മിന്നലാക്രമണത്തിന്റെ തെളിവ് എവിടെ? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ദിഗ്വിജയ് സിങ്; അകലം പാലിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പാകിസ്താനുമായി യുദ്ധത്തിന്റെ വക്കിലെത്തിച്ച സംഭവങ്ങളായ പുല്‍വാമയിലെ ഭീകരാക്രമണം, അതിന് പിന്നാലെ നടന്ന മിന്നാലാക്രമണം എന്നീ സംഭവങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. പുല്‍വാമാ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക് അതിര്‍ത്തിക്കുള്ളില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ എവിടെയെന്ന് ദിഗ്വിജയ് സിങ് ചോദിച്ചു.
പുല്‍വാമ പ്രദേശം ഭീകരരുടെ വിളനിലമാണ്. ഇവിടെ എല്ലാ കാറുകളുംപരിശോധിക്കുന്നത് പതിവാണ്. എന്നാല്‍ ഒരു സ്കോര്‍പിയോ കാര്‍ എതിര്‍ദിശയില്‍നിന്ന് വരുന്നു. അതെങ്ങിനെയെത്തി. എന്തുകൊണ്ട് പരിശോധനയില്ലാതെ കാര്‍ കടന്നുവന്നു? പിന്നീട് സൈനികര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നു. നമ്മുടെ 40 സൈനികര്‍ വീമൃത്യുവരിക്കുന്നു. ഈ വിഷയത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലോ പുറത്തോ യാതൊരു വിശദീകരണവും പുറത്തുവിട്ടിട്ടില്ലെന്നും ദിഗ്വിജയ് സിങ് ആരോപിച്ചു. അവര്‍ മിന്നലാക്രമണത്തെ കുറിച്ച് പറയുന്നു. ഞങ്ങള്‍ കുറേ പേരെ കൊന്നുവെന്ന്. പക്ഷേ അതിന് തളിവ് പുറത്തുവിട്ടിട്ടില്ല. നുണകളുടെ ബാണ്ഡങ്ങള്ക്ക് മേലിലിരുന്നാണ് അവര്‍ ഭരിക്കുന്നത്- അദ്ദേഹം ആരോപിച്ചു.
അതേസമയം, ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനെ അപലപിച്ച ബി.ജെ.പി, കോണ്‍ഗ്രസ് സൈന്യത്തെ പരിഹസിക്കുകയാണെന്ന് ആരോപിച്ചു. പിന്നാലെ സിങ്ങിന്റെത് വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കോണ്‍ഗ്രസിന്റെതല്ലെന്നും പാര്‍ട്ടി മുഖ്യവക്താവ് ജയ്റാംരമേശ് പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്തും മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും രാജ്യതാല്പ്പര്യത്തിനായുള്ള എല്ലാ സൈനികനടപടികളെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്നും ജയ്റാംരമേശ് ട്വീറ്റ്ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."