പീറ്ററിന്റെ ടെന്നീസ് ഐലൻഡ്
എം.ജെ ബാബു
ടേബിള്‍ ടെന്നീസ് എന്താണെന്നറിയാത്ത ഗ്രാമം. കളിയുടെ ആദ്യാക്ഷരം അറിയാത്ത കുട്ടികള്‍. അവര്‍ക്കിടയില്‍ നിന്നാണ് പുതിയ താരങ്ങളുടെ ഉദയം. ഇന്നിപ്പോള്‍ വൈപ്പിന്‍കര എന്ന ദ്വീപിന്റെ വിശേഷങ്ങളില്‍ പ്രധാനം ടേബിള്‍ ടെന്നീസ് കൂടിയാണ്. വൈപ്പിന്‍ പെരുമാള്‍പ്പടി സ്വദേശി പീറ്റര്‍ ഡി സില്‍വയുടെ നാട്ടിലേക്കുള്ള തിരിച്ചുവരവാണ് ഈ ദ്വീപിന്റെ കളിക്കളത്തെ തലവര മാറ്റിയത്.
മൂന്നാറില്‍ ടാറ്റാ ടീ ഫുട്ബോള്‍ ടീമിന്റെ ഗോള്‍കീപ്പറുടെ ജഴ്സി അണിഞ്ഞിരുന്ന പീറ്ററിന്, അതിനുംമുമ്പ് ടേബിള്‍ ടെന്നീസ് ബാറ്റായിരുന്നു ഹരം. മൂന്നാര്‍ ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ, ടാറ്റയുടെ വര്‍ക്ഷോപ്പ് റിക്രിയേഷന്‍ ക്ലബിലൂടെയാണ് ടേബിള്‍ ടെന്നീസിലേക്കുള്ള വരവ്. അക്കാലത്ത് സംസ്ഥാനത്തെ മികച്ച ടീമുകളിലൊന്നായിരുന്നു മൂന്നാറിലേത്. സ്കൂള്‍പഠനം കഴിഞ്ഞ് ഫുട്ബോളിന്റെ വഴി തിരഞ്ഞെടുത്ത പീറ്റര്‍, കൊച്ചി ടെറ്റ്ലിയില്‍ ജോലിക്കെത്തിയതോടെയാണ് പെരുമാള്പ്പടിയിലെ കുടുംബവീട്ടില്‍ താമസം തുടങ്ങുന്നത്. അപ്പോഴും ഫുട്ബോള്‍ വിട്ടില്ല. ജില്ലാ ലീഗ് മത്സരങ്ങളില്‍ ബുട്ടുകെട്ടി. എന്നാല്‍, മൂന്നാറില്‍ ഒപ്പം കളിച്ചിരുന്ന ഗ്ലോഡികൊറിയയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ടേബിള്‍ ടെന്നീസിലേക്കുള്ള മടക്കം. അതു ഞാറക്കലിലെ ഐലന്‍ഡ് ക്ലബിന്റെ കൂടി മാറ്റമായിരുന്നു. 2018- 2019 വര്‍ഷത്തിലെ ദേശീയ ടേബിള്‍ ടെന്നീസില്‍ കേളത്തിന് വെള്ളിമെഡല്‍ നേടിക്കൊടുത്തത് പീറ്റര്‍ ആയിരുന്നു.
ഇവിടെ ആരംഭം
ഐലന്‍ഡ് ക്ലബിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് മൂന്നു ടേബിളുമായി കോച്ചിങ് ആരംഭിക്കുന്നത്, 2015ല്‍. അഞ്ച് കുട്ടികളുമായാണ് തുടക്കം. കോച്ചിങ് ക്യാംപിലൂടെ കൂടുതല്‍ കുട്ടികള്‍ എത്തിത്തുടങ്ങി. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത് കുട്ടികള്‍ ടേബിള്‍ ടെന്നീസ് പരിശീലനത്തിനായി സ്വയം സന്നദ്ധരായി വന്നു. പ്രതിമാസം ഒരു കുട്ടിക്ക് 100 രൂപയാണ് ഫീസ് നിശ്ചയിച്ചത്. ഒപ്പം പീറ്ററും ഗ്ലോഡിയുമൊക്കെ മത്സരത്തിനിറങ്ങി. പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയികളായി. സംസ്ഥാനത്തെ ഏറ്റവും മികച്ച ടേബിള്‍ ടെന്നീസ് ക്ലബായി ഞാറക്കല്‍ ഐലന്ഡ്് മാറാനും അധികസമയം വേണ്ടി വന്നില്ല. സംസ്ഥാന റാങ്കിങ്ങില്‍ ഈ ക്ലബില്‍ നിന്നുള്ള കുട്ടികളാണ് മുന്നില്‍.
