ഉക്രൈനില്‍ സ്ഥിരമായ സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഉര്ദുഗാന്
അങ്കാറ: റഷ്യക്കും ഉക്രൈനുമിടയില്‍ സ്ഥിരമായ സമാധാനം സ്ഥാപിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സന്നദ്ധത അറിയിച്ചത്. ഉര്ദുഗാന് സമാനമായ വാഗ്ദാനങ്ങള്‍ നേരത്തേ നടത്തുകയും ഉക്രൈന്-റഷ്യ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ സുഗമമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.
തടവുകാരുടെ കൈമാറ്റം, പ്രത്യേകിച്ച് പരിക്കേറ്റ തടവുകാരെ കുറിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ഉര്‍ദുഗാന്റെ ഓഫിസ് അറിയിച്ചു. ഗോതമ്പും മറ്റ് ഭക്ഷ്യവിളകളും ബോസ്പോറസ് വഴി അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കുന്നതിന് ഉക്രൈനിനേയും റഷ്യയേയും അനുവദിക്കുന്നതിനുള്ള ധാന്യ ഇടനാഴിയെക്കുറിച്ചും ചര്‍ച്ച ചെയ്തു. അമോണിയം കയറ്റുമതിയും റഷ്യന്‍ ഗ്യാസ് വിതരണവും തുര്‍ക്കിയില്‍ റീജ്യനല്‍ ഗ്യാസ് ഹബ് സ്ഥാപിക്കുന്നതും ചര്‍ച്ചയായി.
റഷ്യന്‍ സൈന്യം ഇപ്പോഴും ഉക്രൈനിലെ പലപ്രദേശങ്ങളും കൈവശപ്പെടുത്തിയതിനാല്‍ യുദ്ധം നിര്‍ത്തുക എന്ന ആശയം ഉക്രൈന് നേരത്തേ നിരസിച്ചിരുന്നു. ജനുവരി ഏഴിന് ഓര്‍ത്തഡോക്സ് ക്രിസ്മസിന് മുമ്പ് 36 മണിക്കൂര്‍ വെടിനിര്‍ത്തലിന് പുടിന് ഉത്തരവിട്ടെങ്കിലും ഈ നീക്കം ഉക്രൈന് തള്ളുകയായിരുന്നു. റഷ്യ അധിനിവേശ ഭൂമിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് വരെ ഒരു സന്ധിയും ഉണ്ടാകില്ലെന്നാണ് ഉക്രൈനിന്റെ നിലപാട്.
റഷ്യന്‍ സഖ്യകക്ഷിയായ സിറിയയുമായുള്ള നയതന്ത്രബന്ധം തുര്‍ക്കി സാധാരണ നിലയിലാക്കുന്നതും ചര്‍ച്ച യായി. സിറിയയുമായി തുര്‍ക്കി ബന്ധം വിച്ഛേദിക്കുകയും സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും ചെയ്ത ശേഷം ഒരു ദശാബ്ദത്തിലേറെയായി ബന്ധം മോശമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."