HOME
DETAILS

നമ്മുടെ ജനാധിപത്യവും പ്രതിപക്ഷത്തിൻ്റെ ആവശ്യകതയും

  
backup
March 21 2022 | 04:03 AM

798653-2022-puthoor-rahman-todays-article

പുത്തൂർ റഹ്മാൻ

2024ലെ തെരഞ്ഞെടുപ്പു ഫലം തീരുമാനമായി എന്നതാണ് പോയവാരം പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിധിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിലയിരുത്തലുകളിലൊന്ന്. ഏറെക്കുറെ അതങ്ങനെത്തന്നെയായിരിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ ബി.ജെ.പി അധികാരം നിലനിർത്തിയത് പ്രാദേശികമായ ഐക്യമുന്നണികളുടെ അഭാവവും കോൺഗ്രസിന്റെ ക്ഷീണവും മുതലെടുത്തുകൊണ്ടാണ്. പ്രതിപക്ഷ ഐക്യനിര രൂപപ്പെടാത്ത രാഷ്ട്രീയശൂന്യതയിലാണ് ബി.ജെ.പി ശക്തമായ അടിത്തറ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയനയം അവരുടെ ശക്തികൊണ്ട് കളിക്കുക മാത്രമല്ല, എതിരാളികളുടെ ദൗർബല്യങ്ങൾ മുതലെടുക്കുക എന്നതു കൂടിയാണ്. പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയമാവട്ടെ ഒരു രാഷ്ട്രീയ ബദലുണ്ടെങ്കിൽ ജനങ്ങളുടെ തെരഞ്ഞെടുപ്പ് ബി.ജെ.പി മാത്രമല്ലെന്നതും വ്യക്തമാക്കുന്നു.


ബി.ജെ.പിയുടെ രാഷ്ട്രീയവിജയവും സംഘ്പരിവാർ സ്വാധീനവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശനിർണയിക്കുന്ന കാലം വന്നുകഴിഞ്ഞു. മുസ്‌ലിംവിരുദ്ധ ഹിന്ദുത്വ അജൻഡയിലൂടെ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ തീരുമാനങ്ങളെ എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കണമെന്നതിൽ അവർക്ക് സുചിന്തിതവും വ്യക്തവുമായ പദ്ധതിയുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസാവട്ടെ തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിലൂടെ ചരിത്രപരമായ പ്രതിസന്ധിയിലാണിന്ന്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമല്ല, നിലവിലെ നേതൃത്വമാണതിന്റെ പ്രതിസന്ധി. നിരന്തരമുള്ള തെരഞ്ഞെടുപ്പു പരാജയങ്ങൾക്കും അധികാരനഷ്ടങ്ങൾക്ക് ശേഷവും കോൺഗ്രസ് ഇപ്പോഴും നിലനിൽക്കുന്നുവെന്നത് അതിന്റെ പ്രത്യയശാസ്ത്രപരമായ യോഗ്യതയുടെ തെളിവാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസെന്ന പാർട്ടി അവസാനിച്ചാലും ഒരു പ്രത്യയശാസ്ത്രവും രാഷ്ട്രീയധാരയുമെന്ന നിലയിൽ അത് ഇന്ത്യയിലുണ്ടാവും.


ദേശീയ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതുപോലെ തെരഞ്ഞെടുപ്പു വരുമ്പോൾ സജീവമാകുന്നവരുടെ ഒരു ക്ലബായി ഒരു രാഷ്ട്രീയകക്ഷിക്കുമിനി മുന്നോട്ടുപോകാനാവില്ല. അധികാരമാഗ്രഹിക്കാതെ, ബോധ്യവും ആദർശവും രാഷ്ട്രീയലക്ഷ്യവുമുള്ള, രാജ്യത്തെ സേവിക്കുന്നവരുടെ നേതൃനിര ഉണ്ടാവേണ്ടതുണ്ട്. കഴിഞ്ഞകാലത്തെ കോൺഗ്രസിന്റെ കൈമുതലവരായിരുന്നു. കോൺഗ്രസിന്റെ ഇന്നത്തെ പതനത്തിൽനിന്ന് കോൺഗ്രസിനു മാത്രമല്ല, എല്ലാ രാഷ്ട്രീയപാർട്ടികൾക്കും പഠിക്കാനുണ്ട്. കേവലം തെരഞ്ഞെടുപ്പു പരിപാടി എന്നതിനപ്പുറമുള്ള സ്വന്തം രാഷ്ട്രീയ അജൻഡയും ലക്ഷ്യവും നിർണയിക്കുക എന്നതാണത്. ഒരുപക്ഷേ, പതിറ്റാണ്ടുകളിലൂടെ മാത്രമേ അതിന്റെ ഫലം കാണൂ. അതിന്റെ ഗുണം അനുഭവിക്കുക വരുന്ന തലമുറകളായിരിക്കും.


