ഇതാണ് പ്രതിപക്ഷത്തിൻ്റെ സമയം
2023ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലായി നടക്കാൻ പോകുന്നു. മൂന്ന് സംസ്ഥാനങ്ങളിലും നിലവിൽ ബി.ജെ.പിയോ ബി.ജെ.പി സഖ്യകക്ഷികളോ ആണ് ഭരിക്കുന്നത്. ത്രിപുരയിൽ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മേഘാലയയിൽ മൂന്ന് സീറ്റ് മാത്രമാണ് ബി.ജെ.പിക്കുള്ളതെങ്കിലും ഭരിക്കുന്ന എൻ.പി.പിയുമായി ഭരണം പങ്കിടുന്നുണ്ട്. നാഗാലാൻഡിൽ 42 സീറ്റുമായി സർക്കാരിന് നേതൃത്വം നൽകുന്ന എൻ.ഡി.പി.പിക്കൊപ്പം 12 സീറ്റുള്ള ബി.ജെ.പിയും ഭരണത്തിലാണ്. ത്രിപുരയിലും മേഘാലയയിലും പേരിനെങ്കിലും പ്രതിപക്ഷമുണ്ടെങ്കിൽ നാഗാലാൻഡിൽ ഒരാൾ പോലുമില്ല.
കൂറുമാറ്റവും തമ്മിലടിയുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിക്കൽ ശക്തരായിരുന്ന കോൺഗ്രസിനെ അവിടെ ഇല്ലാതാക്കിയത്. രണ്ടുപതിറ്റാണ്ട് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ത്രിപുരയിൽ 2018 മുതൽ പാർട്ടി ഒട്ടും പ്രതീക്ഷ നൽകാത്തവിധം തകർന്നുപോയി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏറെ നാളില്ല. പ്രതിപക്ഷ സഖ്യമെന്ന പ്രഖ്യാപനം വായ്ത്താരി മാത്രമല്ലെങ്കിൽ ഇതാണ് സമയം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുതൽ പ്രതിപക്ഷ സഖ്യമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പാർട്ടികൾ തയാറാകണം.
ബി.ജെ.പിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന കാര്യത്തിൽ പ്രതിപക്ഷത്തിനിടയിൽ എതിരഭിപ്രായമില്ല. ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്തുന്ന ഇടപെടലുകൾ മുതൽ രാജ്യത്തിന്റെ വൈവിധ്യവും മതേതരത്വവും തകർക്കാൻ നടത്തുന്ന ശ്രമങ്ങൾവരെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ചുള്ള വേട്ടയാടലുണ്ട്. എല്ലാവരും അതിന്റെ ഇരകളുമാണ്. നിലവിൽ മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ബി.ജെ.പിയെ എതിരിടാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ പൂച്ചക്കാര് മണി കെട്ടുമെന്നതാണ് ചോദ്യം. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ടി.ആർ.എസ് മെഗാറാലി പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന്റെ വിളംബരമായെങ്കിലും അതിൽ കോൺഗ്രസുണ്ടായില്ല.
ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ പ്രതിപക്ഷപ്പാർട്ടികളുടെ യോഗം വിളിച്ചാൽ അതിൽ ടി.ആർ.എസോ വൈ.എസ്.ആർ കോൺഗ്രസോ തൃണമൂൽ കോൺഗ്രസോ ആംആദ്മി പാർട്ടിയോ പങ്കെടുക്കില്ല. രാജ്യം മുഴുവൻ സാന്നിധ്യമുള്ള കോൺഗ്രസിനെ മാറ്റിനിർത്തി പ്രാദേശികപാർട്ടികൾ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നത് വിഡ്ഢിത്തമാണെന്ന് ആർക്കാണറിയാത്തത്. പശ്ചിമബംഗാളിലെ ശക്തരായ തൃണമൂലിനെ ആർക്കാണ് മാറ്റിനിർത്താനാവുക. ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആംആദ്മി പാർട്ടിയെ എങ്ങനെയാണ് ചെറുതായി കാണാൻ പറ്റുക. പ്രാദേശിക വൈരുധ്യങ്ങൾക്കിടയിലും പൊതുവായ പ്രശ്‌നങ്ങളിൽ ദേശീയ തലങ്ങളിലെങ്കിലും ഒന്നിച്ചുനിൽക്കാനായില്ലെങ്കിൽ ഏറെ വൈകാതെ രാജ്യത്ത് പ്രതിപക്ഷമെന്ന സങ്കൽപ്പം പോലും ബാക്കിയുണ്ടാകില്ല.
2018ലെ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ 16 സീറ്റ് മാത്രം നേടാനായ സി.പി.എം ഇപ്പോൾ ബംഗാൾ മോഡലിൽ കോൺഗ്രസുമായി സഖ്യത്തിന് തയാറെടുത്തിരിക്കുകയാണ്. എന്നാൽ, ഈ സഖ്യംകൊണ്ട് മാത്രം ബി.ജെ.പിക്ക് വെല്ലുവിളിയുയർത്താൻ പറ്റില്ല. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ പ്രദ്യോത് ബിക്കാറാം മാണിക്ക്യദേബ് ബർമാന്റെ ടി.ഐ.പി.ആർ.എ ഈ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന പാർട്ടിയായി ഉയർന്നുവന്നിട്ടുണ്ട്. ആകെയുള്ള 60 സീറ്റുകളിൽ മലയോര മേഖലയിലെ 20 സീറ്റുകളിലെങ്കിലും നിർണായക ശക്തിയാണ് ബർമാന്റെ പാർട്ടി. ത്രിപുരയിലെ ആദിമനിവാസികൾക്കായി പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ പിന്തുണയ്ക്കുന്നവരുമായി സഖ്യമാകാമെന്നാണ് ബർമാന്റെ നിലപാട്.
2018ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 9 സീറ്റുകളിൽ എട്ടെണ്ണം നേടിയ പീപ്പിൾസ് ഫ്രണ്ട് ഫോർ ത്രിപുരയുമായി ടി.ഐ.പി.ആർ.എ സഖ്യ ചർച്ചയിലാണ്. ഇതോടൊപ്പം കോൺഗ്രസ്-ഇടത് സഖ്യംകൂടി ചേർന്ന് വിശാല സഖ്യത്തിന് ശ്രമിച്ചാൽ ശക്തമായ മത്സരം നടത്താനാവും. 2018ലെ മേഘാലയ തെരഞ്ഞെടുപ്പിൽ 21 സീറ്റുനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് അഞ്ചു വർഷമായപ്പോൾ ഒരാൾ പോലും നിയമസഭയിൽ പ്രതിനിധീകരിക്കാനില്ലെന്ന ദുരന്തത്തിലാണ്. പാർട്ടിയുടെ മുതിർന്ന നേതാവ് മുകുൾ സാങ്മ 11 എം.എൽ.എമാരെയും കൂട്ടി രാജിവച്ച് തൃണമൂലിലേക്ക് പോയി. ബാക്കിയുള്ളവർ എൻ.പി.പിയിലേക്കും കൂറുമാറി.
ബി.ജെ.പി അടക്കം ആറു പാർട്ടികൾ ചേർന്ന മേഘാലയ ഡെമോക്രാറ്റിക് അലൈൻസാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും ഈ തെരഞ്ഞെടുപ്പ് നേരിടുന്നത് ഓരോ പാർട്ടിയും ഒറ്റക്കാണ്. അതിനാൽ സഖ്യത്തിലൂടെ തിരിച്ചുവരാൻ കോൺഗ്രസിന് അവസരമുണ്ട്. എന്നാൽ നേതാക്കളില്ലാത്തതാണ് കോൺഗ്രസിന്റെ പ്രധാന വെല്ലുവിളി. വിൻസന്റ് പാലയാണ് അവിടെ ആകെയുള്ള മുതിർന്ന കോൺഗ്രസ് നേതാവ്. പ്രതിപക്ഷമില്ലാത്ത നാഗാലാൻഡിൽ എൻ.ഡി.പി.പിയും ബി.ജെ.പിയും തമ്മിൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നാഗാ പീപ്പിൾസ് ഫ്രണ്ട് പോലുള്ള മറ്റു പാർട്ടികൾ സ്വന്തമായാണ് മത്സരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂറുമാറ്റം കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
അഞ്ചു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ പഴയ കോൺഗ്രസ് നേതാക്കളാണ്. അസമിലെ ഹിമന്ദ ബിശ്വ, ത്രിപുരയിലെ മണിക് സാഹ, മണിപ്പൂരിലെ എൻ. ബിരേൻ സിങ്, അരുണാചൽ പ്രദേശിലെ പേമഖണ്ഡു, മേഘാലയയിലെ നെയ്ഫിയു റിയോ എന്നിവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നാണ് സംസ്ഥാനം ഭരിക്കുന്നത്. കൂറുമാറ്റങ്ങൾ നടക്കുന്നതും മേഘാലയയിൽ മൂന്ന് സീറ്റ് മാത്രമുള്ള ബി.ജെ.പി 20 സീറ്റ് സ്വന്തമായുള്ള എൻ.പി.പിക്ക് സഖ്യത്തിലേക്ക് സ്വീകാര്യമാവുന്നതും ബി.ജെ.പിക്ക് കേന്ദ്രത്തിൽ അധികാരമുള്ളത് കൊണ്ടാണ്. പ്രതിപക്ഷ സഖ്യത്തിലൂടെ മാത്രമേ ബി.ജെ.പിയെ താഴെയിറക്കാനും പറ്റൂ.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രഖ്യാപനങ്ങൾക്ക് ആത്മാർഥതയുണ്ടെങ്കിൽ ഒന്നു ചുറ്റും നോക്കണം. ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടുന്നുണ്ടെന്നറിയണം. ഭരണഘടനാ സംവിധാനങ്ങൾ എത്രമാത്രം ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നത് കാണണം. ഹൈക്കോടതി വിധി പറയാനിരിക്കെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി നാലു ദിവസത്തിനുള്ളിൽ അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഇതിന്റെ അവസാന ഉദാഹരണമാണ്. നിങ്ങൾ ഒന്നിച്ചാൽ രാജ്യം അതിന്റെ ശിൽപികൾ വിഭാവനം ചെയ്ത അതേ രൂപത്തിൽ നിലനിൽക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."