HOME
DETAILS
MAL
ജനനേതാക്കളുടെ രണ്ടാം തരംഗ സംഭാവനകള്‍
backup
April 11 2021 | 04:04 AM
കൊവിഡ് രണ്ടാം തരംഗത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രി എന്തു പറയുന്നു എന്നറിയാന്‍ കാതുകൂര്‍പ്പിച്ചുതന്നെയാണ് കാത്തിരുന്നത്. രാജ്യത്ത് ഒരുപാടാളുകളുടെ ജീവനെടുത്ത ഒരു മഹാവ്യാധി രണ്ടാം ഘട്ട ആക്രമണത്തിനു വരുമ്പോള്‍ രാജ്യം വാഴുന്നയാള്‍ പറയുന്നതിനു കാതോര്‍ക്കല്‍ നമ്മള്‍ ഉത്തമപൗരരുടെ കടമയല്ലേ. നമ്മളാണെങ്കില്‍ കടമ മറന്നു ജീവിച്ചു ശീലിച്ചവരുമല്ല.
അതുമാത്രമല്ല കാര്യം. ഒരു വിപത്ത് ഇല്ലാതാക്കുന്നതിനെക്കുറിച്ചു പറയാന്‍ ഏറ്റവും യോഗ്യര്‍ അതിനെ വെല്ലുവിളിച്ച് ശീലിച്ചവര്‍ തന്നെയാണല്ലോ. ഏതാണ്ട് ഒരുമാസമായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഓടിനടന്ന് മാരകവൈറസിനെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. കേരളമടക്കം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തി. ദോഷം പറയരുതല്ലോ, കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വാക്‌സിനെടുത്താലും ജാഗ്രത തുടരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുമൊക്കെ ദേശ് വാസികളെ നന്നായി ബോധവല്‍കരിച്ച ശേഷമാണ് അദ്ദേഹം ഇറങ്ങിയത്. കൊവിഡിന്റെ രണ്ടാം വരവാണെന്നു കരുതി ജനങ്ങളെ സേവിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ക്കാവില്ലല്ലോ. പിന്നെ സനാതനികള്‍ക്ക് മാനവസേവ മാധവസേവയുമാണ്.
രണ്ടാം തരംഗത്തിനു തുടക്കമായെന്നും രോഗവ്യാപനം കൂടാന്‍ തുടങ്ങുന്ന സമയമാണെന്നും നന്നായി ശ്രദ്ധിക്കണമെന്നുമൊക്കെ ദേശീയ ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന സമയമായിരുന്നെങ്കിലും ശരണം വിളിച്ച സ്ഥലത്തടക്കം പലയിടങ്ങളിലും അദ്ദേഹമെത്തിയത് മാസ്‌ക് പോലും ശരിക്കു ധരിക്കാതെയാണ്. അനുയായികള്‍ പറയുന്നതുപോലെ കൊറോണയെന്നല്ല, അതിന്റെ അമ്മായിയപ്പനെപ്പോലും വെല്ലുവിളിക്കാനുള്ള നെഞ്ചളവ് അദ്ദേഹത്തിനുള്ളതുകൊണ്ട് അതിലൊന്നും കുഴപ്പമില്ലെന്ന് ഇവിടെ സാധാരണക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴചുമത്തുന്ന പൊലിസുകാര്‍ കരുതിക്കാണും. സാധാരണക്കാര്‍ക്ക് നെഞ്ചളവ് കുറവാണല്ലോ. പിന്നെ ജനസേവനത്തില്‍ സാമൂഹ്യ അകലം എന്ന ഒന്നില്ലതാനും. അതുകൊണ്ട് അദ്ദേഹം പോയിടത്തൊക്കെ ആളുകള്‍ തടിച്ചുകൂടുകയുണ്ടായി. അദ്ദേഹത്തിനു പുറമെ അമിത് ഷാ, നിര്‍മല സീതാരാമന്‍ തുടങ്ങി ഭരണപക്ഷത്തെ ദേശീയനേതാക്കളുടെ ഒരു പട തന്നെയെത്തി. എല്ലാവരും കണ്ടമാനം ആള്‍ക്കൂട്ടവുമായി അടുത്തു പെരുമാറിയാണ് തിരിച്ചുപോയത്.
ഇവരൊക്കെ വരുമ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയനേതാക്കള്‍ക്കും വരാതിരിക്കാനാവില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമടക്കം പലരും വന്നു. വല്ലാതെ ജനകീയരാണെന്നു പറയപ്പെടുന്ന രാഹുലിനും പ്രിയങ്കയ്ക്കുമൊന്നും നാട്ടുകാരുടെ സങ്കടങ്ങള്‍ നേരിട്ട് അറിയാതിരിക്കാന്‍ പറ്റില്ലല്ലോ. കടപ്പുറത്തു പോയും കടലില്‍ ചാടിയും അനുയായിവൃന്ദങ്ങള്‍ക്കിടയില്‍ ഓടിനടന്നും അവരും പ്രചാരണം കൊഴുപ്പിച്ചു.
