'ക്രിസ് മാപ്പ്....എന്റെ പ്രവൃത്തി ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്തതാണ്' ഓസ്്കർ വേദിയിൽ മുഖത്തടിച്ചതിന് അവതാരകനോട് ക്ഷമ ചേദിച്ച് വിൽ സ്മിത്ത്
വാഷിങ്ടൺ: ഓസ്‌കർ വേദിയിൽ മുഖത്തടിച്ച സംഭവത്തിൽ . അവതാരകനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പുപറഞ്ഞ് ഹോളിവുഡ് നടൻ വിൽ സ്മിത്ത്. ക്രിസിനോട് മാപ്പു പറയുന്നതായി വിൽ സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തമാശകൾ തന്റെ ജോലിയുടെ ഭാഗമാണെങ്കിലും ഭാര്യ ജാടയെക്കുറിച്ചുള്ള തമാശ തനിക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നുവെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
ഞാൻ വൈകാരികമായി പ്രതികരിച്ചു. ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പരിധിക്ക് പുറത്തായിരുന്നു, എനിക്ക് തെറ്റി. ഞാൻ ലജ്ജിക്കുന്നു, എന്റെ പ്രവൃത്തികൾ ഞാനാകാൻ ആഗ്രഹിക്കുന്ന പുരുഷനെ സൂചിപ്പിക്കുന്നില്ല. സ്‌നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. വിൽ സ്മിത്ത് കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
അക്രമണം അത് ഏത് രൂപത്തിലുള്ളതായാലും വിഷമയവും വിനാശകരവുമാണ്. ഇന്നലെ അക്കാദമിയുടെ പുരസ്‌കാര ചടങ്ങിൽ എന്റെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതും ന്യായീകരിക്കാൻ സാധിക്കാത്തതുമാണ്. തമാശകൾ എന്റെ ജോലിയുടെ ഭാഗമാണ്. എന്നാൽ ജാടയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഞാൻ വികാരാധീനനായി പെരുമാറിയത്.
ക്രിസ്, ഞാൻ പരസ്യമായി നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഞാൻ അതിര് വിട്ടു. വളരെ മോശമായി പെരുമാറി. എനിക്ക് അമ്പരപ്പ് തോന്നുന്നു. എന്റെ പ്രവൃത്തി ഒരിക്കലും ഞാൻ എങ്ങനെയുള്ള മനുഷ്യനാകാൻ ആഗ്രഹിക്കുന്നുവോ അതിനോട് നീതി പുലർത്തുന്നതായിരുന്നില്ല. സ്‌നേഹത്തിന്റെയും നന്മയുടെയും ഈ ലോകത്ത് അക്രമത്തിന് സ്ഥാനമില്ല.
അക്കാദമിയോടും മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയുടെ നിർമാതക്കളോടും. ചടങ്ങിൽ സന്നിഹിതരായവരോടും ലോകത്തിന്റെ ഓരോ കോണിലിരുന്നും അത് വീക്ഷിച്ചവരോടും. വില്ല്യം റിച്ചാർഡിന്റെ കുടുംബത്തോടും (ടെന്നീസ് താരവും പരിശീലകനും സെറീന വില്ല്യംസിന്റെയും വീനസ് വില്ല്യസിന്റ പിതാവുമായ വില്ല്യം റിച്ചാർഡിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കിങ് റിച്ചാർഡ്) കിങ് റിച്ചാർഡ് കുടുംബത്തോടും മാപ്പ് ചോദിക്കുന്നു. എനിക്ക് അതിയായ കുറ്റബോധമുണ്ട്. എന്റെ പ്രവൃത്തി കളങ്കപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ഇന്നലത്തെ ചടങ്ങ് നമുക്കൊരു മനോഹര യാത്രയാകുമായിരുന്നു.
ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ഓസ്‌കർ പുരസ്‌കാര ചടങ്ങിനിടെയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഭാര്യ ജാട പിങ്കറ്റ് സ്മിത്തിനെ കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലെത്തിയത്. വേദിയിൽ വെച്ച് ക്രിസ് റോക്ക് ജാട പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരാമർശം നടത്തി. അലോപേഷ്യ രോഗം കാരണം തല മൊട്ടയടിച്ചാണ് ജാട എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമർശം.
ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാടയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ആദ്യം ചിരിച്ചെങ്കിലും ഉടൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ വിൽ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിച്ചു. തിരിച്ച് ഇരിപ്പിടത്തിലെത്തി ''എൻറെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടൊന്നും പറയരുതെന്ന്'' രണ്ടു തവണ ഉറക്കെപ്പറഞ്ഞു.
ടെലിവിഷൻ തത്സമയ സംപ്രേഷണ ചരിത്രത്തിലെ അമൂല്യമായ നിമിഷമെന്നൊക്കെ പറഞ്ഞ് ക്രിസ് സംഗതി അൽപം ലഘൂകരിച്ചെങ്കിലും ക്ഷുഭിതനായിത്തന്നെ തുടർന്നു വിൽ സ്മിത്ത്. പുരസ്‌കാരം ഏറ്റുവാങ്ങി വിൽ സ്മിത്ത് ക്ഷമാപണ മട്ടിൽ സംസാരിച്ചെങ്കിലും അവതാരകനായ ക്രിസ് റോക്കിന്റെ പേരെടുത്തു പറഞ്ഞ് മാപ്പു ചോദിച്ചില്ല.
''എനിക്ക് അക്കാദമിയോടും എല്ലാ നോമിനികളോടും മാപ്പു പറയണം. ഇതു സുന്ദരമായ മുഹൂർത്തമാണ്. പുരസ്‌കാരം ലഭിച്ചതിനല്ല ഞാൻ കരയുന്നത്. കല എന്നത് ജീവിതത്തെ അനുകരിക്കുന്നതാണ്. റിച്ചാർഡ് വില്യംസിനെക്കുറിച്ചു പറയുമ്പോലെ ഞാനും ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്. സ്‌നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും...'' വേദിയിൽ കണ്ണീരോടെ വിൽ സ്മിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."