അന്‍പതിലധികം യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന് ഗോ ഫസ്റ്റ് എയര്‍വേയ്സ് വിമാനം; റിപ്പോര്‍ട്ട് തേടി ഡി.ജി.സി.എ
ബെംഗളൂരു: വിമാനത്താവളത്തില്‍നിന്ന് മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്നുയര്‍ന്ന് ഗോ ഫസ്റ്റ് എയര്‍വേയ്സിന്റെ വിമാനം. 55 യാത്രക്കാരെയാണ് ബസില്‍ ഇരുത്തി വിമാനം പറന്നുയര്‍ന്നത്.
സംഭവത്തില്‍ ഗോ ഫസ്റ്റ് എയറിനോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ഡിജിസിഎയുടെ നടപടി. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉള്‍പ്പെടെ ട്വിറ്ററില്‍ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാര്‍ നല്‍കിയിരുന്നത്.
തിങ്കളാഴ്ച രാവിലെ 6.20നു ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാന അധികൃതര്‍ക്കാണ് അബദ്ധം സംബന്ധിച്ചത്. വിമാനത്തില്‍ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുവന്നത്. എന്നാല്‍ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.
യാത്രക്കാരുടെ ബോര്‍ഡിങ് പാസുകള്‍ നല്‍കുകയും ബാഗുകള്‍ ഉള്‍പ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചത്. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ അസൗകര്യം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."