മന്‍സൂറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി: അക്രമങ്ങള്‍ക്കിടെ കണ്ണൂരില്‍ സമാധാനയോഗം വിളിച്ച് കലക്ടര്‍
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപയാത്രക്കിടെ പ്രദേശത്ത് വീണ്ടും അക്രമം തുടരുന്നതിനിടെ സമാധാന യോഗം വിളിച്ച് ജില്ലാ കലക്ടര്‍. നാളെ രാവിലെ പതിനൊന്നു മണിക്കാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചത്. പ്രശ്‌നപരിഹാരത്തിനായി എല്ലാ രാഷ്ട്രീയ നേതാക്കളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മന്‍സൂറിന്റെ വിലാപയാത്രക്കിടെ പാനൂര്‍ മേഖലയിലാണ് അക്രമങ്ങളുണ്ടായത്. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പെരിങ്ങത്തൂരില്‍ സി.പി.എം ഓഫിസുകള്‍ തകര്‍ത്തു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ വാരിവലിച്ച് പുറത്തിട്ട് കത്തിച്ചു.
കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂര്‍ എന്നിവിടങ്ങിലെ സി.പി.എം ബ്രാഞ്ച് ഓഫിസുകള്‍ക്കുനേരെയും അക്രമണമുണ്ടായി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനുനേരെയും ആക്രമണമുണ്ടായി. സി.പി.എം അനുഭാവികളുടെ മൂന്ന് കടകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. പാനൂര്‍ മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്. സി.പി.എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ്, ആച്ചിമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ സാധനങ്ങള്‍ക്കാണ് തീയിട്ടത്.
അതേ സമയം ബോംബേറിലേറ്റ പരുക്കുമൂലമാണ് മന്‍സൂറിന്റെ കൊലക്കു കാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാല്‍മുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരുക്ക്. ബോംബ് സ്ഫോടനത്തില്‍ ചിതറിപ്പോയത് കൊണ്ട് പരുക്ക് തുന്നിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല.
22കാരനായ മന്‍സൂറിനെ പിതാവിന്റെ മുന്നില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂര്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
ഇയാളുടെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മുഹ്സിന്‍ ഇവിടെ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."