ദേശ് കീ നേതാക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ പ്രദേശ് കീ നേതാക്കള്‍ അടങ്ങിയിരിക്കുന്നത് ശരിയല്ലല്ലോ. സ്ഥിരമായി ചാനലുകളില്‍ കൊവിഡ് കണക്കുകളും പ്രതിരോധ നടപടികളെക്കുറിച്ചുമൊക്കെ നാട്ടുകാരോട് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആള്‍ക്കൂട്ടത്തിലിറങ്ങി. പിണറായി മിക്കയിടങ്ങളിലും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ചുറ്റും അനുയായിക്കൂട്ടങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് ഒട്ടും കുറവുണ്ടായില്ല. ക്യാപ്റ്റന്‍മാര്‍ സാമൂഹ്യ അകലം പാലിച്ച് പടനയിക്കണമെന്ന് ഒരു യുദ്ധശാസ്ത്ര ഗ്രന്ഥവും പറയുന്നില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും അങ്ങനെയില്ല. വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടുപിറകെ അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചു. അതുകഴിഞ്ഞ് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. സാധാരണ കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് ആംബുലന്‍സില്‍ പി.പി.ഇ വസ്ത്രം ധരിപ്പിച്ച് മറ്റാരുമായും ബന്ധപ്പെടാനനുവദിക്കാതെയാണെങ്കില്‍ മുഖ്യമന്ത്രി എത്തിയത് പ്രത്യേക കാറില്‍ സാധാരണ വേഷത്തില്‍. ആശുപത്രിയിലേക്കു നടന്നുകയറിയത് കൊവിഡ് മാനദണ്ഡം പാലിക്കാത്ത അനുചരവൃന്ദത്തോടൊപ്പം. ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ നടന്നു ശീലിച്ചവര്‍ക്ക് അതൊന്നും വലിയ പ്രശ്‌നമല്ല.
ആള്‍ക്കൂട്ടം ലഹരിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യാതൊരു മടിയുമില്ലാതെ നാട്ടുകാര്‍ക്കു നടുവിലായിരുന്നു. കുഞ്ഞൂഞ്ഞിനെക്കണ്ടാല്‍ ഓടിക്കൂടല്‍ കോണ്‍ഗ്രസുകാരുടെ ഒരു രീതിയായതിനാല്‍ പോയിടത്തെല്ലാം വലിയ ആള്‍ക്കൂട്ടമുണ്ടായി. കുഞ്ഞൂഞ്ഞ് അതു നന്നായി ആസ്വദിക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനും കൊവിഡ്. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് ഇരുനേതാക്കളും പറഞ്ഞിട്ടുണ്ട്. സമ്പര്‍ക്കമുണ്ടായിരുന്നവരുടെ എണ്ണം പതിനായിരക്കണക്കിനു വരും.
ആശാന്‍മാര്‍ക്ക് ഒരക്ഷരം പിഴച്ചാല്‍ ശിഷ്യര്‍ക്ക് അമ്പത്തൊന്നു പിഴയ്ക്കുന്നതൊക്കെ കുഞ്ചന്‍ നമ്പ്യാരുടെ കാലത്തായിരുന്നു. ഇക്കാലത്ത് അതു നൂറ്റൊന്നെങ്കിലുമാകും. അതുകൊണ്ട് വലിയ നേതാക്കളെ മാതൃകയാക്കി മറ്റു നേതാക്കളും സ്ഥാനാര്‍ഥികളുമൊക്കെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ആറാടി. കുട്ടികളെ എടുത്തു ലാളിക്കലും വയോധികരെ തൊട്ടുതലോടലുമടക്കമുള്ള തെരഞ്ഞെടുപ്പുകാല ആചാരങ്ങളെല്ലാം തുടര്‍ന്നു. അണികള്‍ അതുകണ്ട് തകര്‍ത്താടി. ഇവരെല്ലാം കേരളത്തിനു നല്‍കിയ മികച്ച സംഭാവനയുടെ കടുപ്പം തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പുതന്നെ അറിയാം. രോഗത്തിന്റെ ആദ്യതരംഗം തുടങ്ങിയ കാലത്ത് ഇങ്ങനെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന പ്രതിപക്ഷത്തെ നേതാക്കളെ മരണത്തിന്റെ വ്യാപാരികള്‍ എന്നാണ് മുഖ്യമന്ത്രിയും അനുയായികളും വിളിച്ചിരുന്നതെങ്കിലും വ്യാപാരി വ്യവസായി ഏകോപനസമിതിക്കാരുടെ വികാരം വ്രണപ്പെടേണ്ടെന്നു കരുതിയാവണം ഇപ്പോള്‍ അങ്ങനെ വിളിക്കാറില്ല.
