'മോദിക്കെതിരെ കോൺഗ്രസ് ഒറ്റക്കെട്ട്'; ഇത് കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്നും ശശി തരൂർ
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് കോൺഗ്രസ് എം.പി ശശിതരൂർ. ഇത്തവണ ട്രെൻഡ് യു.ഡി.എഫിന്റെ ഭാഗത്തേക്കാണെന്നും സർവ്വേകൾ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അങഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതിയാണെന്നും ശശിതരൂർ തുറന്നടിച്ചു. കേരളത്തിൽ നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യം ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇത്രയും മതിയോ കേരളത്തിനെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. യു.ഡി.എഫ് പ്രകടന പത്രിക പോസിറ്റിവ് ആണെന്നു പറഞ്ഞ അദ്ദേഹം മുന്നണി അധികാരത്തിൽ വന്നാൽ സമഗ്ര വിദ്യാഭ്യസ പരിഷ്‌ക്കരണം ഉറപ്പു നൽകി.
പല അഴിമതികളും പ്രശ്‌നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. ഇരട്ട വോട്ടിൽ ക്രമക്കേട് പുറത്ത് വന്നത് കോൺഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ്. എല്ലാ തെളിവുകളുമുണ്ട്- അദ്ദേഹം അവകാശപ്പെട്ടു.
പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം ചർച്ച ചെയ്യേണ്ട സമയമിതല്ലെന്നു പ്രതികരിച്ച അദ്ദേഹം മോദിക്കെതിരെ കോൺഗ്രസിൽ എതിരഭിപ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ആകെ കൂടിയത് മൂന്ന് തവണ മാത്രമാണ്. കോൺഗ്രസ് ഒരു ഗ്രൂപ്പിലും പങ്കാളിയല്ലെന്നും കോൺഗ്രസ് രാജ്യത്ത് മടങ്ങി വരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഗുജറാത്ത് കേരളത്തിൽ വേണ്ട എന്നതിനാലാണ് നേമത്തെ പോരാട്ടം.
ഉത്തരവാദിത്വം വേണ്ടെന്നു താൻ പറഞ്ഞിട്ടില്ല. ഒരു ഉത്തരവാദിത്തവും ആവശ്യപ്പെട്ടിട്ടുമില്ല. പാർട്ടി പറയുന്നത് ചെയ്യും. യുഡിഎഫിന് വേണ്ടി പാർട്ടി ആവശ്യപ്പെട്ട എല്ലായിടത്തും ഞാൻ പ്രചാരണത്തിന് പോയിട്ടുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."