അവർ റെഡി നിങ്ങളോ
ഉൾക്കാഴ്ച
മുഹമ്മദ്
ഭക്ഷണത്തോടൊപ്പം നിരീശ്വരത്വവും വിളമ്പിക്കൊടുക്കുന്ന ഒരു ഹോട്ടൽ ജീവനക്കാരനുണ്ടായിരുന്നു. കഴിച്ച ഭക്ഷണത്തിനു പണം ഈടാക്കുമെങ്കിലും നിരീശ്വരചിന്തകൾ തികച്ചും സൗജന്യം. ഹോട്ടലിൽ കയറുന്നവരെല്ലാം നിർബന്ധമായും അതു കേട്ടിരിക്കണമെന്നതാണ് അയാളുടെ നയം. അതിനാൽ ആരെയും വെറുതെ വിടില്ല. എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയേ അയാൾ പോകാനനുവദിക്കുകയുള്ളൂ.
ഒരിക്കൽ ഒരുദ്യോഗസ്ഥൻ അവിടെ ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണമെത്തുന്നതുവരെ കൈയിലുണ്ടായിരുന്ന പത്രം അയാൾ വായിക്കാൻ തുടങ്ങി. അപ്പോഴതാ നമ്മുടെ കഥാപുരുഷൻ കസേര നീക്കിയിട്ട് അദ്ദേഹത്തിനടുത്തിരിക്കുന്നു. അയാൾ പറഞ്ഞു: ‘എന്റെ അഭിപ്രായത്തിൽ ദൈവത്തിന് ഒരസ്തിത്വവുമില്ല’-
ഉദ്യോഗസ്ഥൻ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു: ‘എന്താ നിങ്ങളങ്ങനെ പറയാൻ കാരണം?’
‘കാരണമുണ്ട്, നിങ്ങളാ ജനലഴികളിലൂടെ ഒന്നു പാളിനോക്കൂ.. എത്രയെത്ര പിഞ്ചുകുഞ്ഞുങ്ങളാണ് അഭയമില്ലാതെ, പാർക്കാനിടമില്ലാതെ കഴിയുന്നത്. എത്രയെത്ര വിധവകളാണ് അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിക്കുന്നത്. ദുഃഖത്തിന്റെ കയ്പ്പുനീർ കുടിച്ചു കഴിയുന്ന എത്ര ആളുകളാണ് നമ്മുടെ പരിസരങ്ങളിലുള്ളത്. ദൈവം എന്നൊരാളുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? തന്റെ സൃഷ്ടികളുടെ ഈ ദൈന്യതകളെല്ലാം കണ്ടറിഞ്ഞ് പരിഹരിക്കേണ്ടവനല്ലേ അവൻ? അവൻ കാരുണ്യവാനാവണ്ടേ? ഇതൊന്നും കാണുന്നില്ലെങ്കിൽ പിന്നെ അവനില്ലെന്നല്ലേ വിധിക്കേണ്ടത്....’
ജീവനക്കാരന്റെ ഈ വാദത്തിന് എന്തു മറുപടി പറയണമെന്നറിയാതെ ഉദ്യോഗസ്ഥൻ ആദ്യമൊന്ന് പരുങ്ങി. എത്ര ചിന്തിച്ചിട്ടും യുക്തിസഹമായ ഒരു മറുപടി നൽകാൻ അയാൾക്കായില്ല. ഭക്ഷണം മുന്നിലെത്തി അതു കഴിക്കാൻ തുടങ്ങിയപ്പോഴും ചിന്ത ഭക്ഷണത്തിലേക്കു വന്നില്ല. ജീവനക്കാരന്റെ വാക്കുകളിൽതന്നെ കുരുങ്ങിക്കിടന്നു. അവസാനം കൈ കഴുകി പണമടച്ച് പോകാനൊരുങ്ങിയപ്പോഴും ആ ചിന്ത അയാളെ കൈവിട്ടില്ല. എന്തു മറുപടിയാണ് കണ്ടെത്തുക?
ഹോട്ടലിൽനിന്ന് പുറത്തിറങ്ങി തന്റെ ജോലിസ്ഥലത്തേക്ക് പോവുകയാണ്. അപ്പോഴാണ് വഴിയരികിൽ യാചിച്ചിരിക്കുന്ന സാധുവിനെ കണ്ടത്. അകത്തേക്ക് എന്തെങ്കിലും ചെന്നിട്ട് ദിവസങ്ങളായിക്കാണും. അയാളെ കണ്ടതും ഉദ്യോഗസ്ഥന്റെ മനസിലേക്ക് ചിന്ത വന്നു. തന്നെ ആശയക്കുഴപ്പത്തിലാഴ്ത്തിയ ആ ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്.
പിന്നെ സമയം കളഞ്ഞില്ല. നേരെ ഹോട്ടലിലേക്കുതന്നെ മടങ്ങി. ജീവനക്കാരനെ അടുത്തിരുത്തിപറഞ്ഞു: ‘ലോകത്ത് ഹോട്ടൽ എന്നൊരു സംഗതിയില്ല. അതിന് അസ്തിത്വമേയില്ല!’
