റാഫേല്‍ അഴിമതി യാഥാര്‍ഥ്യം
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന പ്രചാരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി പ്രാധാന്യത്തോടെ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണമായിരുന്നു റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി. ബി.ജെ.പി രാഹുല്‍ ഗാന്ധിയുടെ ആരോപണം പരിഹസിച്ചു തള്ളുകയും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമായിരുന്നു. ബി.ജെ.പി കൂട്ടമായി രാഹുല്‍ ഗാന്ധിയെ അക്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് നിരയില്‍ ആരും പ്രതിരോധിക്കാനുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ജീവമായിരുന്നു. രാഹുല്‍ പോയി ഭരണം പിടിക്കൂ അപ്പോള്‍ ഞങ്ങള്‍ മന്ത്രിമാരാകാന്‍ വരാം എന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. അതിനാല്‍ റാഫേല്‍ യുദ്ധവിമാന അഴിമതി പൊതുസമൂഹത്തില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല. ബോഫേഴ്‌സ് അഴിമതി ആരോപണമാണ് 1989ല്‍ രാജീവ് ഗാന്ധിയുടെ ഭരണ പതനത്തിനു നിമിത്തമായതെങ്കില്‍, അതിന്റെ പത്തിലൊരംശം ആരോപണം റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചില്ല. റാഫേല്‍ അഴിമതിയാരോപണം കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ യു.പി.എ സര്‍ക്കാരാകുമായിരുന്നു ഇന്ത്യയുടെ ഭരണതലപ്പത്ത് ഇന്നുണ്ടാവുക.
ഇന്നലെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ഇന്ന് ഫ്രാന്‍സിലെ പ്രമുഖ മാധ്യമമായ മീഡിയപാര്‍ട്ട് ശരിവച്ചിരിക്കുന്നു. വിമാന മാതൃകയുടെ രൂപത്തിലായിരുന്നുവത്രെ ഇന്ത്യയിലെ ഇടനിലക്കാരന്, ഫ്രാന്‍സിലെ വിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ കോഴപ്പണം നല്‍കിയത്. കരാറുമായി ബന്ധപ്പെട്ട് ഡാസോ നിര്‍മാതാക്കള്‍ നല്‍കിയ കണക്കില്‍ ഫ്രാന്‍സിലെ അഴിമതിവിരുദ്ധ ഏജന്‍സി (എ.എഫ്.എ) സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് റാഫേല്‍ കരാറില്‍ അഴിമതി നടന്ന കാര്യം പുറത്തറിഞ്ഞത്.
കണക്കുകളില്‍ കൃത്രിമം നടന്നത് സംബന്ധിച്ച് മീഡിയപാര്‍ട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് 4.38 കോടി രൂപ ഇന്ത്യയിലെ ഇടനിലക്കാരന്‍ കൈപ്പറ്റിയതായി വെളിച്ചത്തുവന്നത്. ഇടനിലക്കാരന് ഡാസോ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 8.76 കോടിയുടെ ആദ്യ ഗഡുവായിരുന്നു ഈ തുക. 2016ലാണ് ഫ്രാന്‍സില്‍നിന്ന് 59,000 കോടി രൂപയ്ക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാറായത്. 2018ലെ ഡാസോയുടെ കണക്കുകള്‍ എ.എഫ്.എ പരിശോധിച്ചപ്പോഴാണ് ഇന്ത്യയിലെ ഇടനിലക്കാരന് 4.38 കോടി രൂപ 'കരാറിലെ കക്ഷിക്കുള്ള സമ്മാനം' എന്ന പേരില്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയത്.
