ഉത്തർപ്രദേശിലെ രാഷ്ട്രീയപാഠങ്ങൾ
കരിയാടൻ
രണ്ടുവർഷം കഴിഞ്ഞു വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കരുതപ്പെട്ട അഞ്ചു നിയമസഭകളിലെ തെരഞ്ഞെടുപ്പുകളിൽ നാലിലും താമര വിരിഞ്ഞിരിക്കുന്നു. പഞ്ചാബിൽ മാത്രം കോൺഗ്രസിനെ നിലംപരിശാക്കി ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ 403 അംഗസഭയിൽ 255 സീറ്റ് നേടി ബി.ജെ.പി അധീശത്വം ഉറപ്പിച്ചുകഴിഞ്ഞു. വെല്ലുവിളി ഉയർത്തുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ട പ്രിയങ്കാഗാന്ധിയുടെ കോൺഗ്രസും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും തോറ്റു തുന്നംപാടി. ഒറ്റയ്ക്ക് പൊരുതിനിന്ന സമാജ്‌വാദി പാർട്ടിയാണ് 111 സീറ്റുകളുമായി രണ്ടാം രണ്ടാംസ്ഥാനത്തേക്കെങ്കിലും കയറിനിന്നത്.
എൺപത് ശതമാനവും(ഹിന്ദുക്കൾ) ഇരുപത് ശതമാനവും(മുസ്്‌ലിംകൾ) തമ്മിലാണ് യു.പിയിൽ മത്സരമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാലുതവണ മതവികാരം ഇളക്കിവിട്ട ബി.ജെ.പിക്ക് പിഴച്ചില്ല. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിത സ്ഥാനത്തുനിന്ന് ലഖ്‌നൗവിൽ മുഖ്യമന്ത്രി പദത്തിലേക്ക് കുടിയിരുത്തപ്പെട്ട യോഗി ആദിത്യനാഥിന്റെ അയോധ്യാപ്രഖ്യാപനങ്ങളും ഭൂരിപക്ഷവോട്ടിന്റെ കുത്തക പ്രവാഹം ഉറപ്പിക്കാൻ സഹായകമായി. വർഗീയവോട്ടുകൾ തന്നെയാണ് ബി.ജെ.പിക്ക് സഹായകമായതെന്നും അതിനെ ഫലപ്രദമായി നേരിടുന്നതിനു ഇതരകക്ഷികൾ പരാജയപ്പെട്ടുവെന്നും മന്ത്രി രാജേന്ദ്രപ്രതാപിനെ പാറ്റി മണ്ഡലത്തിൽ തോൽപ്പിച്ച എസ്.പി നേതാവ് രാം സിങ് പട്ടേൽ പറയുന്നു. ഈ വലിയ തരംഗത്തിനിടയിലും യോഗി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ അടക്കം പത്തു മന്ത്രിമാർ പരാജയപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പൗരത്വ നിയമഭേദഗതിയും ഗോവധ നിരോധന നിയമവും മാറ്റിവച്ച് അയോധ്യാ കാർഡ് എടുത്തുകൊണ്ടുതന്നെയായിരുന്നു പഴയകാല ഹിന്ദു യുവവാഹിനി മുഖ്യന്റെ രഥയാത്ര. വികസനപദ്ധതികളെന്ന് എണ്ണിപ്പറഞ്ഞു ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളവും അയോധ്യാ ഇടനാഴിയുമൊക്കെ പ്രധാനമന്ത്രി മോദി തന്നെ പ്രഖ്യാപിച്ചപ്പോൾ വിശ്വാസികൾ ഏറെയും അതിനോടൊപ്പം ചേർന്നുനിന്നു. ഇന്ത്യയിൽ ഏറ്റവും അധികം മുസ്‌ലിംകളുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ സ്ഥാനാർഥി പട്ടികയിൽപോലും ഒരൊറ്റ മുസ്‌ലിമിനും സ്ഥാനം നൽകാതിരുന്നതാണ് യോഗിയുടെ പാർട്ടി. അതുവഴി ഹിന്ദുവോട്ടുകൾ ഏറെ അവയ്ക്ക് സമാഹരിക്കുക എന്ന് മാത്രമല്ല മുസ്ലിം വോട്ടുകൾ ഭാഗികയായി ഭിന്നിപ്പിക്കുകയും ചെയ്തു. എന്നിട്ടും 32 മുസ്‌ലിം എം.എൽ.എമാരെ സഭയിലെത്തിക്കാൻ സമാജ്‌വാദി പാർട്ടിക്ക് കഴിഞ്ഞിരുന്നു.
