നെല്ലിയാമ്പതിയിലെ പക്ഷിക്കുഞ്ഞുങ്ങൾ
സന്തോഷ് കല്ലിങ്ങൽ
ഡാ നീ നെല്ലിയാമ്പതി പോരണോ... ചോദ്യം അപ്രസക്തമായിരുന്നു. പാതയോരം പച്ചവിരിച്ചു നിൽക്കുന്നു. പക്ഷികളും മലയണ്ണാനും പാഞ്ഞുനടക്കുന്നു. കാട്ടുചോലകളുടെ ശബ്ദം താഴെനിന്ന് കേൾക്കുന്നു. വളഞ്ഞുപുളഞ്ഞ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കുള്ളിൽനിന്ന് പാട്ടും കൊട്ടും... പ്രതീക്ഷകളാണിതെല്ലാം.
ചെർപ്പുളശ്ശേരിയും നെന്മാറയും പോത്തുണ്ടി ഡാമിനോട് ചേർന്നുള്ള ഫോറസ്റ്റ് ചെക്പോസ്റ്റും കടന്ന് നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുകയാണ്. പാലക്കാടിന്റെ സൗന്ദര്യം കാഴ്ചകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കുളവും തോടും പുഴയും നീണ്ടുനിരന്നു കിടക്കുന്ന വയലുകളും വയലുകളിൽ ഒറ്റപ്പെട്ട കൊടപ്പനകളും ആ സൗന്ദര്യത്തെ ഇരട്ടിപ്പിച്ചു. പുലർകാല വെയിലിനെ സാക്ഷിയാക്കി മൂന്നു മയിലുകളിൽ ഒരെണ്ണം പീലികൾ വിടർത്തി നൃത്തം ചെയ്യുന്നു. വയലുകളിൽ വിവിധതരം കൊക്കുകളെയും കാണുന്നുണ്ട്. കുളക്കൊക്ക് (Pond heron), കാലിമുണ്ടി (Cattle egret), ചെറിയമുണ്ടി (Little egret), വലിയമുണ്ടി (Great egret) എന്നിവയൊക്കെയാണ് അക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. വയലിനരികിലുള്ള തെങ്ങിൻ തോപ്പുകളിൽ ആറ്റക്കുരുവികൾ (Baya weaver) കൂടുകൾ നെയ്തെടുക്കാനുള്ള തിരക്കിലാണ്. റോഡിനിരു വശവുമുള്ള പോതപ്പുല്ലുകളിൽ ചുട്ടിയാറ്റകളും (scaly breasted munia) ഒന്നുരണ്ട് താലിക്കുരുവികളും (Grey-breasted prinia) പാറിനടക്കുന്നു.
ഇനി രണ്ടുഭാഗത്തും കാടോടു കൂടിയ ചുരമാണ്. ഒന്നുരണ്ട് വളവുകൾ കഴിഞ്ഞതോടെ ഇടതുഭാഗത്തായി പോത്തുണ്ടി ഡാമിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി. മഴയെ വരവേൽക്കാനൊരുങ്ങി ഡാമിൽ വെള്ളം കുറവായിരുന്നു. എങ്കിലും ആകാശവും ചുറ്റുമുള്ള പച്ചപ്പുകളും ആ നീല ജലാശയത്തിൽ തെളിഞ്ഞുകാണാം. വാനരന്മാരും കിളികളും തീറ്റതേടലിലാണ്. ചുരം ചീവീടിന്റെ ശബ്ദത്താൽ മുഖരിതവും. പലതരം കിളികളുടെ കൊഞ്ചലുകൾ ശ്രവണത്തെ സുഖിപ്പിച്ചു. ഇടയ്ക്ക് ഭയപ്പെടുത്തുംവിധം സിംഹവാലൻ കുരങ്ങുകളുടെ (Lion-tailed macaque) മ്ം....മ്ം ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം. കാടിന്റെ മണവും ശബ്ദവും മതിയാവോളം ആസ്വദിച്ചു.
പക്ഷികളിൽ കൂടുതൽ കാണാനായത് ഇരട്ടത്തലച്ചികളെ (Red whiskered bulbul) ആയിരുന്നു. നാട്ടു ബുൾബുളുകളും (Red vented bulbul) ഉണ്ടായിരുന്നു. കഴിഞ്ഞ കാലത്തെ മണ്ണിടിച്ചിലിന്റെ ശേഷിപ്പുകൾ ചുരത്തിലുടനീളം കാണാം. കുറച്ചു മുന്നോട്ടുപോയപ്പോൾ ചെറിയ വെള്ളച്ചാട്ടം കൺവെട്ടത്തിൽ. അതിനിരുഭാഗത്ത്് പാറക്കെട്ടുകളിൽ രണ്ട് 'വഴികുലുക്കി' (Grey wagtail) പക്ഷികളെ കണ്ടു. റോഡിന്റെ അരികുവശങ്ങളിലായി ഇരതേടുന്ന കാട്ടുകോഴികൾ (Grey junglefowl) ധാരാളം. പൊടുന്നനെയാണ് വാഹനം നിർത്തിയത്. കൂട്ടത്തിലൊരാൾ ഇടതുഭാഗത്തായി ചെരുവിലെ താഴ്ചയിൽ നിന്ന് വളർന്നുവന്ന മരക്കൊമ്പിലേക്ക് ചൂണ്ടിപ്പറഞ്ഞു; കോഴിവേഴാമ്പൽ (Malabar hornbill)... കൂടുതൽനേരം കണ്ടിരിക്കാൻ കഴിഞ്ഞില്ല.
നിരാശയോടെ വാഹനം മുന്നോട്ടെടുക്കുമ്പോഴാണ് ചൂളക്കാക്കകളുടെ (Malabar whistling thrush) ചൂളമടി കൂകു....കൂ.....ക്കൂ...കൂ..... തൊട്ടപ്പുറത്തുള്ള മരത്തിൽ ആറോളം ലളിത പക്ഷികൾ (Fairy bluebird) കായ്കൾ ഭക്ഷിക്കുന്നുമുണ്ട്. കൂടെ വെള്ളക്കണ്ണി കുരുവി (Oriental white eye), കുട്ടുറുവൻ (White cheaked barbet), കാട്ടിലകിളി (Golden fronted leaf bird), മഞ്ഞത്തേൻകിളി (Purple rumbed sunbird), കൊക്കൻ തേൻകിളി (lotten's sunbird), തുന്നാരൻ (common tailor bird), ചെമ്പുകൊട്ടി (Copper smith barbet), തീചിന്നൻ (Small miniv-et) എന്നീ പക്ഷികളെയും അവിടെ കാണാൻ കഴിഞ്ഞു. അരിപ്രാവിന്റെ (Spotted dove) കുറുകലുകൾ വഴിയിലുടനീളം കേൾക്കാമായിരുന്നു.
മുന്നോട്ടുള്ള യാത്ര തുടരവെ വ്യൂ പോയിന്റിനോട് ചേർന്ന് ഒരാൾക്കൂട്ടവും നിർത്തിയിട്ട നിലയിൽ രണ്ട് ടെമ്പോ ട്രാവലറും കണ്ടു. അവിടേക്ക് എത്തിയപ്പോൾ കണ്ടത് വലിയ കാട്ടുപോത്തിനെയാണ്. ആളുകളുടെ ബഹളം കൂടിയപ്പോൾ അതു മെല്ലെ ഉൾവനത്തിലേക്ക് കയറിപ്പോയി. ഇടതുഭാഗത്ത് മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ചെങ്കുത്തായ കൊക്കയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്നുകൊണ്ട് നോക്കിയാൽ കാണുന്ന മലനിരകളിൽ ആന, കാട്ടുപോത്ത് എന്നിവയുടെ കൂട്ടങ്ങളെ കാണാം. പരുന്തുവർഗത്തിൽപെട്ട പക്ഷികളുടെ ഫോട്ടോ എടുക്കാനും തിരിച്ചറിയാനും പറ്റിയ സ്ഥലം കൂടിയാണിവിടം.
