കൊവിഡ് വ്യാപനം കുറഞ്ഞതോടെ കാസർകോട്ടെ ടാറ്റ കൊവിഡ് ആശുപത്രി തുടരുന്നതിൽ അനിശ്ചിതാവസ്ഥ
കാസർകോട്
കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ കാസർക്കോട്ടെ ടാറ്റ കൊവിഡ് ആശുപത്രി തുടരുന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ. ആശുപത്രി തുടരുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കാത്തതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ജില്ലയിൽ കൊവിഡ് കണ്ടെത്തുന്നവരുടെ എണ്ണം പത്തിൽ താഴെയായിട്ട് ഒരാഴ്ചയിലധികമായി. നിലവിൽ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും നാമമാത്രമാണ്. ചികിത്സയിൽ കഴിയുന്ന അവസാന ആളും ആശുപത്രി വിടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദേശങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ജില്ലാ മെഡിക്കൽ ഓഫിസിന് ലഭിച്ചിട്ടില്ല. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗം ജീവനക്കാരെയും വർക്ക് അറേഞ്ച്‌മെന്റിന്റെ പേരിൽ ഇതര ആശുപത്രികളിലേക്ക് മാറ്റിയിട്ട് ആഴ്ചകൾ പിന്നിട്ടു.
ആതുരസേവന രംഗത്ത് ഇപ്പോഴും മുട്ടിലിഴയുന്ന ജില്ലയിൽ ടാറ്റ ആശുപത്രിയെ ഉപയോഗപ്പെടുത്തി ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള ചികിത്സകളും,എൻഡോ സൾഫാൻ ദുരിത ബാധിതർക്കുള്ള ചികിത്സകളും തുടങ്ങണമെന്ന ആവശ്യം വിവിധ സംഘടനകളും,ജില്ലയിലെ ജനങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന് കേട്ട ഭാവം പോലുമില്ല.
540 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ 140 ഓക്‌സിജൻ ബെഡ്ഡുകളും, മണിക്കൂറിൽ 1000 ലിറ്റർ ഓക്‌സിജൻ ഉൽപാദിക്കാൻ കഴിയുന്ന ഓക്‌സിജൻ പ്ലാന്റും ഉണ്ട്. ഇതിനു പുറമെ ഐ.സി.യു ബെഡ്ഡുകളും,വെന്റിലേറ്റർ സൗകര്യങ്ങളും ഉള്ള ആശുപത്രി കൊവിഡ് രോഗികൾ ഒഴിവായാൽ പൂട്ടിയിടുന്നതിനു പകരം ഇതര ചികിത്സാ വിഭാഗങ്ങൾ തുടങ്ങി മുന്നോട്ട് കൊണ്ട് പോകുകയാണെങ്കിൽ ജില്ലയിലെ നൂറു കണക്കിന് രോഗികൾക്ക് അത് ഏറെ ഉപകാരപ്പെടും. കാസർകോട് ഗവ.മെഡിക്കൽ കോളജ് നിർമാണം ഫണ്ട് ലഭ്യത കുറഞ്ഞതിനെ തുടർന്ന് നിശ്ചലാവസ്ഥയിലാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് 540 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന കൊവിഡ് ആശുപത്രിയിൽ ഇതര ചികിത്സകൾ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നത്. കൊവിഡ് ആശുപത്രിയുടെ കാര്യത്തിൽ പുതിയ നിർദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇക്കാരണം കൊണ്ട് കൊവിഡ് രോഗികൾ പൂർണ്ണമായും ആശുപത്രി വിട്ടു കഴിഞ്ഞാൽ തങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു.സർക്കാരിൽ നിന്നും പുതിയ നിർദേശങ്ങൾ വന്നില്ലെങ്കിൽ ആശുപത്രി അടച്ചു പൂട്ടാനാണ് സാധ്യത എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."