ഒട്ടകവും എലിയും
ഒരു വ്യാപാരി പകല്‍ മുഴുവന്‍ യാത്രയിലായിരുന്നു. വൈകുന്നേരം വിശ്രമാര്‍ഥം അദ്ദേഹം ഒരു സത്രത്തില്‍ എത്തി. ഒട്ടകപ്പുറത്തു നിന്നിറങ്ങി അദ്ദേഹം ചുമടുകള്‍ ഇറക്കി ഒട്ടകത്തെ സ്വതന്ത്രമാക്കി. കടിഞ്ഞാണ്‍ അലസമായി ഒരു തൂണിന്‍മേല്‍ കെട്ടി വ്യാപാരി ചുമടുമായി സത്രത്തില്‍ പ്രവേശിച്ചു.
വ്യാപാരി പോയ ഉടനെ തൂണിന്‍മേല്‍ നിന്നു കടിഞ്ഞാണ്‍ അഴിഞ്ഞുവീണു. ഒട്ടകം പതുക്കെ നടന്നുനീങ്ങി. കടിഞ്ഞാണ്‍ ഒരു പാമ്പിനെപ്പോലെ പിന്നാലെ ഇഴഞ്ഞു. ഒരു ചുണ്ടെലി ഇതു കണാനിടയായി. കടിഞ്ഞാണ്‍ കടിച്ചുപിടിച്ച് എലി നേരെ ഒട്ടകത്തിന്റെ മുന്‍പില്‍ നടന്നു. താനാണ് ഒട്ടകത്തെ തെളിച്ചുനടക്കുന്നത് എന്ന് എലി ഭാവിച്ചു.
പകല്‍ മുഴുവന്‍ ഭാരം ചുമന്നു നടക്കുകയായിരുന്ന ഒട്ടകത്തിന് എലിയുടെ നാട്യം കണ്ട് രസംതോന്നി. കുടഞ്ഞു തെറിപ്പിക്കാതെ എലിയെ തന്നെ നയിക്കാന്‍ ഒട്ടകം അനുവദിച്ചു.
എലി വലിയ സന്തോഷത്തിലായിരുന്നു. ശക്തനായ ഒട്ടകത്തിന്റെ രക്ഷാധികാരിയാണ് താനെന്ന് എലി വിശ്വസിച്ചു. തന്റെ അപാരമായ കഴിവില്‍ എലിക്ക് അഭിമാനം തോന്നി. 'ഞാനാരാ മോന്‍! നോക്കൂ.. ഒരു കൂറ്റന്‍ മൃഗത്തെയല്ലേ ഞാന്‍ വലിച്ചുകൊണ്ടുനടക്കുന്നത്!'- എലി തന്നത്താന്‍ പറഞ്ഞു.
എലിയുടെ ഭാവമാറ്റം ഒട്ടകം അറിയുന്നുണ്ടായിരുന്നു. എങ്കിലും നടക്കട്ടെ എന്ന വികാരമായിരുന്നു ഒട്ടകത്തിന്. അഹങ്കാരപൂര്‍വ്വം കടിഞ്ഞാണും കടിച്ചുപിടിച്ച് നടക്കാന്‍ എലിയെ ഒട്ടകം അനുവദിച്ചു.
'അവള്‍ ആസ്വദിക്കട്ടെ! ഭാവി എന്താണെന്ന് ആര്‍ക്കറിയാം'- ഒട്ടകം തത്വചിന്താപരമായി ആലോചിച്ചു. അല്‍പ നേരം അവരുടെ യാത്ര തുടര്‍ന്നു. ഒടുവില്‍ അവര്‍ ഒരരുവിക്കരയില്‍ എത്തിച്ചേര്‍ന്നു. അരുവി ഒരഗാധ സമുദ്രമായാണ് എലിക്ക് തോന്നിയത്. ഒരു കല്ലിന്‍മേല്‍ കയറിയിരുന്ന് എലി മറുകര കണാന്‍ പറ്റുമോ എന്നു നോക്കി. എന്നാല്‍ അതു കണ്ണെത്താദൂരത്തായിരുന്നു.
എലി എന്തിനാണ് നടത്തം നിര്‍ത്തിയതെന്ന് ഒട്ടത്തിന് അറിയാമായിരുന്നു. എന്നാല്‍ അറിഞ്ഞതായി നടിച്ചില്ല. 'എലീ, എന്തേ നടത്തംനിര്‍ത്തിയത്? പാതിവഴി വച്ച് ഉപേക്ഷിക്കല്ലേ, നമുക്ക് മുന്നോട്ടുപോവാം'- ഒട്ടകം പറഞ്ഞു.
'സുഹൃത്തേ, വെള്ളത്തിന് വളരെ ആഴമുണ്ട്. നല്ല വേഗത്തിലാണ് ഒഴുക്ക്. മുങ്ങിമരിക്കും എന്നു ഞാന്‍ ഭയക്കുന്നു'. എലി തന്റെ നിസഹായത വ്യക്തമാക്കി. ഞാനൊന്ന് നോക്കട്ടെ എന്നു പറഞ്ഞ് ഒട്ടകം അരുവിയിലേക്ക് ഇറങ്ങി. 'എലീ ഇവിടെ തീരെ ആഴമില്ലല്ലോ. വാ വന്ന് മുന്നില്‍ നടക്ക്'.
'നിനക്കിത് ഉറുമ്പുകളെ പോലെ നിസാരമായിരിക്കാം. എനിക്കു പക്ഷേ, വ്യാളികളെപ്പോലെ ഭീകരമാണ്. നിന്റെ കാലും എന്റെ കാലും തമ്മില്‍ എന്തന്തരമുണ്ട്!'- എലി പറഞ്ഞു.
'എന്നിട്ട് നീ ഒട്ടകത്തെ നയിക്കാന്‍ തുനിഞ്ഞല്ലോ. നിന്റെയത്രയുള്ള എലിയെ നയിക്കാന്‍ നോക്കാതെ'- ഒട്ടകം ചിരിച്ചു.
'ഞാന്‍ പശ്ചാതപിക്കുന്നു'. എലി ആത്മാര്‍ഥമായി പറഞ്ഞു. 'എന്നെ ഈ അരുവി കടക്കാന്‍ സഹായിക്കൂ. ഇനിയൊരിക്കലും ഞാന്‍ അഹങ്കാരം കാണിക്കില്ല'. എലി വിനീതനായി.
ഒട്ടകത്തിനു ദയ തോന്നി. 'എന്റെ പുറത്തു കയറിക്കോളൂ'. എലിയെ ഒട്ടകം ക്ഷണിച്ചു. എലിയെ അരുവി കടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."