ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേട്: സി.ബി.ഐ കേസെടുത്തു
കൊച്ചി
അഭിഭാഷക ക്ഷേമനിധിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളിൽ സി.ബി.ഐ കേസെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. 7.6 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ്. ബാർ കൗൺസിൽ അക്കൗണ്ടന്റടക്കം
എട്ട് പ്രതികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ബാർ കൗൺസിൽ ക്ഷേമനിധിക്കായുള്ള സ്റ്റാമ്പുകൾ വിറ്റതിലാണ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി കെ. അജയനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ക്ഷേമനിധിയിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാണ് ബാര്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അജയനെതിരേ നടപടിയെടുത്തിരുന്നത്. അഭിഭാഷക ക്ഷേമനിധിയുമായി ബന്ധപ്പെട്ട കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 7.6 കോടി രൂപയുടെ ക്രമക്കേടു നടന്നതായി കാണാനാവുമെന്ന് വ്യക്തമാക്കി ഈ കേസില്‍ നേരത്തെ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതില്‍ കൂടുതല്‍ തുകയുടെ തട്ടിപ്പ് വിശദമായ പരിശോധനയില്‍ കണ്ടെത്താനാവുമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലെ ഈ കേസ് ഫയല്‍ സി.ബി.ഐയ്ക്കു കൈമാറാനും 2021 ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറിയെ പിരിച്ചുവിടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."