കൊട്ടിക്കലാശമില്ല, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; സര്‍വ്വേകളെ നിഷ്പ്രഭമാക്കിയ പ്രചാരണത്തിന്റെ ആത്മവിശ്വാസത്തില്‍ യു.ഡി.എഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണം ഇന്ന് ഞായറാഴ്ച അവസാനിക്കും. പതിവ് ആഘോഷങ്ങളില്ലാതെയാണ് പ്രചാരണം അവസാനിക്കുന്നത്. കൊട്ടിക്കലാശവും ബൈക്ക് റാലികളും തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചിരുന്നു. വൈകുന്നേരം ഏഴുവരെയാണ് പരസ്യ പ്രചാരണത്തിന്റെ സമയം.
ശക്തമായ മത്സരം നടക്കുന്ന നേമത്ത് രാഹുല്‍ ഗാന്ധി ഞായറാഴ്ച കെ. മുരളീധരനായി പ്രചാരണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച വൈകുന്നേരം ധര്‍മടത്ത് റോഡ് ഷോ നടത്തുന്നുണ്ട്.
തിങ്കളാഴ്ച പോളിങ് സാമഗ്രികളുടെ വിതരണം നടക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരുടെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരുടെയും പോസ്റ്റല്‍ ബാലറ്റിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് പരസ്യ പ്രചാരണം അവസാനിക്കും. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ്. മറ്റ് മണ്ഡലങ്ങളില്‍ വൈകുന്നേരം ഏഴുവരെയും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വോട്ടെടുപ്പിന് 60000 പൊലിസുകാരെ വിന്യസിക്കും. ഇതിന് പുറമേ കേന്ദ്ര സേനാംഗങ്ങളുമുണ്ട്.
സര്‍വേകളില്‍ ഇടതിനായിരുന്നു മുന്‍തൂക്കമെങ്കിലും ശക്തമായ പ്രചാരണത്തിലൂടെ ഒപ്പം പിടിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."