അതേസമയം, മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിച്ചതിന് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടിയുടെ ഹൈദരാബാദുകാരനായ അസദുദ്ദീൻ ഉവൈസി എന്ന പ്രസിഡന്റിന് ഭാരതരത്‌നം തന്നെ കിട്ടിക്കൂടായ്കയില്ല എന്നു സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായിരുന്നു. മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളിലെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച സംഘടനയ്ക്കാണ് അസദുദ്ദീൻ ഉവൈസി ഭിന്നിപ്പിൻ്റെ രാഷ്ട്രീയനിറം നൽകിയത്. പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഉവൈസിയിൽനിന്ന് സ്ഥാനം ഏറ്റെടുക്കാൻ ലണ്ടനിൽനിന്ന് ബാർ അറ്റ് ലോ ബിരുദം നേടിവന്ന അസദുദ്ദീൻ തയാറാവുകയായിരുന്നു. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലുമൊക്കെ എ.ഐ.എം.ഐ.എമ്മിന്റെ അക്കൗണ്ട് തുറക്കാനും ശ്രമിച്ചത് വാസ്തവത്തിൽ ന്യൂനപക്ഷങ്ങൾക്ക് വൻതിരിച്ചടിയാവുകയാണുണ്ടായത്.
യു.പിയിൽ 95 മണ്ഡലങ്ങളിലാണ് ഉവൈസിയുടെ പാർട്ടി മത്സരിച്ചത്. എല്ലായിടത്തും തോറ്റെങ്കിലും 4,50,929 വോട്ടുകൾ അദ്ദേഹത്തിന്റെ സ്ഥാനാർഥികൾ നേടി. ആ പാർട്ടി 20,000 ത്തോളം വോട്ടുകൾ പെട്ടിയിലാക്കിയ ഏഴുമണ്ഡലങ്ങളിൽ ബി.ജെ.പി ജയിച്ചത് ഇരുനൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു. 23 മണ്ഡലത്തിൽ ഇത് 500 വോട്ടിന്റെയും 49 സീറ്റുകളിൽ ആയിരം വോട്ടിന്റെയും 896 മണ്ഡലത്തിൽ രണ്ടായിരം വോട്ടിന്റെയും ബലത്തിലും. മുപ്പതിലേറെ മുസ്‌ലിം സ്ഥാനാർഥികൾ പരാജയപ്പെട്ടതാകട്ടെ ചെറിയ വ്യത്യാസത്തിനും. മൊറാദാബാദ് നഗറിലെ തെരഞ്ഞെടുപ്പ് ഫലം ഉദാഹരണമായെടുക്കാം. ഇവിടെ നിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാർഥി രിതേഷ് കുമാർ ഗുപ്ത നേടിയത് 1,48384 വോട്ടുകളാണ്. എസ്.പി സ്ഥാനാർഥി മുഹമ്മദ് യൂസുഫ് അൻസാരിയെക്കാൾ 782 അധിക വോട്ടുകൾ മാത്രമാണ് ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത്. അതേസമയം, എ.െഎ.എം.െഎ.എം സ്ഥാനാർഥി വാഖി റഷീദിന് 2661 വോട്ടുകൾ ലഭിച്ചിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകളുടെ ഏറ്റവും വലിയ വിജ്ഞാനകേന്ദ്രമായ ദാറുൽ ഉലൂം സ്ഥിതി ചെയ്യുന്ന ദയൂബന്ദിൽപോലും ജയിച്ചത് ബി.ജെ.പിയാണെന്ന് ഓർക്കുക.
യു.പി ജനസംഖ്യയിൽ എഴുപതോളം ജില്ലകളിലായി നല്ല ശതമാനം ദലിതരാണെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള താക്കൂർമാരുൾപ്പെട്ട ബ്രാഹ്മണമേധാവിത്വമാണ് എന്നും മേൽക്കൈ ഉയർത്താറ്. ഡൽഹി ഭരിക്കാൻ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഈ സംസ്ഥാനത്ത് ഭരണചക്രം തിരിക്കാൻ മിക്ക സമയങ്ങളിലും നിയോഗിക്കപ്പെടുന്നതും ഉന്നതകുലജാതരെന്ന് അറിയപ്പെടുന്ന ബ്രാഹ്മണ നേതാക്കൾ തന്നെയാണ്. എന്നാൽ യോഗി ആദിത്യനാഥ് മാത്രമാണ് അഞ്ചുവർഷം പൂർത്തിയാക്കിയശേഷം വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുന്ന ആദ്യ മുഖ്യമന്ത്രി. അദ്ദേഹമാകട്ടെ ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്യുമ്പോഴും അതിന്റെ മതേതരസ്വഭാവത്തെ പലപ്പോഴും അംഗീകരിക്കാൻ തയാറില്ലാത്തയാളും.
യു.പി ഭരിക്കുന്നവർ ഇന്ത്യ ഭരിക്കും എന്ന ചൊല്ലു സാർഥകമാക്കാൻ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഉത്തേജകം നൽകുമെന്നത് നേര്. എന്നാൽ 2024 ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർഗീയശക്തികൾക്കെതിരേ ഒരു പ്രതിപക്ഷ ഐക്യനിര രൂപപ്പെടണമെങ്കിൽ മതേതരകക്ഷികൾ ഇപ്പോൾതന്നെ കച്ച മുറുക്കിക്കെട്ടി ഇറങ്ങേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."