നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് സ്വകാര്യബസ് സമരം പിൻവലിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് കഴിഞ്ഞ നാലുദിവസമായി തുടർന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി. 30 ന് എല്‍.ഡി.എഫ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസുടമകളെ അറിയിച്ചു. ജനങ്ങളെ വലയ്ക്കുന്ന പണിമുടക്കുമായി ഇനിയും മുന്നോട്ടുപോകണോ എന്നത് ഉടൻ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി ബസുടമകളോട് ആവശ്യപ്പെട്ടു. തുടർന്ന് സംയുക്ത സമര സമിതി യോഗം ചേർന്ന് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. നിരക്ക് വർധിപ്പിക്കുമെന്ന് ഉറപ്പായെങ്കിലും എന്നുമുതൽ എന്നതിൽ വ്യക്തത വന്നിട്ടില്ല. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപയായി വർധിപ്പിക്കുക, കൊവിഡ് കാലത്തെ നികുതി ഒഴിവാക്കുക എന്നിവയായിരുന്നു ഉടമകളുടെ പ്രധാന ആവശ്യങ്ങൾ. ബസ് സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചയ്ക്ക് സർക്കാർ തയാറാകാതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ബസ് ചാർജ് വർധിപ്പിക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും സമരം അനാവശ്യമെന്നുമായിരുന്നു ഗതാഗത മന്ത്രിസ്വീകരിച്ച നിലപാട്. യാത്രാക്ലേശം സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് മുഖ്യമന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും പുതുതായി ഒരു തീരുമാനവും ഇന്നലത്തെ യോഗത്തിൽ ഉണ്ടായിട്ടില്ലെന്നും ഇടത് മുന്നണിയോഗത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നത് നേരത്തെ അറിയിച്ചതാണെന്നും മന്ത്രി ആന്റണി രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതേസമയം, സമരം പിൻവലിച്ചെങ്കിലും ഇന്നും നാളെയും ദേശീയ പണിമുടക്ക് ആയതിനാൽ ബസുകൾ ബുധനാഴ്ച മുതലാകും വീണ്ടും നിരത്തിലിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."