ദീർഘകാലമായി ആർ.എസ്.എസ് വിഭാവനം ചെയ്ത രാഷ്ട്രീയപദ്ധതിയുടെ ഫലമാണ് ഇപ്പോൾ ബി.ജെ.പി കൊയ്തുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസിന്റെ മുൻ സർസംഘചാലകായിരുന്ന കെ.എസ് സുദർശൻ, 2006 സെപ്റ്റംബറിൽ സ്വാമി രാമകൃഷ്ണ പരമഹംസരുടെ ജനനം പരാമർശിച്ചുകൊണ്ടു സംസാരിക്കവേ ഒരു മാറ്റത്തിന്റെ പ്രക്രിയ ആരംഭിച്ചതിനെക്കുറിച്ചു പറയുകയുണ്ടായി. ഹിന്ദുത്വയുടെ സുവർണകാലം വരുന്നതിനെപ്പറ്റിയായിരുന്നു അത്. വിദൂരഭാവി ലക്ഷ്യമാക്കി പദ്ധതികൾ മെനയുകയും പ്രവർത്തിക്കുകയും ചെയ്ത സംഘത്തിന്റെ അപ്പോഴത്തെ തലവനെന്ന നിലക്ക് അദ്ദേഹം പറഞ്ഞത് കൃത്യമായിരുന്നുവെന്ന് ഇന്നു നമുക്കു കാണാം. അപ്പോൾ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 2014ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അദ്ദേഹത്തിന്റെ കൈയിലെത്തുമെന്ന് അന്നാരും കരുതിയിരുന്നില്ല. സംഘ്പരിവാറും മോദിയും പ്രവർത്തിക്കുന്നത് പെട്ടെന്നുള്ള ലാഭനഷ്ടത്തെക്കാൾ ദീർഘകാല താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടിയാണെന്ന് നാം ഇനിയെങ്കിലും മനസിലാക്കണം. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഒരുക്കവും വിജയവും ഉൾപ്പെടെ ആ പ്രവർത്തനപദ്ധതിയുടെ ഫലമാണ്. 2024ലെ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ സ്വഭാവത്തിന്റെ ദിശാസൂചന തന്നെയാണിവയെല്ലാം. കൃത്യമായ രൂപരേഖയുടെ ഫലമായി ഇവയെ കണക്കാക്കണം. ഹിന്ദുത്വയുടെ ഈ മുന്നേറ്റത്തെ പ്രതിരോധിക്കാനും കൃത്യമായ രൂപരേഖയും ദീർഘകാല പദ്ധതികളും തന്നെ വേണം. അല്ലെങ്കിൽ അവർ സ്വയം തകരുന്നതുവരെ കാത്തിരിക്കേണ്ടി വരും.