ആര്‍ക്കും കിട്ടുന്ന ബോംബ്
കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാധാരണ സംഭവമാണ്. പണ്ടുകാലത്ത് പാലം പണിതാല്‍ അതിന് ഉറപ്പുകിട്ടാനായി മനുഷ്യക്കുരുതി നടത്തിയിരുന്നതായി പഴമുറക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെ ഓരോ തെരഞ്ഞെടുപ്പു വേളയിലും നാട്ടുകാര്‍ വോട്ട് ചെയ്ത് രംഗം ശാന്തമായാല്‍ ജനാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ഒരു മനുഷ്യക്കുരുതിയെങ്കിലും നടത്തുന്ന ഒരാചാരം കേരളത്തില്‍ ചില രാഷ്ട്രീയകക്ഷികള്‍ക്കുണ്ട്. വര്‍ഷങ്ങളായി ഒരുപാടാളുകള്‍ അതിനെതിരേ മുറവിളികൂട്ടുന്നുണ്ടെങ്കിലും അതു മുടങ്ങിയിട്ടില്ല. ആരെങ്കിലും പറയുന്നതുകേട്ട് മുടക്കാവുന്നതല്ലല്ലോ ആചാരങ്ങള്‍.
സാധാരണഗതിയില്‍ മനുഷ്യരെ വെട്ടിയോ കുത്തിയോ കൊല്ലുന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ചോരകണ്ടാല്‍ മനസു നോവാത്തവരും മനുഷ്യജീവനെടുക്കുമ്പോള്‍ കൈവിറയ്ക്കാത്തവരുമായ ആര്‍ക്കും ആ കൃത്യം അനായാസം നിര്‍വഹിക്കാം. കേരളത്തിലെ പാര്‍ട്ടികളുടെ മഹാഭാഗ്യത്തിന് അത്തരം നിരവധിയാളുകള്‍ മിക്ക പാര്‍ട്ടികളിലുമുണ്ട്.
എന്നാല്‍ വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലകള്‍ അത്ര ലളിതമല്ല. ഏതു കൊലയിലും ബോംബ് ഒരു അനിവാര്യ ഉപകരണമാണ്. ഒന്നുകില്‍ ബോംബെറിഞ്ഞുതന്നെ കൊല്ലും. അല്ലെങ്കില്‍ ബോംബ് പൊട്ടിച്ച് പരിഭ്രാന്തി പരത്തിയ ശേഷം വെട്ടിയോ കുത്തിയോ കൊല്ലും. ടി.പി ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട മന്‍സൂറുമടക്കം മിക്കയാളുകളെയും കൊന്നത് അങ്ങനെയാണ്. ചില പ്രധാന കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ പടക്കം പൊട്ടിക്കുക എന്നൊരു ആചാരവുമുണ്ടല്ലോ.
കത്തിയും വടിവാളുമൊക്കെ വേണമെങ്കില്‍ ഏതൊരു പാര്‍ട്ടി അനുഭാവിക്കും സംഘടിപ്പിക്കാം. എന്നാല്‍ ബോംബ് അങ്ങനെയല്ല. വിദഗ്ധരായ ആളുകള്‍ അതീവരഹസ്യമായി ഉണ്ടാക്കി അതീവരഹസ്യമായി തന്നെ കൈമാറുന്ന ബോംബ് അങ്ങനെ സാധാരണക്കാര്‍ക്കൊന്നും കിട്ടില്ല. അതു സംഘടിപ്പിക്കണമെങ്കില്‍ ഏതു പാര്‍ട്ടിയിലായാലും ചുരുങ്ങിയത് കുഞ്ഞനന്തന്‍ നിലവാരത്തിലുള്ള നേതാക്കളെങ്കിലും വിചാരിക്കണം. അവര്‍ വിചാരിച്ചാല്‍ തന്നെ അതിനുള്ള പണം സംഘടിപ്പിക്കാനായെന്നും വരില്ല. അതു കണ്ടെത്തണമെങ്കില്‍ അതുക്കും മേലെയുള്ള നേതാക്കള്‍ തന്നെ വിചാരിക്കണം.
എങ്കിലും ഓരോ കൊല നടക്കുമ്പോഴും അതു പ്രാദേശിക വിഷയമാണെന്നും പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ഒരു പങ്കുമില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ വടക്കന്‍ കേരളത്തില്‍ പാര്‍ട്ടികളുടെ സാധാരണ പ്രവര്‍ത്തകര്‍ പോലും വലിയ സ്വാധീനമുള്ളവരും സമ്പന്നരുമായിരിക്കും. നാടിന്റെ ഭാഗ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."