ഹലാൽ മുദ്രണം ഹിമാലയ ഗ്രൂപ്പിനെതിരേ സംഘ്പരിവാർ ബഹിഷ്‌കരണാഹ്വാനം, വിശദീകരണവുമായി കമ്പനി
ന്യൂഡൽഹി
മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയ ഗ്രൂപ്പിന്റെ ഉൽപന്നങ്ങൾക്കെതിരേ സംഘ്പരിവാർ ബഹിഷ്‌കരണാഹ്വാനം. ഹലാൽ മുദ്രണവുമായി ബന്ധപ്പെട്ടാണ് കമ്പനിക്കെതിരേ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.
എന്നാൽ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന കമ്പനിയാണെന്നും വിവിധ രാജ്യങ്ങളിലെ ചട്ടപ്രകാരം ഹലാൽ മുദ്ര പ്രദർശിപ്പിക്കാറുണ്ടെന്നും കമ്പനി വിശദീകരിച്ചു. ചില രാജ്യങ്ങളിൽ ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതുപോലെ ഹിമാലയ ഗ്രൂപ്പിന്റെ ഒരു ഉൽപന്നത്തിലും മാംസം അടങ്ങിയിട്ടില്ല. ഇത്തരം പ്രചാരണം തെറ്റാണെന്നും മാംസങ്ങൾ അടങ്ങിയ ഉൽപന്നങ്ങളിൽ മാത്രമല്ല ഹലാൽ മുദ്രണം ചെയ്യുന്നതെന്നും വെജിറ്റേറിയൻ ഉൽപന്നങ്ങളിലും അത് പല രാജ്യങ്ങളിലും നിർബന്ധമാണെന്നും കമ്പനി വിശദീകരിച്ചു.
കമ്പനിയുടമ മുസ് ലിമാണെന്നും ഹലാൽ ഉൽപന്നമാണ് കമ്പനി വിറ്റഴിക്കുന്നതെന്നുമാണ് ട്വിറ്ററിൽ പ്രചാരണം നടന്നിരുന്നത്. വിദേശ രാജ്യങ്ങളിലെ അനുമതിക്ക് വേണ്ടി ഹലാൽ പോളിസി കമ്പനി വ്യക്തമാക്കിയിരുന്നു. ഇതാണ് സംഘ്പരിവാർ പ്രചാരണത്തിന് ഹേതുവാക്കുന്നത്. ഇസ് ലാമിക ശരീഅത്ത് പ്രകാരം നിരോധിക്കപ്പെട്ട ചേരുവകൾ, ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നില്ലെന്നും ഹലാൽ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് മുസ് ലിം ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന സീനിയർ എക്‌സിക്യുട്ടീവ് മാനേജ്‌മെന്റ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പോളിസിയിൽ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."