ശ്രദ്ധയുണർത്തുന്ന അസുഖങ്ങൾ
ഉൾക്കാഴ്ച
മുഹമ്മദ്
യഥേഷ്ടം ഉയർത്താനും താഴ്ത്താനും കഴിയുമായിരുന്ന കൈകൾക്ക് ഒരുദിവസം ശേഷി നഷ്ടപ്പെട്ടുവെന്നു കരുതുക. താഴ്ത്തിയിടത്തുനിന്ന് ഒരുനിലയ്ക്കും ഉയർത്താൻ കഴിയാത്ത സ്ഥിതി. ഒരു മാസത്തോളം നീണ്ട ഉഴിച്ചിലിനു ശേഷം അതൊരുവിധം നേരെയായി. കാഷ് കൗണ്ടറിൽനിന്ന് ബില്ല് തന്നു; ഇരുപത്തയ്യായിരം രൂപ. വൈദ്യൻ പലവിധ പഥ്യങ്ങളും നിർദേശിച്ചു. ഒരു മാസത്തോളം ജോലികളൊന്നും ചെയ്യാതെ ബെഡ് റെസ്റ്റ് എടുക്കാനും പറഞ്ഞു.
നിങ്ങളെന്തു ചെയ്യും? സ്വീകരിക്കുമോ ഇല്ലെയോ? തീർച്ചയായും സ്വീകരിക്കും.
ബില്ല് ഇരുപത്തയ്യായിരമല്ല, അമ്പതിനായിരമാണെങ്കിലും അതിന്റെ പേരിൽ വിലപേശാനോ തർക്കിക്കാനോ നിൽക്കില്ല. പഥ്യങ്ങൾ പാലിക്കാൻ കഴിയില്ലെന്നു പറയാനും നിൽക്കില്ല.
താഴ്ന്നുപോയ കൈ ഉയർത്തിക്കിട്ടാനാണ് ഈവക ത്യാഗങ്ങളെല്ലാം സഹിക്കേണ്ടത്. എങ്കിൽ ജീവിതകാലം മുഴുവൻ പ്രയാസങ്ങളേതുമില്ലാതെ കൈകളുയർത്താനും താഴ്ത്താനും കഴിവുതന്ന സ്രഷ്ടാവിന്റെ ബില്ല് എത്രയായിരിക്കും!
ഒരു വയോവൃദ്ധനുണ്ടായിരുന്നു. പ്രായം എമ്പതു തികഞ്ഞിട്ടുണ്ട്. പണ്ടത്തെപ്പോലെ ശരീരമനങ്ങി തൊഴിലെടുക്കാനൊന്നും ഇപ്പോൾ വയ്യ. നടക്കാനും ഇരിക്കാനുമെല്ലാം പരസഹായം വേണം. ഒരിക്കൽ അദ്ദേഹത്തിന് മൂത്രതടസമുണ്ടായി. ആകെ പ്രയാസപ്പെട്ടു. മക്കൾ തോളിലേറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
ചുരുക്കിപ്പറയാം, ചികിത്സ ഫലം കണ്ടു. രോഗം ഭേദമായി. മക്കൾ ഡോക്ടർക്കു നന്ദി പറഞ്ഞു. അദ്ദേഹം ചെയ്ത സേവനത്തെ നന്നായി പുകഴ്ത്തി. അതെല്ലാം വിറക്കുന്ന ശരീരവുമായി നോക്കിനിൽക്കുകയായിരുന്നു ആ പിതാവ്.
ഡോക്ടർക്ക് അഭിനന്ദം അറിയിച്ചുകൊണ്ടുള്ള മക്കളുടെ സംസാരം കേട്ടപ്പോൾ അദ്ദേഹത്തിന് കരച്ചിലടക്കാനായില്ല. മക്കൾ ചോദിച്ചു: ‘എന്തിനാണ് അങ്ങ് കരയുന്നത്? രോഗം ഭേദമായില്ലേ...’
അദ്ദേഹം പറഞ്ഞു: ‘ജീവിതത്തിൽ ആകെ ഒരുതവണ മാത്രമാണ് ഈ ഡോക്ടർ എന്നെ സഹായിച്ചത്. അതിന്റെ പേരിൽ നാം അദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. എന്നാൽ എമ്പതു വർഷക്കാലമായി ദയാനിധിയായ അല്ലാഹു എന്നെ സഹായിച്ചു കൊണ്ടേയിരിക്കുന്നു. ഞാനെവിടെയാണോ അവിടെവച്ചു തന്നെയാണ് അവൻ എന്നെ സഹായിക്കുന്നത്. ഡോക്ടറുടെ സഹായം കിട്ടാൻ ഇത്ര കഷ്ടപ്പെട്ട് നമുക്ക് ഇവിടംവരെ വരേണ്ടിവന്നു. ചികിത്സിച്ചതിന് ഡോക്ടർക്ക് പറഞ്ഞ പണം കൊടുക്കുകയും ചെയ്തു. എന്നാൽ അല്ലാഹു തന്റെ അനുഗ്രഹങ്ങൾക്ക് ഒരുവിധ തുകയും ഈടാക്കുന്നില്ല. എന്നിട്ടും അവന്റെ ഔദാര്യം നാം അറിയുന്നില്ല. അവനെ പുകഴ്ത്തുന്നുമില്ല! അതോർത്താണെന്റെ സങ്കടം!’
നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടാൻ ഡോക്ടർക്ക് പറഞ്ഞ പണം നാം കൊടുക്കുമെങ്കിൽ കാഴ്ചശക്തി നൽകുകയും നൽകിയതിനെ നഷ്ടപ്പെടാതെ കാത്തുസംരക്ഷിക്കുകയും ചെയ്യുന്ന സ്രഷ്ടാവിനു എന്തു കൊടുക്കും; അല്ല, നാം എന്തുകൊടുക്കുന്നു?
ഡോക്ടർ കാഴ്ച നൽകുന്നില്ല, കാഴ്ച തിരിച്ചുകിട്ടാനുള്ള വഴികൾ ഒരുക്കുന്നുവെന്നേയുള്ളൂ. വെറും മാധ്യമം മാത്രമാണ് അദ്ദേഹം. കാഴ്ച തരുന്നവൻ അല്ലാഹു മാത്രം. എന്നിട്ടും മാധ്യമത്തിന് നാം അമിതപ്രധാന്യം നൽകുന്നു! ഉത്ഭവസ്ഥാനത്തെ മറന്നുകളയുകയും ചെയ്യുന്നു! തപാൽശിപായിക്കാണ് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നത്. പണമയച്ച വ്യക്തിക്ക് ചെറിയൊരു നന്ദിപോലുമില്ല!
ആശുപത്രികളിൽ ബില്ലടയ്ക്കുമ്പോൾ അല്ലാഹുവിന്റെ ഔദാര്യമാണ് ചിന്തയിലേക്കോടിയെത്തേണ്ടത്. അവൻ തന്ന ശരീരത്തെ റീപെയർ ചെയ്തുതന്നതിന് സൃഷ്ടി പണം ചോദിക്കുന്നു. എന്നാൽ ആ ശരീരത്തെ നൽകുകയും അതിന്റെ മുഴുപ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്രഷ്ടാവ് ഒരഞ്ചുപൈസ പോലും ഈടാക്കുന്നില്ല.
ഡയാലിസിസ് വഴി ഒരുനേരം രക്തം ശുദ്ധീകരിച്ചുതരുന്നതിന് ആശുപത്രി അധികൃതൻ വൻതുക ആവശ്യപ്പെടുമ്പോൾ ഇത്രയുംകാലം ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ, ഒരിടത്തും പോകേണ്ട ഗതിയില്ലാതെ, നാംപോലും അറിയാതെ നമുക്കു സൗജന്യമായി നിമിഷംതോറും രക്തം ശുദ്ധീകരിച്ചുതരുന്ന അല്ലാഹുവിനെ ഓർക്കാതെ പോകരുത്. കുറഞ്ഞുപോയ കാഴ്ചശക്തിയെ തിരിച്ചുപിടിക്കാനുള്ള കണ്ണടയ്ക്ക് കച്ചവടക്കാർ അവർക്ക് ഇഷ്ടമുള്ള വില ഈടാക്കുമ്പോൾ ഒരു കണ്ണടയുടെയും ആവശ്യമില്ലാതെ തികച്ചും സൗജന്യമായി മികച്ച കാഴ്ചശക്തി തന്ന അല്ലാഹുവിനെ കാണാതെ പോകരുത്.
ശരീരത്തിൽ ഓരോ നിമിഷവും നാം സൗജന്യമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദൈവികാനുഗ്രഹങ്ങളുടെ വിലയറിയണമെങ്കിൽ ഏതെങ്കിലുമൊരു ഭാഗം എപ്പോഴെങ്കിലും പ്രവർത്തനരഹിതമായാൽ മതി. അതു തിരിച്ചുകിട്ടാൻ ഒരുപക്ഷേ, നമ്മുടെ കൈവശമുള്ള പണം തികയാതെ വരും.
ശരീരത്തിലെ ഏതെങ്കിലുമൊരു അവയവത്തിലെ ചെറിയൊരു ഭാഗം പൂർണാരോഗ്യത്തിൽ പ്രവർത്തിപ്പിക്കാനുള്ള ഡ്യൂട്ടി ഡോക്ടർമാർക്ക് അല്ലാഹു വിട്ടുകൊടുത്തിരുന്നുവെങ്കിൽ നാം ഗതികെട്ടേനെ! അപ്പോൾപിന്നെ ശരീരം മുഴുവൻ മുഴുവൻ പൂർണാരോഗ്യത്തിൽ പ്രവർത്തിപ്പിക്കാനുള്ള അധികാരം കൊടുത്താലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. അസുഖങ്ങൾ സുഖം തന്നവനെ ഓർക്കാനുള്ള അവസരങ്ങളാണെന്നു മറക്കാതിരിക്കുക.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."