ഇരട്ടവോട്ട്: ഇടുക്കിയില്‍ 10,625 പേരെ ഒഴിവാക്കി, കൂടുതല്‍ തൊടുപുഴയില്‍, കുറവ് ഉടുമ്പഞ്ചോലയില്‍
തൊടുപുഴ: പുതുക്കിയ കണക്ക് പ്രകാരം 8,88,608 വോട്ടര്‍മാരാണ് ഇടുക്കി ജില്ലയില്‍ ഉള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാര്‍ ഉടുമ്പന്‍ചോലയിലാണ്, കൂടുതല്‍ തൊടുപുഴയിലും. സമ്മതിദായകരിലാകെ 4,39,013 പുരുഷന്മാരും 4,49,595 സ്ത്രീകളും 4 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. 2016 ല്‍ 8,86,133 വോട്ടര്‍മാരാണ് ജില്ലയിലുണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിനകം ആകെ കൂടിയത് 2475 വോട്ടര്‍മാര്‍ മാത്രം. മറ്റ് ജില്ലകളിലെല്ലാം വലിയ തോതില്‍ വോട്ടര്‍മാര്‍ കൂടിയപ്പോഴാണിത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലാകെ 9,01,593 സമ്മതിദായകര്‍ ഉണ്ടായിരുന്നു.
വിവിധ കാരണങ്ങള്‍കൊണ്ട് ഇടുക്കിയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് താമസം മാറുന്നവരും(റിവേഴ്‌സ് മൈഗ്രേഷന്‍) തമിഴ്‌നാട്ടിലേക്ക് തിരിച്ച് പോകുന്നവരുടേയും തോത് കൂടിവരികയാണ്. 2001-2011 നും ഇടയില്‍ കേരളത്തിലെ ജനസംഖ്യ 4.9 ശതമാനം കൂടിയപ്പോള്‍ ഇടുക്കിയില്‍ 1.8 ശതമാനം കുറഞ്ഞതായി സര്‍ക്കാര്‍ കണക്കുകളും വ്യക്തമാക്കുന്നു. സമാനമായി തന്നെ ജില്ലയില്‍ ഇപ്പോഴും ജനസംഖ്യ കുറഞ്ഞ് വരുന്നതായാണ് നിലവിലെ കണക്കുകളും സൂചിപ്പിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കൊപ്പം കൃഷിനാശം, ഭൂവിഷയങ്ങള്‍ എന്നിവയെല്ലാം ഇതിന് പ്രധാന കാരണങ്ങളാണ്. ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഇടുക്കിക്കാര്‍ മടികാണിക്കുന്നതും വോട്ടര്‍മാര്‍ കുറയാനുള്ള പ്രധാന കാരണമാണ്.
ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 10625 പേരെ ഇരട്ടവോട്ടിന്റെ പേരില്‍ നീക്കം ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.. ദേവികുളം 4529, ഉടുമ്പന്‍ചോല 439, തൊടുപുഴ 1545, ഇടുക്കി 2821, പീരുമേട് 1291 എന്നിങ്ങനെയാണ് ഒഴിവാക്കിയവരുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."