സി.പി.എം ട്രേഡ് യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ആർ. ചന്ദ്രശേഖരൻ
ആലപ്പുഴ
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി വിലക്കിയതിൽ പരാതിയില്ലെന്നും കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ അനുസരിക്കുമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
സി.പി.എം. സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കേണ്ടെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നിർദ്ദേശം. പാർട്ടി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണത്. സി.ഐ.ടി.യുവിന്റെ പരിപാടിയാണെങ്കിൽ ട്രേഡ് യൂനിയൻ എന്ന നിലയിൽ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എനിക്ക് ശക്തമായ രാഷ്ട്രീയമുണ്ട്. എന്ത് പ്രസംഗിക്കണമെന്നും അറിയാം. വിലക്കിന്റെ കാര്യത്തിൽ തീരുമാനം പറയേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വമാണെന്ന കെ.വി തോമസിന്റെ അഭിപ്രായത്തെപ്പറ്റി ചോദിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി. കെ.വി. തോമസിന് മന്ത്രിസ്ഥാനമടക്കമുള്ളവ കിട്ടിയിട്ടുണ്ട്. താനൊരു പാവപ്പെട്ട തൊഴിലാളി പ്രവർത്തകനാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."