റമദാൻ; ഇരു ഹറമുകളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
ജിദ്ദ: കൊവിഡ് പ്രതിരോധ നടപടികൾക്ക് ഇടയിൽ വിശുദ്ധ റമദാനിൽ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇരു ഹറമുകളിലും ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. തീർഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസുകളുണ്ടാകും. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഓരോ ബസ്സിലും 20 തീർത്ഥാടകർ മാത്രമാണുണ്ടാവുക. റമദാനിലെ ഉംറ തീർഥാടനം സുഗമമായി നടക്കാൻ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്യും. ഉംറ നിർവഹിക്കാൻ വേണ്ടി എത്തുന്നവരുടെയും സാമൂഹിക അകലം പാലിച്ച് വിശുദ്ധ ഹറമുകളിൽ ഇഅ്തികാഫ് ഇരിക്കാനും സൗകര്യമുണ്ടാകും.
ഉംറ സീസണിലേക്ക് വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. മക്ക ഹറമിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. തീർഥാടകരുടെ എണ്ണം റമദാനിൽ വർധിപ്പിക്കും.
ഏപ്രിൽ 13ന് റമദാൻ വ്രതം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഉംറ കർമത്തിന് അനുമതി ലഭിച്ചതോടെ കൂടുതൽ തീർഥാടകർ എത്തിയേക്കുമെന്ന് മന്ത്രി അറിയിച്ചു. മദീനയിൽ പ്രവാചക പള്ളി സന്ദർശിക്കുന്നവരുടെയും സഹായത്തിന് വേണ്ടി ഹജ്, ഉംറ മന്ത്രാലയം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഇരു ഹറമുകളിലും തൊഴിലാളികളുടെയും സുരക്ഷാ വിഭാഗത്തിന്റെയും സേവനം ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."