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവേളയിലാണ് നാം. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണത്. മുക്കാൽ നൂറ്റാണ്ടുകാലം നമ്മുടെ ജനാധിപത്യം അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത ചരിത്രമാണത്. വൈവിധ്യമുള്ളതും ബഹുഭാഷാപരവും ബഹുമതപരവുമായ ഒരു സമൂഹത്തിൽ സമ്പൂർണ ജനാധിപത്യം കെട്ടിപ്പടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും നാനാത്വത്തിൽ ഏകത്വം വിളംബരപ്പെടുത്തുന്നതും എല്ലാവർക്കും തുല്യാവകാശങ്ങൾ ഊന്നിപ്പറയുന്നതും മതപരവും ദേശ-ഭാഷാപരവുമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതുമായ ഒരു രാഷ്ട്രീയഘടന രാജ്യത്തിനുണ്ടായി എന്നത് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ വളർച്ചയെ ഏറെ തുണച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവും ഭരണഘടനയും എല്ലാ ഇന്ത്യക്കാരുടെയും മൗലികാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള അടിത്തറ പാകി. ബഹുസ്വരതയും തുല്യപൗരത്വവും ഉറപ്പാക്കുന്ന പ്രസ്തുത ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ വെല്ലുവിളികൾ ആവർത്തിച്ച് ഉയർന്നുവരുന്നു. ആ വെല്ലുവിളികൾക്കെതിരേ വിരലനക്കാനാവാതെ നിരാശരായി നോക്കിനിൽക്കേണ്ടിവരുന്ന കാലമാണ് മുന്നിലുള്ളത്. രാജ്യം ചരിത്രത്തിന്റെ ഒരു ദശാസന്ധിയിലാണെന്നു ചുരുക്കം. എല്ലാ ബി.ജെ.പിവിരുദ്ധ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു ഐക്യമുന്നണി രൂപീകരിക്കുന്നതിൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടാൽ 2024ലെ തെരഞ്ഞെടുപ്പോടെ രാജ്യത്തിന്റെ രാഷ്ട്രീയഘടന തിരുത്തപ്പെടുമെന്നതുറപ്പാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി ഇന്ത്യയിലൊരു പ്രത്യയശാസ്ത്ര യുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വ്യക്തമായ ബദൽ പ്രത്യയശാസ്ത്രവും സാമ്പത്തിക പരിപാടിയും ഉപയോഗിച്ച് ഇതിനെ ചെറുക്കുന്നൊരു മറുപക്ഷം രൂപപ്പെടാതെ ഇനിയൊരു മോചനമില്ല. ദുർബലമായ കോൺഗ്രസിനെയും ദേശീയതലത്തിലുള്ള പ്രായോഗിക ബദൽചേരിയുടെ അഭാവവും മുതലെടുത്തു ഭരണകക്ഷിയായ ബി.ജെ.പി രാജ്യമാകെ കൈയിലൊതുക്കുകയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രം ആഴത്തിൽ പഠിച്ച രാമചന്ദ്ര ഗുഹ തെരഞ്ഞെടുപ്പുഫലങ്ങൾ വിലയിരുത്തി നടത്തിയ നിരീക്ഷണങ്ങൾ കോൺഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമാണെന്ന തരത്തിലാണ്. ഗാന്ധി കുടുംബത്തിന്റെ കോൺഗ്രസിലെ സാന്നിധ്യം പോലും മോദിക്കും ബി.ജെ.പിക്കും അവരുടെ പരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഉപകാരപ്പെടുന്നത്. ഭരണകൂടത്തിന്റെ വർത്തമാനകാല പരാജയങ്ങളിൽനിന്ന് മോദിയും സംഘവും വിഷയം മാറ്റുന്നത് കോൺഗ്രസിന്റെ ഭൂതകാലത്തെ കുറ്റപ്പെടുത്തിയാണ്. കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ഇപ്പോഴത്തെ നേതൃത്വംതന്നെ ഒരു തടസമാണെന്നാണ് രാമചന്ദ്ര ഗുഹ തുറന്നുപറഞ്ഞത്. ഇതൊരു വർത്തമാനകാല യാഥാർഥ്യമാണിന്ന്. ഈ യാഥാർഥ്യത്തെ ഉൾക്കൊള്ളുകയും ഒപ്പം യു.പി തെരഞ്ഞെടുപ്പു ഫലം തന്നെ തരുന്ന ഒരാശ്വാസത്തെ പഠനവിധേയമാക്കുകയും വേണം.


ബി.ജെ.പിയിൽ നിന്ന് അമ്പതോളം സീറ്റുകൾ നേടിയാണ് സമാജ് വാദി പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. അവർ മികച്ച വോട്ടുവിഹിതവും നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ബി.ജെ.പിയുടെ ഏക എതിരാളിയായി എസ്.പി ഉയർന്നുവന്നു. നേരത്തെ ബംഗാളിൽ തൃണമൂൽ കോൺഗ്രസും തമിഴ്‌നാട്ടിൽ ഡി.എം.കെയും ഉയർന്നുവന്നു. യു.പിയിൽ എസ്.പിയുടെ വോട്ടുവിഹിതവും വിജയവും കൂട്ടുന്നതിൽ നിർണായകപങ്കു വഹിച്ചത് മുസ്‌ലിം വോട്ടുകളാണെന്നതും കൂട്ടിവായിക്കാം. ഓരോ സംസ്ഥാനത്തും പുതിയ രാഷ്ട്രീയചേരികളും കൂട്ടുകെട്ടുകളും ഇങ്ങനെ ഉയർന്നുവരും. ജനങ്ങളുമായി ആശയവിനിമയം നടത്താൻ വിനയവും സംവേദനക്ഷമതയുമുള്ള, ഇന്ത്യൻ ജനതയുടെ അഭിലാഷം മനസ്സിലാക്കുന്ന നേതാക്കളെയും ഈ കൂട്ടുകെട്ടുകൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം. പാർട്ടി മെഷിനറി എന്നു വിളിക്കപ്പെടുന്ന അണികൾ കുറച്ചുപേർക്ക് തെരഞ്ഞെടുപ്പു വിജയങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന പഴയ രാഷ്ട്രീയയുഗം രാജ്യത്ത് അവസാനിച്ചുകഴിഞ്ഞു. വിജയംപോലെ പരാജയവും ശാശ്വതമല്ല, പ്രതിപക്ഷ ഐക്യനിര രൂപപ്പെടുകതന്നെ ചെയ്യും. അതെത്ര വേഗത്തിലാവുന്നോ അത്രയും നല്ലതെന്നു പ്രതീക്ഷിക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago