടയില്‍ പരിശോധനക്കെത്തിയ ദിവസമായിരുന്നു. പൊലിസുകാര്‍ മുഹമ്മദ് അല്‍ മഹ്മൂദിയെ കുഴിയില്‍നിന്ന് മാന്തി പുറത്തെടുത്ത് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പൊലിസ് സൂപ്രണ്ട് കര്‍ശനസ്വരത്തില്‍, 'താന്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാറിനെ പരിഹസിക്കുകയും ശപിക്കുകയും അതിന്റെ നിയമങ്ങളെല്ലാം ഭൂമിയും കാറും കുടവയറും സ്വന്തമാക്കിയവരെ സേവിക്കാന്‍മാത്രമേ ഉപകരിക്കുന്നുള്ളൂവെന്ന് പറയുകയും ചെയ്യുന്നു.'
മുഹമ്മദ് അല്‍ മഹ്മൂദി സംഭ്രാന്തമായ ഭാവഹാവങ്ങളോടെ നിലവിളിച്ചു, 'ഞാന്‍ സര്‍ക്കാറിനെ ശപിക്കുകയോ! പടച്ചവന് നിരക്കാത്തതാണിത്! കിണറ്റില്‍നിന്ന് വെള്ളംകുടിച്ച് അതില്‍തന്നെ തുപ്പുന്നവരുണ്ട്, ഞാനത്തരക്കാരനല്ല. എന്നെപ്പറ്റി ചോദിച്ചുനോക്ക്യേ. ഞാനൊരു അനുകരണീയനായ മുന്‍ സര്‍ക്കാറുദ്യോഗസ്ഥനാ. നിയമവും ചട്ടവും അനുസരിച്ചിരുന്നയാളാ. ശ്രദ്ധിച്ചു കൈകാര്യം ചെയ്തിരുന്നയാളാ. അന്വേഷിച്ചുനോക്കിക്കോളൂ. മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല, പെണ്ണുങ്ങളോട് കിന്നാര വര്‍ത്തമാനങ്ങള്‍ പറഞ്ഞിട്ടില്ല, ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍...'
പൊലിസ് സൂപ്രണ്ട് അയാളെ തടഞ്ഞു, 'പക്ഷേ തന്നെക്കുറിച്ച് ഞങ്ങള്‍ക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ കളവ് പറയില്ല. അത് തയാറാക്കിയവര്‍ പൂര്‍ണമായും വിശ്വാസയോഗ്യരാണ്.'
മുഹമ്മദ് അല്‍ മഹ്മൂദി വിറച്ചുപോയി. അയാള്‍ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു, 'ഞാന്‍ പടച്ചവനെ പിടിച്ചു സത്യംചെയ്യുന്നു. ജീവിതത്തില്‍ ഒരുനാളും രാഷ്ട്രീയം പറയാതെയാണ് ഞാന്‍ ജീവിച്ചത്. ഞാന്‍ സര്‍ക്കാറിനെയോ അധികാരത്തിലിരിക്കുന്നവരെയോ ഒരിക്കലും അവമാനിച്ചിട്ടില്ല.'
'ഹ ഹ ഹ ഹാ,' പൊലിസ് സൂപ്രണ്ട് പറഞ്ഞു, 'താന്‍ കുറ്റംചെയ്തിട്ടുണ്ട്, താന്‍ പറഞ്ഞതില്‍ നിന്നുതന്നെ എനിക്ക് കേസെടുക്കാം. സര്‍ക്കാറിനെ അവമാനിച്ചിട്ടില്ലെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ സ്തുതിച്ചിട്ടുണ്ടെന്ന് പറയുന്നില്ല. സ്തുതിക്കണ്ടേ, തന്റെ അഭിപ്രായമെന്താ?'
മുഹമ്മദ് അല്‍ മഹമൂദി എന്തോ പറയാനുള്ള ശ്രമമായിരുന്നു, പക്ഷേ സൂപ്രണ്ട് പ്രസംഗം തുടര്‍ന്നു, 'ഇനി താന്‍ പറയുന്നത് സത്യമാണെങ്കില്‍തന്നെ, ഏറ്റവും വിചിത്രമായി തോന്നുന്നു. എല്ലാവരും ദുരര്‍ഥം കാണുന്നവരും പകയുള്ളവരും വികാരംകൊള്ളുന്നവരുമാണ്. ആളുകള്‍ അനുസരിക്കേണ്ടതിന്റെ ആവശ്യകതയെ മറന്ന് സര്‍ക്കാറിനേയും അധികാരത്തിലിരിക്കുന്നവരേയും അവമാനിക്കുകയാണ്. രാഷ്ട്രീയം എല്ലാവര്‍ക്കും മനസിലാകുന്ന ഒന്നല്ലെന്ന് അവര്‍ മനസിലാക്കുന്നില്ല.'
മുഹമ്മദ് അല്‍ മഹ്മൂദിയുടെ സ്വരം തളര്‍ന്നു, 'അങ്ങനെത്തന്നെ. എല്ലാവരും രാഷ്ട്രീയം പറയുന്നു. സ്റ്റേറ്റിലെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട ഏതൊരാളുടെമേലും ഏറ്റവും ലജ്ജാവഹമായ വിധത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നെ സംബന്ധിച്ച്...'
സൂപ്രണ്ട് ശാന്തസ്വരത്തില്‍ അയാളെ തടഞ്ഞുകൊണ്ട് ചോദ്യരൂപേണ, 'കാപ്പിക്കടയില്‍വച്ച് അവരെന്തൊക്കെയാണ് പറഞ്ഞിരുന്നതെന്ന് താന്‍ കേട്ടിരിക്കുമല്ലോ? ആ പറയുന്നവരുടെയൊക്കെ പേരും അറിയാമല്ലോ?'
മുഹമ്മദ് അല്‍ മഹ്മൂദി തലയാട്ടി. പൊലിസ് സൂപ്രണ്ട് പുഞ്ചിരിച്ചുകൊണ്ട്, 'താന്‍ കൊള്ളാവുന്നവനാണെന്ന് തോന്നുന്നു. സത്യസന്ധനായ ഒരു പൗരന്‍. വാസ്തവത്തില്‍ പ്രതിസ്ഥാനത്തുനിന്ന് തന്നെ എനിക്ക് രക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിന് താനുംകൂടി എന്നെ സഹായിക്കണം.'
മുഹമ്മദ് അല്‍ മഹ്മൂദ് ആശ്ചര്യത്തോടെ മൊഴിഞ്ഞു, 'ഞാന്‍ മരിച്ചതല്ലേ, പിന്നെങ്ങനെയാണ് താങ്കളെ സഹായിക്കുന്നത്?'
പൊലിസ് സൂപ്രണ്ട് പൊട്ടിച്ചിരിച്ചുപോയി, 'അത് വളരെ എളുപ്പമല്ലേ, രസകരവുമാണ്. കേട്ടോളൂ...'
മുഹമ്മദ് അല്‍ മഹ്മൂദി പൊലിസ് സൂപ്രണ്ടിന് പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു.
അയാള്‍ അല്‍പംകഴിഞ്ഞ് വളരെ ആഹ്ലാദവാനായി കാപ്പിക്കടയിലെ തന്റെ കുഴിയിലേക്ക് മടങ്ങി. തനിക്കിനി വല്ലതുമൊക്കെ ചെയ്യാനുണ്ട്. പാതിരായ്ക്ക് കടയടച്ചുകഴിഞ്ഞാല്‍ തനിക്കിനി ഏകാന്തതയോ വിരസതയോ ഭയമോ അനുഭവപ്പെടുകയില്ല: അപ്പോഴാണല്ലോ താന്‍ എഴുത്തിന്റെ തിരക്കിലാകുന്നത്. വിട്ടുപോകാതെ, കടയിലെ സ്ഥിരംപറ്റുകാരുടെ സംഭാഷണങ്ങള്‍ എഴുതിയുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."