ജി 23 നേതാക്കളെ കേൾക്കാൻ കോൺഗ്രസ് നേതൃത്വം സോണിയ നേതാക്കളെ കാണും
ജി 23 നിർദേശങ്ങൾ രാഹുൽ അംഗീകരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി
കോൺഗ്രസ് നേതൃത്വത്തിൽ സമൂല മാറ്റം ആവശ്യപ്പെടുന്ന ജി 23 നേതാക്കൾ ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നതിന് പിന്നാലെ അവരുടെ ആവശ്യങ്ങൾക്ക് ചെവി കൊടുക്കാൻ തയാറായി കോൺഗ്രസ് നേതൃത്വം.
ഇന്നലെ ഗുലാംനബി ആസാദിന്റെ വീട്ടിൽ നടന്ന യോഗത്തിന് പിന്നാലെ പാർട്ടി അധ്യക്ഷ സോണിയാഗാന്ധി ആസാദുമായി ഫോണിൽ സംസാരിച്ചു. വൈകാതെ ജി 23 നേതാക്കളിൽ ചിലർ സോണിയാഗാന്ധിയെ കാണും. യോഗത്തിന് പിന്നാലെ ജി 23 നേതാക്കളിലൊരാളായ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. പാർട്ടിക്കുള്ളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചുള്ള ജി 23 നേതാക്കളുടെ ആവശ്യങ്ങൾ സംബന്ധിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ച നടന്നത്. ജി 23 നേതാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് രാഹുൽ അറിയിച്ചതായാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഹൂഡ ഗുലാം നബി ആസാദിനെ കണ്ടു. ഈ കൂടിക്കാഴ്ചയിൽ ആനന്ദ് ശർമയും പങ്കെടുത്തു. ഇതിന് പിന്നാലെ ജി 23 നേതാക്കൾ വീണ്ടും ഗുലാംനബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നു.
എല്ലാ തലത്തിലും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള നേതൃത്വം വരികയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക മാത്രമാണ് പാർട്ടിക്ക് മുന്നിലെ ഏകവഴിയെന്നാണ് നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
അതിനിടെ, കോൺഗ്രസിന്റെ തോൽവിക്ക് ഉത്തരവാദി ഗാന്ധി കുടുംബം മാത്രമാണെന്ന വാദത്തോട് യോജിപ്പില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. തോൽവിക്ക് താഴേത്തട്ടു മുതലുള്ള പാർട്ടിയിലെ എല്ലാ നേതാക്കൾക്കും ഉത്തരവാദിത്വമുണ്ട്.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയയും രാഹുലും പ്രിയങ്കയും രാജിസന്നദ്ധത അറിയിച്ചെന്നും എന്നാൽ യോഗം അത് അനുവദിച്ചില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വേഗത്തിലാക്കുകയാണ് ഇനി പാർട്ടിക്ക് മുന്നിലുള്ള വഴി. അത് ഒാഗസ്റ്റിൽ നടക്കാൻ പോകുകയാണ്. തെരഞ്ഞെടുപ്പ് നേരത്തെയാക്കാമെന്ന് സോണിയ നിർദേശിച്ചെങ്കിലും നേതാക്കളിൽ പലരും അംഗീകരിച്ചില്ലെന്നും ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."