കോടതി ഉത്തരവ് എന്നെ മാത്രം ബാധിക്കുന്നതല്ല, കേസിന് പിന്നില്‍ അധികാരപ്രേമന്മാര്‍: വെള്ളാപ്പള്ളി
ആലപ്പുഴ: എസ്.എന്‍. ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊതുവായ വിധിയാണ് വന്നത്. എല്ലാ ട്രസ്റ്റികളെയും ബാധിക്കുന്നതാണ് വിധി.
താന്‍ കേസില്‍ പ്രതിയല്ല. വിചാരണ നടത്തിയിട്ടില്ല. 14 വര്‍ഷം മുന്‍പ് എസ്എന്‍ ട്രസ്റ്റിന്റെ എക്‌സിബിഷന്‍ നടത്തിയതില്‍ സാമ്പത്തിക ആരോപണം ഉയര്‍ന്നു. ആ കേസില്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. പിന്നീട് പുനരന്വേഷണം നടത്തി. അതിലൊന്നും തന്നെ പ്രതി ചേര്‍ത്തിട്ടില്ല.
തന്നെ കള്ളനാക്കി, വെടക്കാക്കി തനിക്കാക്കണം. ഈ സ്ഥാനം മോഹിച്ച് പ്രേമിച്ച് നടക്കുന്ന ചില പ്രേമന്മാരുണ്ട്. അവരുടെ താത്പര്യം സംരക്ഷിക്കാന്‍ എന്നെ ഒരു ക്രിമിനല്‍ കേസില്‍പ്പെടുത്തി ശിക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ലിത്. 14 വര്‍ഷം മുമ്പ് മുതലുള്ള കാര്യമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി വരെ എത്രകേസില്‍ പ്രതിയായിക്കാണും? കുറ്റക്കാരായി ശിക്ഷിക്കപ്പെട്ടവര്‍ പോലും ഭരിക്കുന്ന കാലമാണിത്. തന്നെ ശിക്ഷിച്ചിട്ടില്ല, കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ല, ചാര്‍ജും കൊടുത്തിട്ടില്ല. തെറ്റായ ധാരണകളും പ്രചാരണവും നടക്കുന്നുണ്ടെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
എന്നെ സാമ്പത്തിക കേസില്‍ പെടുത്തുകയല്ലാതെ ജനകീയകോടതിയില്‍ വന്ന് ഇവര്‍ക്ക് ആര്‍ക്കും ഒരു ചുക്കും എസ്.എന്‍.ഡി.പി. യോഗത്തിലോ എസ്.എന്‍. ട്രസ്റ്റിലോ ചെയ്യാന്‍ സാധിക്കില്ല- വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."