റാഫേല്‍ യുദ്ധവിമാനങ്ങളുടെ 50 കൊച്ചുമാതൃകകള്‍ ഉണ്ടാക്കിയാണ് അഴിമതിക്ക് മറയിട്ടത്. ഈ മാതൃകകള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ ഡെഫ്‌സിസ് സൊലൂഷ്യന്‍ കമ്പനിക്ക് കരാര്‍ കൊടുത്തുവെന്നാണ് ഡാസോ എ.എഫ്.എയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. മാതൃകകളില്‍ ഒന്നിനു വിലയിട്ടത് 17.5 ലക്ഷംരൂപ!. എന്നാല്‍ ഡെഫ്‌സിസ് സൊലൂഷ്യന്‍ കമ്പനി മാതൃക നിര്‍മിച്ചതിന്റെയോ, ഡാസോ അതു കൈപ്പറ്റിയതിന്റെയോ തെളിവുകള്‍ ഹാജരാക്കാന്‍ ഡാസോ കമ്പനിക്ക് കഴിയാതെ വന്നപ്പോഴാണ് ഇടപാടില്‍ അഴിമതി നടന്നതായി വ്യക്തമായത്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ കൊച്ചുമാതൃകകള്‍ മറയാക്കി കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
അഗസ്റ്റവെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ കരാറില്‍ ഇടനിലക്കാരനായിരുന്ന സുഷേന്‍ മോഹന്‍ ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഡെഫ്‌സിസ് സൊലൂഷ്യന്‍സ്. ഇന്ത്യയിലെ വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ അഗസ്റ്റയില്‍നിന്ന് ഹെലികോപ്റ്റര്‍ വാങ്ങിയ കരാറില്‍ കോടികള്‍ അഴിമതി നടത്തിയ കേസില്‍ ഗുപ്ത അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഗുപ്തയുടെ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷ്യന്‍ റാഫേല്‍ ഇടപാടിലും പങ്കാളിയാണ്. ഡാസോയുടെ ഇന്ത്യയിലെ ഉപകരാര്‍ ഏറ്റെടുത്ത കമ്പനികളിലൊന്നാണ് ഗുപ്തയുടേതും.
2012ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. രണ്ട് എന്‍ജിനുകളുള്ള ഈ യുദ്ധവിമാനം ആകാശത്തുനിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താന്‍ കെല്‍പ്പുള്ളതാണ്. അമേരിക്കയിലേയും യൂറോപ്പിലേയും കമ്പനികളെ മറികടന്ന് ചുരുങ്ങിയ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയത് ഫ്രാന്‍സിലെ ഡസോള്‍ട്ട് വിമാന നിര്‍മാണ കമ്പനിയായതിനാല്‍ കരാര്‍ അവര്‍ക്ക് നല്‍കാന്‍ തീരുമാനമായതായിരുന്നു. 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. ഇതില്‍ 18 വിമാനങ്ങള്‍ പൂര്‍ണമായി വാങ്ങുകയും ബാക്കിയുള്ളതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിലെത്തിച്ച് ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ നിര്‍മിക്കാനുമായിരുന്നു തീരുമാനം.
എന്നാല്‍, എ.കെ ആന്റണി കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ച കരാറില്‍ എത്തിയില്ല. 2015ല്‍ അധികാരത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയപ്പോള്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയും 2016ല്‍ കരാറാവുകയും ചെയ്തു. നേരത്തെ 18 വിമാനങ്ങള്‍ വാങ്ങാനും ബാക്കിയുള്ളതിന്റെ സാങ്കേതികവിദ്യ കൈമാറാനുമായിരുന്നു തീരുമാനിച്ചിരുന്നതെങ്കില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു മോദി സര്‍ക്കാര്‍. ഇതില്‍ സാങ്കേതികവിദ്യ കൈമാറാന്‍ കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നില്ല.
കരാര്‍ ഒപ്പിട്ടതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കരാറിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടതാണ്. ഹിന്ദുസ്ഥാന്‍ എയ്‌നോട്ടിക്‌സിനെ ഒഴിവാക്കി അട്ടിമറിയിലൂടെ അനില്‍ അംബാനിയുടെ കമ്പനിക്ക് 30,000 കോടി രൂപയുടെ അനുബന്ധ കരാര്‍ നല്‍കിയതിലും അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അതുവരെ ഒരു കളിപ്പാട്ടം പോലും നിര്‍മിക്കാത്ത, 12 ദിവസം മാത്രം പ്രായമുള്ള അനില്‍ അംബാനിയുടെ കമ്പനിക്ക് കോടികളുടെ കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നത്. ഈ ഇടപാടിലൂടെ അനില്‍ അംബാനിക്ക് അധിക വരുമാനമായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് ലഭിച്ചത്. ഈ അഴിമതിയാരോപണങ്ങളെല്ലാം രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പോലും ഉണ്ടായില്ല. ഇപ്പോഴിതാ റാഫേല്‍ ഇടപാടിെല അഴിമതി പുറത്തുവന്നിരിക്കുന്നു. എങ്ങനെയൊക്കെ മൂടിവച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നതിന്റെ തെളിവാണ് റാഫേല്‍ യുദ്ധവിമാന ഇടപാടിലെ വമ്പന്‍ അഴിമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."