വൈകുന്തോറും മലമുഴക്കിവേഴാമ്പലിനെ കാണാൻ പറ്റിയില്ലെങ്കിലോ? നേരം കളയാൻ നിന്നില്ല. വേഗത്തിൽ മുന്നോട്ട്... മൂന്ന് ഹെയർപിൻ വളവുകൾ കഴിഞ്ഞുള്ള കാഴ്ചയിൽ രണ്ട് മലമുഴക്കി വേഴാമ്പലുകൾ (Great hornbill) മലഞ്ചെരുവിലെ മരത്തിലിരിക്കുന്നു. മറ്റു രണ്ടു പക്ഷികൾ കൊമ്പിൽനിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടിമറയുന്നു. അതിനിടയ്ക്ക് കൂട്ടത്തിലൊരുവൻ പറഞ്ഞു; ആ പക്ഷികൾ മറുഭാഗത്തുള്ള ചെരുവിലേക്ക് പറക്കാൻ സാധ്യതയുണ്ടെന്ന്. അതുകേട്ടതും നാലുപേരും പറക്കുന്ന പടമെടുക്കാൻ തയാറായി. ആ നിമിഷാർധത്തിലൊരൊറ്റ ക്ലിക്ക്. കാമറക്കണ്ണുകൾ ഇടവിടാതെ ചിമ്മിത്തുറന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ പക്ഷിയും. തൊട്ടപ്പുറത്ത് കുറിക്കണ്ണൻ കാട്ടുപുള്ള് (Orange headed thrush) തന്റെ ഇണയെ ആകർഷിക്കാനെന്നപോലെ മധുരമായി പാടുന്നു.
കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ചെഞ്ചിലപ്പൻ (Rufous babler) പക്ഷികളുടെ കലപില ശബ്ദം കേൾക്കുന്നു. ആളനക്കമുണ്ടായാൽ ഇവ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് പുറത്തുവരാറില്ല. ഇവിടെ കാണാൻ കഴിഞ്ഞതും നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ കാണാൻ കഴിയുന്നതുമായ പൂത്താങ്കീരിയോടും (Yellow billled babler) കരിയിലക്കിളിയോടും (Jungle babler) സാമ്യമുള്ളതാണ് ചെഞ്ചിലപ്പൻ പക്ഷി.
യാത്ര നിർത്തിയും മുന്നോട്ടുപോയും തുടരുന്നു. പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ, ഇടയ്ക്ക് കാപ്പിത്തോട്ടവും. പോകുന്ന റോഡിലുടനീളം വാകമരങ്ങൾ മനോഹരമായി പൂത്തുനിൽക്കുന്നു. വഴിയരികിൽ കായ്ച്ചുനിൽക്കുന്ന പ്ലാവുകളിൽ ചക്കയ്ക്കു വേണ്ടി കുരങ്ങുകൾ തിരക്കുകൂട്ടുന്നു. കൂടുതലും നാടൻ കുരങ്ങുകൾ (Bonnet macaque) ആണ്. ഇടയ്ക്കിടെ കാട്ടുമൈന (Hill myna)കളുടെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം. ചില ഭാഗങ്ങളിലായിട്ട് തേയിലത്തോട്ടങ്ങളിൽ കീടനാശിനി ഉപയോഗിച്ചതിന്റെ സൂചനാ ബോർഡുകൾ കാണാം. റോഡരികിലുള്ള വേലിക്കല്ലുകളിലും മരക്കുറ്റികളിലും ചുറ്റീന്തൽ കിളി (Pied buschat), മണ്ണാത്തിപ്പുള്ള് (Oriental magpie robin), തവിടൻ ഷ്രൈക്ക് (Brown shrike), വൈദ്യുതി കമ്പികളിലായി വരയൻകത്രികളെയും (Red rumbed swallow) കാണാൻ കഴിഞ്ഞു. ദൂരെ നീലാകാശത്തിനു താഴെ ഒരു കരിപ്പരുന്ത് (Black eagle) വട്ടമിട്ടു ഉയർന്നും താഴ്ന്നും പറക്കുന്നു. കൂടെ ആനറാഞ്ചി (Black drongo)യും.
