മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി: ചെന്നൈയിൽ മാർച്ച് 9ന് പ്രതിനിധി സമ്മേളനം; 10ന് മഹാറാലി
ചെന്നൈ: ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ 75ാം വാർഷികാഘോഷത്തിനു തുടക്കമിട്ടുള്ള സമ്മേളനം മാർച്ച് ഒമ്പത്, 10 തീയതികളിൽ ചെന്നൈയിൽ നടക്കും. സമ്മേളനത്തിന്റെ ഘടനയ്ക്ക് ഓൺലൈനായി ചേർന്ന ദേശീയ നേതൃയോഗം അന്തിമ രൂപം നൽകി.
ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ അധ്യക്ഷനായി. രാഷ്ട്രീയ ഉപദേശകസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്ലാറ്റിനം ജൂബിലി പദ്ധതികൾ വിശദീകരിച്ചു. മാർച്ച് ഒമ്പതിന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഖബർ സിയാറത്തോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ചെന്നൈ നഗരത്തിലെ ബനാത് വാല നഗരിയിൽ പ്രതിനിധി സമ്മേളനം നടക്കും. വൈകിട്ട് ഏഴു മുതൽ സ്‌പെഷൽ എക്‌സിക്യൂട്ടീവ് യോഗം ചേരും.
മാർച്ച് 10ന് രാവിലെ 10ന് 1948 മാർച്ച് 10ന് പാർട്ടിയുടെ പിറവിക്ക് വേദിയായ മദ്രാസ് രാജാജി ഹാളിൽ ദേശീയ കൗൺസിൽ മീറ്റ് ചേരും. വൈകിട്ട് നാലു മുതൽ ചെന്നൈ ഖാഇദെ മില്ലത്ത് നഗരിയിൽ മഹാറാലിയും പൊതുസമ്മേളനവും നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുഖ്യാതിഥിയാകും.
നേതൃയോഗത്തിൽ ദേശീയ ഭാരവാഹികളായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഖുർറം അനീസ് ഉമർ, അബ്ദുർറഹ്മാൻ, അബൂബക്കർ, അബ്ദുൽ ബാസിത്ത്, സി.കെ സുബൈർ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."