എൽ.ജെ.ഡി-ആർ.ജെ.ഡിയിൽ ലയിച്ചു ശരത് യാദവും ലാലുവും ഇനി ഒന്നിച്ച്
ന്യൂഡൽഹി
മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ലയിച്ചു. ഇന്നലെ ഡൽഹിയിൽ ശരത് യാദവിന്റെ വസതിയിലായിരുന്നു പരിപാടികൾ നടന്നത്.
ജനതാദളിൻ്റെ വിവിധ ഘടകങ്ങളെ ഒന്നിപ്പിക്കാനുള്ള ശരത് യാദവിന്റെ ശ്രമത്തിൻ്റെ തുടക്കമായാണ് ലയനം വിലയിരുത്തപ്പെടുന്നത്. ശരത് യാദവിന് ആർ.ജെ.ഡി രാജ്യസഭാംഗത്വം നൽകിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
2018ൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിൽ നിന്ന് തെറ്റിപ്പിരിഞ്ഞാണ് ശരത് യാദവും അലി അൻവറും ചേർന്ന് എൽ.ജെ.ഡി രൂപീകരിച്ചത്. ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ നിതീഷിൻ്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. എന്നാൽ എൽ.ജെ.ഡിക്ക് ദേശീയ തലത്തിലോ ബീഹാറിലോ ചലനമുണ്ടാക്കാനായില്ല.
1997ൽ ജനതാദൾ വിട്ട് ആർ.ജെ.ഡി രൂപീകരിച്ച ലാലുവും യാദവും കാൽനൂറ്റാണ്ടിന് ശേഷമാണ് ഒരേകുടക്കീഴിൽ അണിനിരക്കുന്നത്.
'ഐക്യത്തിന്റെ
ആദ്യ ചുവട്'
ലയനം പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനായുള്ള ആദ്യ ചുവട് വയ്പാണെന്ന് ശരത് യാദവ്. ബി.ജെ.പിയെ തറപറ്റിക്കണമെങ്കിൽ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ രാഷ്ട്രീയപ്പാർട്ടികൾ ഐക്യപ്പെടണം. നിലവിൽ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുക എന്നതുമാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും ആര് നയിക്കണമെന്നത് അതിനുശേഷം തീരുമാനിക്കുമെന്നും യാദവ് പറഞ്ഞു.
ജനതാൽപര്യം: ആർ.ജെ.ഡി
ലയനം ജനതാൽപര്യമനുസരിച്ചാണെന്ന് ആർ.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് പറഞ്ഞു. 2019ൽ പ്രതിപക്ഷം ഒന്നിക്കേണ്ടതായിരുന്നെന്നും ഇനിയും താമസിച്ചിട്ടില്ലെന്നും തേജസ്വി പറഞ്ഞു.
കേരളഘടകം
തീരുമാനമായില്ല
എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എൽ.ജെ.പി കേരളഘടകം ലയനത്തെ അനുകൂലിച്ചിട്ടില്ലെങ്കിലും ചർച്ച തുടരുമെന്ന് ശരത് യാദവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."