ജീവനക്കാരൻ അത്ഭുതത്തോടെ ചോദിച്ചു: ‘എന്തുപറ്റി നിങ്ങൾക്ക്? ഇവിടെ നിന്നിറങ്ങുന്നതുവരെ യാതൊരു കുഴപ്പവും കണ്ടിരുന്നില്ലല്ലോ?’
‘എനിക്കൊരു കുഴപ്പവുമില്ല. ഹോട്ടൽ ഇല്ലെന്നേ പറഞ്ഞിട്ടുള്ളൂ...’
‘അതെന്താ അങ്ങനെ പറയാൻ....’
‘കാരണമുണ്ട്. നിങ്ങളീ ഹോട്ടലിനു മുന്നിൽ ഒരു നേരത്തെ അന്നംകിട്ടാതെ മരണത്തോടു മുഖാമുഖം നിൽക്കുന്ന ആ മനുഷ്യനെ കണ്ടില്ലേ. ഹോട്ടൽ എന്നൊരു സംഭവമുണ്ടെങ്കിൽ ഇയാൾക്കങ്ങനെ കഴിയേണ്ട ഗതി വരുമായിരുന്നോ? ഹോട്ടലുള്ള കാലത്തോളം ഇതുപോലുള്ള ആളുകൾ ഉണ്ടാകുമോ?'
‘ഹോട്ടലുകൾ ഒരോ വഴിയരികിലുമുണ്ട്. പക്ഷേ, അയാളതു തേടിപ്പോകാത്തതുകൊണ്ടാണ്. ഇങ്ങോട്ടു വന്നിരുന്നെങ്കിൽ ഞങ്ങളയാൾക്കു ഭക്ഷണം കൊടുക്കുമല്ലോ...’
ഒരു ചെറുപുഞ്ചിരിയോടെ ഉദ്യോഗസ്ഥൻ പറഞ്ഞു: ‘ഇതുതന്നെയാണ് ദൈവത്തിന്റെ വിഷയത്തിലും സംഭവിക്കുന്നത്. നിങ്ങൾ പറഞ്ഞ പട്ടിണിപ്പാവങ്ങൾക്കും അല്ലാത്തവർക്കുമെല്ലാം ദൈവത്തെ നിരന്തരം ആവശ്യമുണ്ട്. പക്ഷേ, ആവശ്യനേരങ്ങളിൽ ആ ദൈവത്തിലേക്ക് കടന്നുചെല്ലാൻ പലരും തയാറാകുന്നില്ല. അവനോട് ചോദിച്ചുവാങ്ങാനും ഒരുക്കമല്ല. അതുകൊണ്ടാണ് പ്രശ്നങ്ങളിൽ പലതും പരിഹരിക്കപ്പടാതെ കിടക്കുന്നത്...’
നിങ്ങളിലോരോരുത്തരുടെയും കണ്ഠനാഡിയെക്കാൾ സമീപസ്ഥനാണ് ദൈവം തമ്പുരാൻ. പക്ഷേ, നിങ്ങൾ അവന്റെ അടുത്തുണ്ടോ എന്നതാണു വിഷയം. എന്നോട് ചോദിക്കൂ, ഞാൻ തരാം എന്നാണ് അവൻ പ്രഖ്യാപിച്ചത്. അവനോട് ചോദിക്കാൻ നിങ്ങൾ ഒരുക്കമാണോ എന്നതാണു വിഷയം. തന്റെ കാരുണ്യം ലഭിക്കുന്ന കാര്യത്തിൽ നിങ്ങൾ ആശയറ്റവരായി മാറരുതെന്നാണ് അവൻ പറഞ്ഞിരിക്കുന്നത്. ആ കാരുണ്യത്തിൽ ആശവച്ചുനടക്കാൻ നിങ്ങൾ തയാറാണോ എന്നതാണു വിഷയം.
ച
ജനങ്ങളോട് ചോദിച്ചാൽ അവർ നെറ്റിചുളിക്കും. നിരന്തരം ചോദിച്ചാൽ അവർ ദേഷ്യപ്പെടും. ദൈവം നേർവിപരീതമാണ്. ചോദിച്ചില്ലെങ്കിലാണ് അവൻ ദേഷ്യപ്പെടുക.
എന്തിനും ഏതിനും തയാറായി നിൽക്കുന്ന ദൈവം. പാപികൾക്കു മാപ്പരുളാനായി കാത്തിരിക്കുന്ന ദൈവം. നിർധനർക്ക് സഹായം ചെയ്യാൻ, രോഗികൾക്ക് ആരോഗ്യം നൽകാൻ, അസംതൃപ്തർക്ക് സന്തോഷമേകാൻ കാത്തിരിക്കുന്ന ഒരു ദൈവമുണ്ടായിരിക്കെ അവനല്ലാത്തവരിലേക്ക് തിരിഞ്ഞുനിൽക്കുന്ന അവസ്ഥ മഹാകഷ്ടം തന്നെ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."