റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ ഉക്രൈന് മിസൈല്‍ ആക്രമണം; നാല് സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്
കീവ്: റഷ്യയിലെ താല്‍ക്കാലിക സൈനിക കേന്ദ്രത്തിനു നേരെ ഉക്രൈന് മിസൈല്‍ ആക്രമണം. പടിഞ്ഞാറന്‍ റഷ്യയിലെ അതിര്‍ത്തി നഗരമായ ബെല്‍ഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യ-ഉക്രൈന് അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന സ്ഥലം.
ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റീജിയണല്‍ ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു, എന്നാല്‍ മിസൈല്‍ ആക്രമണത്തില്‍ നാല് റഷ്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമണത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മിസൈല്‍ ആക്രമണം ഉക്രേനിയന്‍ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ റഷ്യയിലെ മില്ലെറാവോ വ്യോമതാവളത്തിനു നേര്‍ക്കും ഉക്രൈന് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇസ്താംബൂളില്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥരുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കൈവില്‍ നിന്നും ചെനിഹിവില് നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങുമെന്ന് റഷ്യ പ്രഖ്യാപിച്ച ദിവസമാണ് സ്ഫോടനം.എന്നാല്‍ റഷ്യയുടെ ഈ പ്രഖ്യാപനം നിഷ്കളങ്കമല്ലെന്ന് ഉക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."