മെഡല്‍ കൊയ്ത് ഐലന്‍ഡ്
ദേശീയ ടീമിനു വേണ്ടി ഐലന്‍ഡ് ക്ലബില്‍നിന്ന് ആറുപേരാണ് മത്സരിച്ചത്. രാജ്യത്തിന്റെ വിജയത്തിനു വേണ്ടിയുള്ള നിര്‍ണായക മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഇവരാണ് ക്ലബിന്റെ ഭാവി വാഗ്ദാനങ്ങളും. പിന്നീട് അണ്ടര്‍ 11ല്‍ കേരള ടീമിലേക്ക് ജോസഫ് മാത്യുവും തിരഞ്ഞെടുക്കപ്പെട്ടതോടെ ഐലന്‍ഡ് ക്ലബ് സംസ്ഥാന തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
കേരള സംസ്ഥാന അണ്ടര്‍ 13 ചാംപ്യന്‍ഷിപ്പ് ബോയ്സ് വിഭാഗത്തില്‍ എറണാകുളം ജില്ലയ്ക്കു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ നാലില്‍ രണ്ടുപേരും ക്ലബിന്റെ താരങ്ങളാണ്. സംസ്ഥാന അണ്ടര്‍ 11 സംഗിള്സിലും ക്ലബില്‍നിന്നുള്ള താരം വെള്ളിമെഡല്‍ നേടി. അണ്ടര്‍ 11 സിംഗിള്‍സില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം ജില്ലയ്ക്ക് വെങ്കലവും നേടിക്കൊടുത്തിട്ടുണ്ട് ഇവിടുത്തെ കുട്ടികള്‍. പെണ്‍കുട്ടികളുടെ സംസ്ഥാന അണ്ടര്‍ 13 സിംഗിൾസിൽ ഗോള്‍ഡ് മെഡല്‍ നേടിയ നാലില്‍ രണ്ടുപേരും ഇവിടുത്തെ കുട്ടിത്താരങ്ങളാണ്. ഇപ്പോള്‍ എറണാകുളം ജില്ലാ ടീമില്‍ കളിക്കുന്ന 11 പേരും ഐലന്‍ഡിന്റെ സംഭാവനയാണ്.
നിരവധി കുട്ടികളാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രൊഫഷനല്‍ കോളജിലടക്കം പ്രവേശനം നേടിയത്. ഐലൻഡ് ക്ലബിനെ കേട്ടറിഞ്ഞ് കൊല്ലം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നടക്കം കുട്ടികള്‍ ടേബിള്‍ ടെന്നീസ് പരിശീലിക്കാന്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന ടൂര്‍ണമെന്റിലടക്കം ഐലന്റ് ക്ലബിനാണ് മേല്‍ക്കോയ്മ. ദേശീയ മത്സരങ്ങളില്‍ വിജയം നേടിയവരും ഏറെയുണ്ട്. വളരെ ചെറുപ്രായത്തില്‍ ടേബിള്‍ ടെന്നീസ് പരിശീലിക്കാന്‍ എത്തുന്നവരാണ് എല്ലാവരും എന്നതാണ് പ്രത്യേകത. ഒമാനില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ പീറ്ററിനും േഗ്ലാഡിക്കും സെലക്ഷന് ഉണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പീറ്റര്‍ പോകുന്നില്ല.
കളിക്കളത്തില്‍ ആധിപത്യം ഉറപ്പിക്കുന്നവരാണ് ഐലന്‍ഡ് ക്ലബില്‍നിന്ന് പരശീലനം നേടുന്നവര്‍. എല്ലാവരും പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവര്‍. ബാറ്റും സ്പോര്‍ട്സ് കിറ്റും വാങ്ങാന്‍ വായ്പ വാങ്ങുന്നവരുടെ മക്കള്‍. ഇവര്‍ക്ക്
സ്പോൺസര്‍ഷിപ്പാണ് പീറ്ററിന്റെ സ്വപ്നം. ഐലന്‍ഡ് ക്ലബിനെ കേട്ടറിഞ്ഞ് ആരെങ്കിലുമൊക്കെ സഹായവുമായി എത്തുമെന്നാണ് വൈപ്പിന്കാരുടെയും പ്രതീക്ഷ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."