മക്ക ഹറം പള്ളിയിൽ കുട്ടികൾ വഴി തെറ്റാതിരിക്കാൻ പ്രത്യേക വളകൾ വിതരണം ചെയ്യുന്നു
മക്ക: വിശുദ്ധ മക്കയിലെ ഹറം പള്ളിയിൽ ആൾക്കൂട്ടത്തിൽ കുട്ടികൾ വഴിതെറ്റിപ്പോകാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി സംവിധാനവുമായി ഇരു ഹറം കാര്യാലയ വകുപ്പ്. വഴി തെറ്റുന്നത് ഒഴിവാക്കാനായി ഉംറ നിർവഹിക്കാൻ മാതാപിതാക്കളെ അനുഗമിക്കുന്ന കുട്ടികൾക്ക് പ്രത്യേക ബ്രായ്‌സ്‌ലെറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഇരു ഹറം കാര്യാലയ വകുപ്പ് ആരംഭിച്ചു.
വരാനിരിക്കുന്ന വിശുദ്ധ മാസമായ റമദാനിൽ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ഉംറ തീർഥാടകരുടെ വൻ പ്രവാഹം പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസിഡൻസിയുടെ ഈ പദ്ധതി. പ്രസിഡൻസിയുടെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി "നിങ്ങളുടെ കുട്ടി ഞങ്ങളോടൊപ്പം സുരക്ഷിതനാണ്" എന്ന തലക്കെട്ടിലുള്ള സംരംഭം, യുവ സന്ദർശക സേവന വകുപ്പ് സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
ഹറം പള്ളിയുടെ മുഴുവൻ ഭാഗങ്ങളിലും കുട്ടികൾക്കുള്ള വളകൾ വിതരണം ചെയ്യുന്നതിനായി വകുപ്പ് ജീവനക്കാരെ വിന്യസിക്കും. തീർഥാടകർക്ക് അവരുടെ സുരക്ഷയും സൗകര്യവും നൽകുന്നതോടൊപ്പം ഏറ്റവും മികച്ചതും ഉന്നതവുമായ സേവനങ്ങൾ നൽകുന്നതിനുള്ള ഹറം കാര്യാലയ വകുപ്പിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതിയെന്ന് സാമൂഹിക, സന്നദ്ധ സേവനങ്ങൾക്കായുള്ള പ്രസിഡൻസിയുടെ ഉപമേധാവി എഞ്ചിനിയർ അംജദ് അൽ ഹസ്മി പറഞ്ഞു.
ഗ്രാൻഡ് മസ്ജിദിൽ തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സാമൂഹിക ഉത്തരവാദിത്തത്തിന്റെ നിലവാരം ഉയർത്താനും വകുപ്പിന് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."