HOME
DETAILS

'നയ'ത്തിൽ അഭിനയമരുത്

  
backup
January 24 2023 | 04:01 AM

89563623-2


സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങളില്‍ മികച്ച ജനപങ്കാളിത്തമാണെന്നും സാമ്പത്തികമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും മികച്ച പൊലിസ് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപനമെന്നാണ് പ്രതിപക്ഷം ഗവര്‍ണറുടെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. അവാസ്തവങ്ങളും പെരുപ്പിച്ച വികസനക്കണക്കുകളും കുത്തിനിറച്ചതാണ് നയപ്രഖ്യാപന പ്രസംഗമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുകയുണ്ടായി.


സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രസംഗം. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണെന്നുമുള്ള ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗത്തില്‍ അതിശയോക്തിയൊന്നുമില്ല. എന്നാല്‍ സാമ്പത്തികസ്ഥിതി ഭദ്രമാണെന്ന പരാമര്‍ശം കേരളീയരെ സംബന്ധിച്ച് അത്രയെളുപ്പം ദഹിക്കുന്ന ഒന്നല്ല.


കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനക്കണക്കെടുത്താല്‍ മാത്രം മതി സംസ്ഥാനത്തിന്റെ വളര്‍ച്ചാമുരടിപ്പ് ബോധ്യമാകാന്‍. നികുതിവരുമാനത്തില്‍ വെറും രണ്ടുശതമാനമാണ് വാര്‍ഷികവളര്‍ച്ച. 2017 മുതല്‍ 21 വരെയുള്ള റവന്യൂ, നികുതി വരുമാനങ്ങളും റിസര്‍വ് ബാങ്കിന്റെ ബജറ്റ് അവലോകനവും അടിസ്ഥാനമാക്കി ധനവകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം നികുതിവരുമാനത്തില്‍ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില്‍ ഏറ്റവും പുറകിലാണ് കേരളം.


ശമ്പളം പോലും നല്‍കാനാകാതെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും സ്തംഭിച്ച അവസ്ഥയാണ്. എന്നിട്ടും സാമ്പത്തിക നില ഭദ്രമാണെന്ന് സര്‍ക്കാര്‍ പറയുന്നത് ചിരിക്കു വകനല്‍കുന്ന കാര്യമാണ്. കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ട് കടംവാങ്ങല്‍ പരിധി കൂട്ടണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. സംസ്ഥാന വരവിന്റെ 71 ശതമാനം വരുന്ന ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ കൊടുത്തു തീര്‍ക്കാനായിരുന്നു ഈ കടാഭ്യര്‍ഥന. വരവിന്റെ 71 ശതമാനവും വീട്ടുജോലിക്കാരുടെ ശമ്പളത്തിനും കടംവീട്ടാനും ചെലവാക്കേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. അതേ അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരും. അതായത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ ഖജനാവില്‍ ചില്ലിക്കാശില്ലെന്നര്‍ഥം.


ഇന്ത്യയിലെ ഏറ്റവും മികച്ച പൊലിസാണ് കേരളത്തിലേതെന്നാണ് നയപ്രഖ്യാപനത്തിലെ മറ്റൊരു പരാമര്‍ശം. പൊലിസ് സംവിധാനങ്ങള്‍ സദാജാഗരൂകവും എണ്ണയിട്ട യന്ത്രംപോലെ കര്‍മനിരതവുമെന്നു കരുതുന്ന, ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തുപോലും ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍. ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കേണ്ട പൊലിസ് സേനയിലെ ചിലരെങ്കിലും ഗുണ്ടകളുടെയും പിടിച്ചുപറിക്കാരുടെയും തോഴന്മാരാകുന്നതും നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്. ഗുണ്ടകളുമായി അവിശുദ്ധബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ തിരുവനന്തപുരത്ത് മൂന്ന് സി.ഐമാരെയും ഒരു എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. മയക്കുമരുന്ന് മാഫിയ മുമ്പെങ്ങുമില്ലാത്ത വിധം തഴച്ചുവളര്‍ന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണെന്നതും വിസ്മരിക്കാവുന്നതല്ല. ഗുണ്ടകള്‍ക്കെതിരേയുള്ള നീക്കങ്ങള്‍ സേനയ്ക്കുള്ളില്‍നിന്നു ചോരുന്നത് മികച്ച പൊലിസ് സേനയെന്ന മേനിപറച്ചിലിന് കിട്ടുന്ന കിഴുക്കുതന്നെയാണ്.