ഇനി പോകേണ്ടത് ഇടുങ്ങിയ റോഡിലൂടെയാണ്. പൊടുന്നനെ തോട്ടത്തിലൊരിളക്കം. ഈ മരങ്ങളെല്ലാം തന്നെ തേയിലത്തോട്ടങ്ങൾക്കിടയിലാണ്. നിരനിരയായി നിൽക്കുന്ന മരങ്ങളുടെ താഴ്ഭാഗത്തായി തോട് ഒഴുകുന്നുണ്ട്. പെട്ടെന്ന് കാപ്പിത്തോട്ടത്തിലൊരു ഇളക്കം. പത്തോളം വരുന്ന മ്ലാവിൻകൂട്ടം (Sambar deer) . ഈ ഭാഗത്താണ് മലമുഴക്കി വേഴാമ്പലുകളെ (Great hornbill) സാധാരണ കാണാറുള്ളത്.
ഒരു വളവുകൂടി തിരിഞ്ഞു മുന്നോട്ടുപോയപ്പോൾ തൊട്ടടുത്ത മരത്തിൽ ഞങ്ങളെ കണ്ടിട്ടെന്നപോലെ മലയണ്ണാൻ (Indian giant squirrel) മുകളിലേക്ക് കയറിപ്പോകുന്നു. മറ്റൊരിടത്ത് ഒരുപാടുപേർ കൂടിനിൽക്കുന്നു. വാഹനം പതുക്കെ ഒതുക്കിനിർത്തി. അവരെല്ലാം തൊട്ടടുത്ത വലിയ മരത്തിലേക്ക് കാമറയും ചൂണ്ടി നിൽക്കുന്നു. ആ ഒരൊറ്റ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇതുവരെയും. പക്ഷിപ്രേമികളുടെ സ്വപ്നനിമിഷം. മലമുഴക്കി വേഴാമ്പൽ മരത്തിലിരിക്കുന്നത് എത്രകണ്ടാലും വീണ്ടും നോക്കിനിന്നുപോകുന്ന മനോഹര കാഴ്ച. കുഞ്ഞു വേഴാമ്പലിനൊപ്പം അമ്മയുമച്ഛനുമുണ്ട്. കുഞ്ഞിനു വേണ്ടിയവർ പഴങ്ങൾ കൊക്കിലൊതുക്കി വായിലേക്ക് വച്ചുകൊടുക്കുന്നു. ആ വലിയ മരത്തിൽ കുഞ്ഞു വേഴാമ്പലിനെ നന്നായി കാണാൻ കഴിഞ്ഞു. സാധാരണ പക്ഷികളിൽനിന്ന് വലിയ പക്ഷികളാണ് മലമുഴക്കികൾ. പൂർണ വളർച്ചയെത്തിയ വേഴാമ്പലിനു മീറ്ററും ചിറകു വിടർത്തിയാൽ ഒന്നര മീറ്ററോളം നീളവുമുണ്ടാവും. കാമറ റെഡിയാക്കി കുഞ്ഞു വേഴാമ്പലിന്റെ പടമെടുക്കാൻ തുടങ്ങി. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ഹെലികോപ്റ്റർ പറക്കുംപോലുള്ള ശബ്ദം... ശക്തമായി ചിറകടിച്ചുകൊണ്ട് മറ്റൊരു വേഴാമ്പൽ തൊട്ടടുത്തുള്ള മരത്തിലേക്ക് പറന്നു. തൊട്ടുപിറകെ കുഞ്ഞും അമ്മയും. കാമറകൾ മിന്നി. ആ കാഴ്ച കണ്ണിമവെട്ടാതെ നോക്കിനിന്നു.
തിരിച്ചിറങ്ങാനുള്ള സൂചന നൽകിക്കൊണ്ട് കാറ്റിന് തണുപ്പേറിവരികയാണ്. നെല്ലിയാമ്പതിയുടെ സൗന്ദര്യം ആസ്വദിച്ചും പക്ഷികളെ കൺകുളിർക്കെ കണ്ടും കോടമഞ്ഞിനെ തലോടി പച്ചപുതച്ചുറങ്ങുന്ന മലനിരകൾ തിരിച്ചിറങ്ങുമ്പോൾ ഞങ്ങളെല്ലാവരും മനസുകൊണ്ട് അവിടെ തന്നെയായിരുന്നു. നെല്ലിയാമ്പതിയിലേക്കുള്ള ഓരോ യാത്രയും വ്യത്യസ്ത ഓർമകളായിരിക്കും. കാറിലെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘സന്ദർശനം’ എന്ന കവിത കേട്ടങ്ങനെ മയങ്ങിപ്പോയി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."