HOME
DETAILS
MAL
സെമിത്തേരി
backup
March 21 2021 | 05:03 AM
പെരുക്കപ്പട്ടികയിലും
ചുരുക്കപ്പട്ടികയിലും
പേരില്ലാത്ത എന്നെ
തെരഞ്ഞു തെരഞ്ഞ്
അവര്‍ നടക്കാത്ത ഇടമില്ല.
ഒടുവില്‍ അവരില്‍ത്തന്നെ
തപ്പിനോക്കിയപ്പോള്‍
എന്റെ മിടിപ്പുകള്‍ കേട്ടു.
ഇതവന് തന്നെയല്ലേയെന്ന്
ഓരോരുത്തരും
സന്ദേഹിച്ചു നില്‍ക്കെ,
ഞാനെവിടെയെന്നറിയാന്
നിഴലിനോടൊപ്പം
നടക്കുകയായിരുന്നു
എന്റെ കണ്ണുകള്‍.
അമ്പലത്തിലും പള്ളിയിലും
നെടുമ്പാതയിലും ഇടവഴിയിലും
ചായക്കടയിലും കള്ളുഷാപ്പിലും
പത്രമാപ്പീസിലും പൊലിസ് സ്റ്റേഷനിലും
റേഷന്പീടികയിലും
സൂപ്പര്‍മാര്‍ക്കറ്റിലും
ആശുപത്രിയിലും അഗതിമന്ദിരത്തിലും...
എവിടെയെല്ലാം പോയെന്നോ?!
ഇനി ശ്മശാനത്തിലേ
നോക്കാനുള്ളൂവെന്ന്
ഉല്‍ക്കണ്ഠപ്പെട്ടു തിരിച്ചുവന്നപ്പോള്‍
ആരോ പറയുന്നതു കേട്ടു:
അവനെന്തായാലും മരണമില്ല.
പിന്നെയെങ്ങനെ
അവിടെയെത്തും?!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."