ആരോഗ്യമേഖലയില്‍ ജനങ്ങളുടെ വിശ്വാസം കൂടി എന്നതാണ് നയപ്രഖ്യാപനത്തിലെ മറ്റൊരു പരാമര്‍ശം. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ അവസ്ഥ പരിശോധിച്ചാല്‍ മാത്രം മതി ഈ പറച്ചിലിലെ പൊള്ളത്തരം തിരിച്ചറിയാന്‍. ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ കത്രികവച്ചു മറന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. നീണ്ട അഞ്ചു വര്‍ഷമാണ് യുവതിക്ക് വയറ്റില്‍ കത്രികയുമായി ജീവിക്കേണ്ടിവന്നത്. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ പുതുശേരി സ്വദേശി തോമസ് മരിക്കാനിടയായത് വയനാട് മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാലാണെന്ന ബന്ധുക്കളുടെ ആരോപണം മറ്റൊരുദാഹരണം. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെയും സ്ഥിതി സമാനമാണ്. ദയാരഹിത സമീപനമാണ് പല ആശുപത്രികളിലും ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ഭാഗത്തുനിന്ന് രോഗികള്‍ക്കുണ്ടാവുന്നത്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്ത് മൂന്നാംസ്ഥാനത്താണെന്ന വാദവും വസ്തുതാവിരുദ്ധമാണ്. തൊഴിലിനും മികച്ച വിദ്യാഭ്യാസത്തിനുമായി ലക്ഷക്കണക്കിന് യുവാക്കളാണ് ഓരോ വര്‍ഷവും കേരളം വിടുന്നതെന്ന യാഥാര്‍ഥ്യം കണക്കുകള്‍ സഹിതം നമുക്ക് മുന്നിലുണ്ട്. 2012ല്‍ വിദേശപഠനത്തിനു പോയ വിദ്യാര്‍ഥികളുടെ എണ്ണം 40 ലക്ഷമായിരുന്നെങ്കില്‍ 2025ല്‍ അത് മുക്കാല്‍ കോടി കവിയുമെന്ന് കണക്കുകള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കിയാല്‍ ബോധ്യമാവുന്നതേയുള്ളൂ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കിയെന്ന്, പുരപ്പുറത്തുകയറി നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങളുടെ മുനയൊടിയാന്‍.


ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് ഇന്നലെ ഗവര്‍ണര്‍ നടത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിന് തെളിവുകള്‍ ഇനിയും ഏറെയുണ്ട്. കൃത്യമായ ഗൃഹപാഠവും യാഥാര്‍ഥ്യബോധവും കൊണ്ടുമാത്രമേ പെരുകുന്ന കടബാധ്യതയും തൊഴിലില്ലായ്മയും പിടിച്ചുനിര്‍ത്താന്‍ കഴിയൂ. കടത്തില്‍ നിന്നു കരകയറാന്‍ വീണ്ടും കടമെടുക്കുകയല്ല വേണ്ടത്. അതുപോലെ സര്‍ക്കാര്‍ വിലാസം ധൂര്‍ത്തുകള്‍ക്കും കടിഞ്ഞാണിടണം. വരുമാനത്തിലെ ഭീമ ഇടിവ് നികത്താന്‍ ചെലവുചുരുക്കല്‍ കര്‍ശനമാക്കണം. ആവശ്യത്തിലധികം ജീവനക്കാരുള്ള വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബോര്‍ഡ്/കോര്‍പറേഷനുകളിലും അടിയന്തരമായി പുനര്‍വിന്യാസം നടപ്പാക്കണം. സര്‍ക്കാരിനു ബാധ്യതയായ ബോര്‍ഡുകളും കോര്‍പറേഷനുകളും നിര്‍ത്തലാക്കുകയോ സമാന സ്വഭാവമുള്ള സ്ഥാപനങ്ങളുമായി ലയിപ്പിക്കുകയോ ചെയ്യുന്നതിലൂടെയും സംസ്ഥാനത്തിന്റെ സാമ്പത്തികഭാരം ലഘൂകരിക്കാന്‍ കഴിയും.


ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും അടിസ്ഥാനസൗകര്യ വികസനം സാധ്യമാകുകയും ധൂര്‍ത്തും അഴിമതിയും തുടച്ചുനീക്കപ്പെടുകയും കടപ്പെരുക്കത്തില്‍നിന്ന് കരകയറുകയും ചെയ്യുമ്പോള്‍ മാത്രമേ നാട് വികസനവഴിയിലാണെന്ന് ഏതൊരു ഭരണാധികാരിക്കും നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയൂ. അല്ലാത്ത നയവും പ്രഖ്യാപനവുമൊക്കെ വീണ്‍വാക്കുകളായി അസ്തമിക്കുമെന്നുറപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago