കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷ നിരക്ക് കെ.സി.ആർ നീക്കം; ബുധനാഴ്ച മെഗാറാലി; പിണറായിക്കും ക്ഷണം
ഹൈദരാബാദ്: അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ ചേരി രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നതിനിടെ, മുഖ്യപ്രതിപക്ഷ ശക്തിയായ കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള മൂന്നാംചേരിക്കുള്ള ശ്രമങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു(കെ.സി.ആർ). ഇതുപ്രകാരം ബുധനാഴ്ച നടത്തുന്ന റാലിയിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കങ്ങളുടെ ഭാഗമായി തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) എന്ന പാർട്ടിയുടെ പേര് ഭാരതീയ രാഷ്ട്ര സമിതി(ബി,ആർ.എസ്) എന്നാക്കി മാറ്റിയതിന് പിന്നാലെയാണ് കെ.സി.ആർ മെഗാ റാലി സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ സമാനമനസ്‌കരായ കക്ഷികളെ ഒന്നിച്ചുനിർത്തുന്നതിന് വേണ്ടിയാണ് റാലി നടത്തുന്നതെന്ന് ബി.ആർ.എസ് അറിയിച്ചു. കമ്മത്ത് നടക്കുന്ന റാലിയിൽ അഞ്ചുലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് ബി.ആർ.എസ് അവകാശപ്പെടുന്നത്.
പിണറായി വിജയനെക്കൂടാതെ എ.എ.പി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ജാർഖണ്ഡ് മുക്തി മോർച്ച നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൺ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ സമാജ്‌വാദി പാർട്ടി അധ്യക്ഷനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർക്കും ക്ഷണമുണ്ട്.
എ.എ.പിയുടെ രണ്ട് മുഖ്യമന്ത്രിമാരും ചൊവ്വാഴ്ച തന്നെ തെലങ്കാനയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. റാലിയിലേക്ക് ക്ഷണം കിട്ടിയതായും പങ്കെടുക്കുമെന്നും അഖിലേഷ് യാദവ് ലഖ്‌നൗവിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിവരുന്ന ഭാരത് ജോഡോ യാത്രയോട് അഖിലേഷ് യാദവ് അകലംപാലിക്കുകയായിരുന്നു. റാലിയിലേക്ക് ക്ഷണിച്ചെങ്കിലും അഖിലേഷ് പങ്കെടുത്തിരുന്നില്ല.
ഈ മാസാവസാനം ശ്രീനഗറിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്ങിലേക്ക് 21 ബി.ജെ.പിയിതര കക്ഷികളെ ക്ഷണിച്ച് കത്തയച്ചിട്ടുണ്ട്. ഇതിൽ ആരെല്ലാം ക്ഷണം സ്വീകരിക്കുമെന്ന് വ്യക്തമല്ല. നേരത്തെ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ യോഗങ്ങളോട് അകലംപാലിക്കാറുള്ള തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, കെ.സി.ആറിന്റെ നീക്കത്തോടുള്ള നിലപാട് അറിയിച്ചിട്ടില്ല. കോൺഗ്രസ് യോഗങ്ങളോട് നിസഹകരിക്കാറുള്ള എ.എ.പി കെ.സി.ആറിന്റെ ക്ഷണം സ്വീകരിച്ചതും രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി.
കെ.സി.ആറിന്റെ ക്ഷണം പിണറായി വിജയൻ സ്വീകരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, നേരത്തെ ഒന്നിലധികം തവണ തെലങ്കാനയിലെത്തി പിണറായി വിജയൻ, കെ.സി.ആറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ ചേരിയിലേക്ക് കോൺഗ്രസിനെ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."