മുക്കത്ത് പുതിയ ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു
മുക്കം: മുക്കത്തെ പുതിയ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി പുതിയ ബൈപ്പാസ് യാഥാര്‍ഥ്യമാവുന്നു. മുക്കം കടവ് പാലം പുതിയ ബസ്റ്റാന്റ് ബൈപ്പാസാണ് യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്.
മുക്കത്തിന്റെ വികസനത്തിന് ഏറെ താല്‍പര്യമുളള അഞ്ചു സുമനസ്സുകള്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് പുതിയ ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതിനായി ഹബീബ് റഹ്മാന്‍, ഫസല്‍ റഹ്മാന്‍, അസയിന്‍, സലാം ഓമശേരി, ബി.പി മുഹമ്മദ് എന്നിവരാണ് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയത്.
കോടികള്‍ വിലമതിക്കുന്ന 15 സെന്റോളം ഭൂമിയാണ് ഇവര്‍ സൗജന്യമായി വിട്ടുനല്‍കിയത്. തിരുവമ്പാടി, കാരമൂല, കൂടരഞ്ഞി ,ഗേറ്റുംപടി, കുമാരനെല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഓര്‍ഫനേജ് റോഡ് വഴി മുക്കം മാര്‍ക്കറ്റ് വഴിയാണ് ബസ് സ്റ്റാന്റുകളിലും പ്രധാന റോഡിലും പ്രവേശിക്കുന്നത്. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാവാറുണ്ട്. ഇതിന് പുതിയ ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ പരിഹാരമാവും. റോഡിനായി വണ്‍ ടേം മെയിന്റനന്‍സ് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നഗരസഭ നിവേദനം നല്‍കിയിട്ടുണ്ട്.
സ്ഥലം സര്‍വേ നടത്താന്‍ നഗരസഭാ ചെയര്‍മാന്‍ വില്ലേജ് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. 8 മീറ്റര്‍ വീതിയില്‍ ബി.എം.ബി.സി റോഡാണ് നിര്‍മ്മിക്കുന്നത്. സ്വന്തം കാര്യലാഭത്തിനായി സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവര്‍ക്കിടയില്‍ നാടിന്റെ വികസനത്തിനായി കോടികള്‍ വിലമതിക്കുന്ന സ്ഥലം വിട്ടു നല്‍കി മുക്കത്തുകാര്‍ മാതൃകയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."